തൊടുപുഴ: പാർട്ടി ചെയർമാനായി തന്നെ അംഗീകരിക്കാനാകില്ലെന്ന നിലപാടെടുത്ത് മാറി നിൽക്കുന്ന ജോസ് കെ. മാണി പക്ഷത്തിന് പ്രഹരമേൽപിച്ച് രണ്ടില ചിഹ്നം കാത്ത ജോസഫ് ത ൽക്കാലം പിൻവാങ്ങുന്നു. നിയമപരമായ പോരാട്ടം തുടരുമെങ്കിലും മുന്നണിക്ക് വിധേയനാ യി പാലാ തെരഞ്ഞെടുപ്പിൽ നേതൃപരമായ പങ്കുവഹിച്ച് ഫലപ്രഖ്യാപനം വരുംവരെ മുന്നോട്ടു പോകാനാണ് ജോസഫിെൻറ തീരുമാനമെന്നാണ് സൂചന.
തന്നെ വെല്ലുവിളിച്ച് ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി പ്രഖ്യാപിച്ച നടപടി കോടതി തടഞ്ഞതായിരുന്നു ജോസുമായുള്ള ഏറ്റുമുട്ടലിൽ ജോസഫിെൻറ ആദ്യ ജയം. ഇതിൻമേൽ നൽകിയ അപ്പീൽ തീർപ്പാകാത്തതും കളമറിഞ്ഞ് കരുനീക്കിയതിലൂടെയുമാണ് പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം നിഷേധിച്ച നടപടിക്ക് ഔദ്യോഗിക അംഗീകാരം നേടിയെടുക്കാൻ ജോസഫിന് സാധിച്ചത്. ചിഹ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ യു.ഡി.എഫ് താൽപര്യത്തിനപ്പുറം ജോസഫ് പോയെന്ന മറുപക്ഷത്തിെൻറ ആരോപണവും തട്ടിത്തെറിപ്പിച്ചാണ് ജോസഫ് മുന്നണിക്ക് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തും വെടിനിർത്തൽ സൂചന നൽകിയും വിധേയനാണെന്ന് തെളിയിക്കുന്നത്.
പാർട്ടി ചെയർമാനായി താനും വർക്കിങ് ചെയർമാനായി ജോസ് കെ. മാണിയും ഡെ.ചെയർമാനായി സി.എഫ്. തോമസുമെന്ന േഫാർമുല ജോസ് കെ. മാണി പക്ഷം തള്ളിയതോടെയാണ് ജോസഫ് വാളെടുത്തത്. കെ.എം. മാണി കണക്കിലെടുത്ത തെൻറ സീനിയോറിറ്റി അംഗീകരിച്ച് ചെയർമാൻ പദവി നൽകണമെന്ന ആവശ്യം സഭ മധ്യസ്ഥർ മുഖേനയും നേരിട്ടും മുന്നോട്ടുവെച്ചിട്ടും മറുപക്ഷം ചെയർമാൻ പദവി നൽകാതെ യോജിച്ചുപോകാനില്ലെന്ന നിലപാട് സ്വീകരിച്ച് രണ്ടായതോടെ നിയമവഴി തേടിയ ജോസഫിെൻറ ഉറച്ചചുവടുകളാണ് വർഷങ്ങളായി കേരള കോൺഗ്രസ് മാണി വിഭാഗത്തിെൻറ പ്രതീകമായിരുന്ന രണ്ടില ചിഹ്നം പാലാ ഉപതെരഞ്ഞെടുപ്പിൽ നഷ്ടപ്പെടുത്തിയത്. 1987ലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ഏറെ സമാനതകളുണ്ട്.
കേരള കോൺഗ്രസ് രൂപംകൊണ്ടശേഷം 1965ൽ കെ.എം. മാണി ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ചതു മുതൽ 1987വരെ കുതിരചിഹ്നത്തിലാണ് ജനവിധി തേടിയത്. കെ.എം. മാണിയുടെ രാഷ്്ട്രീയ പടയോട്ടത്തിെൻറ പ്രതീകമായി കരുതിയിരുന്ന കുതിര ഇതിനുശേഷം ജോസഫ് വിഭാഗത്തിേൻറതാകുന്നതാണ് കണ്ടത്. പിന്നീട് മാണിവിഭാഗത്തിനു രണ്ടിലയായി ചിഹ്നം. അന്ന് കുതിരചിഹ്നം മാണി വിഭാഗത്തിനു കൈവിട്ടുപോയത് ’84 മുതൽ പാർട്ടിയിൽ അരങ്ങേറിയ ലയന-പിളർപ്പ് നാടകങ്ങൾക്കൊടുവിലായിരുന്നു.
മാണിയുടെ സ്വന്തം ചിഹ്നം ഇനിയങ്ങോട്ട് കൈകാര്യം ചെയ്യുക മിക്കവാറും മാണിയിൽ ലയിച്ച ജോസഫാകും. താൻ നേതൃത്വം നൽകുന്നതാണ് കേരള കോൺഗ്രസ് എം പാർട്ടിയെന്ന അംഗീകാരം നേടിയെടുക്കുംവരെ ജോസഫ് വിശ്രമിക്കില്ലെന്നും ഇക്കാരണത്താൽ പാലാ തെരഞ്ഞെടുപ്പിനു ശേഷം ഇദ്ദേഹം ഈ വഴിയിൽ തെൻറ ‘യുദ്ധം’ തുടരുമെന്നും ജോസഫ് പക്ഷം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.