മലപ്പുറം: സ്ഥാനാർഥിത്വത്തിനായി ഉയർന്ന പേരുകളെല്ലാം ചർച്ച ചെയ്ത ശേഷമായിരുന്നു മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കാനുള്ള ഉന്നതാധികാര സമിതി തീരുമാനം. പ്രവർത്തക സമിതിക്ക് ശേഷം പാണക്കാട്ട് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സ്ഥാനാർഥിത്വത്തിനായി താൽപര്യം പ്രകടിപ്പിച്ചവരുടെയെല്ലാം പേരുകൾ ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് ഹൈദരലി തങ്ങളെ ധരിപ്പിച്ചു.
മറ്റൊരു ഉപതെരഞ്ഞെടുപ്പ് കൂടി അടിച്ചേൽപിക്കുന്നതിനെതിരെ വിമർശനമുയരുമെന്നതിനാൽ സ്ഥാനാർഥിത്വത്തിനായി പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തിൽ അവകാശവാദമുന്നയിച്ചിരുന്നില്ല. മുന്നിൽവന്ന പേരുകളെല്ലാം ചർച്ച ചെയ്തശേഷം ഇ. അഹമ്മദിെൻറ വിടവ് നികത്താൻ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർഥിയാകണമെന്ന പൊതു അഭിപ്രായം രൂപപ്പെടുകയായിരുന്നു.
മലപ്പുറത്ത് ഇ. അഹമ്മദിനുണ്ടായിരുന്ന ഭൂരിപക്ഷം നിലനിർത്തുകയെന്ന വെല്ലുവിളി അതിജയിക്കാൻ മറ്റൊരാളെ സ്ഥാനാർഥിയായി നിർത്തുന്നതിലൂടെ സാധ്യമാകില്ലെന്ന് യോഗം വിലയിരുത്തി. മുസ്ലിം ലീഗിെൻറ ചരിത്രത്തിൽ ലോക്സഭയിലേക്ക് അയച്ചവരെല്ലാം പ്രഗൽഭരാണ്. ഇൗ പട്ടികക്ക് പുറത്തുനിന്ന് മത്സരിച്ച കെ.പി.എ. മജീദ് മുമ്പ് മഞ്ചേരിയിൽ പരാജയപ്പെട്ടതും നേതൃത്വം വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ പാർട്ടി നേരിടുന്ന വെല്ലുവിളികൾ അതിജയിക്കാൻ മലപ്പുറത്ത് തിളക്കമാർന്ന വിജയം അനിവാര്യമായതിനാൽ മറ്റു പേരുകൾ തൽക്കാലം പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
കുഞ്ഞാലിക്കുട്ടി ഇപ്പോൾ വഹിക്കുന്ന പ്രതിപക്ഷ ഉപനേതാവെന്ന സ്ഥാനം ആലങ്കാരികം മാത്രമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യം പരിഗണിച്ച് കുഞ്ഞാലിക്കുട്ടിയെ മാറ്റിനിർത്തേണ്ടതില്ല. പാർലമെൻറിൽ എത്തിയാലും കേരളത്തിലെ യു.ഡി.എഫ് പ്രവർത്തനങ്ങളിൽ കുഞ്ഞാലിക്കുട്ടിക്ക് ശ്രദ്ധ ചെലുത്താനാകുമെന്നും വിലയിരുത്തലുണ്ടായി.
നേരത്തെ റോസ് ലോഞ്ച് ഒാഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക സമിതിയിൽ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ചർച്ചയേ നടന്നിരുന്നില്ല. ദേശീയ രാഷ്ട്രീയത്തിലും താനൂർ അക്രമത്തിലും ചർച്ച നീണ്ടപ്പോൾ കെ.പി.എ. മജീദും പി.കെ. കുഞ്ഞാലിക്കുട്ടിയും തെരഞ്ഞെടുപ്പ് കൂടി വിഷയമാക്കാൻ ആവശ്യപ്പെട്ടു. ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ അനുയോജ്യനായ സ്ഥാനാർഥിയെ നിയോഗിക്കണമെന്നും ഇ. അഹമ്മദിനുണ്ടായിരുന്ന ഭൂരിപക്ഷം വർധിപ്പിച്ചില്ലെങ്കിൽ അത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും ചില അംഗങ്ങൾ പറഞ്ഞു.
‘ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു ഉപതെരഞ്ഞെടുപ്പിന് കൂടി നമ്മൾ കളമൊരുക്കണമോ’ എന്ന കെ.കെ. മുഹമ്മദിെൻറ സന്ദേഹത്തിൽ വിഷയം ഒതുങ്ങി. കുഞ്ഞാലിക്കുട്ടി മത്സരിച്ചാൽ വേങ്ങരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു മുഹമ്മദിെൻറ പരാമർശം. എന്നാൽ, ഇൗ വിഷയം മറ്റാരും ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, സ്ഥാനാർഥി സാധ്യതയുള്ള ഒരാളുടെയും പേര് പറയാൻ അംഗങ്ങൾ തയാറായില്ല.
പാർലമെൻററി ബോർഡ് യോഗത്തിന് മുമ്പ് പ്രവർത്തക സമിതി ചേർന്ന് പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തുകയെന്ന കീഴ്വക്കം മാത്രമായിരുന്നു നടന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഒരു സംഘടനയെയും പ്രകോപിപ്പിക്കാതെ എല്ലാവരുടെയും പിന്തുണ തേടുന്ന നയമാണ് രൂപപ്പെടുത്തേണ്ടത്. എങ്കിൽ മാത്രമേ ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം മറികടക്കാനാവൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിപക്ഷം കുറയുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറാണ് വിശദീകരിച്ചത്. യു.പിയിലെ തെരഞ്ഞെടുപ്പ് ഫലം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഒരുകാലത്ത് ദേശീയതലത്തിൽ ന്യൂനപക്ഷ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തത് മുസ്ലിം ലീഗായിരുന്നുവെന്നും ഇപ്പോൾ അത് തീവ്രചിന്താഗതി പുലർത്തുന്ന അസദുദ്ദീൻ ഉവൈസിയുടെയും മറ്റും കൈകളിലെത്തിയതായി തുടർന്ന് സംസാരിച്ച അംഗങ്ങൾ ചൂണ്ടിക്കാട്ടി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേതൃത്വം ക്ഷയിക്കുന്ന സാഹചര്യത്തിൽ മതേതര ചിന്താഗതി പുലർത്തുന്ന മുഴുവൻ സംഘടനകളുടെയും സഹായത്തോടെ ലീഗ് ന്യൂനപക്ഷങ്ങളുടെ ദേശീയ നേതൃത്വം തിരിച്ചുപിടിക്കണം. ഉത്തരേന്ത്യൻ സാഹചര്യത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യം പരിഹരിക്കുകയാണ് അവരെ കൂടെനിർത്താനുള്ള പോംവഴിയെന്നും അംഗങ്ങൾ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.