ഇ. അഹമ്മദിന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ സ്ഥാനത്തേക്ക് പ്രൊഫ.ഖാദര്‍മൊയ്തീനെയും, ജനറല്‍ സെക്രട്ടറിയായി പി.കെ.കുഞ്ഞാലിക്കുട്ടിയെയും ചെന്നെയില്‍ ഇന്ന് ചേര്‍ന്ന മുസ്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിമാരിലൊരാളായ ഇ.ടി.മുഹമ്മദ്ബഷീറിനെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായും, നിലവിലെ ട്രഷറര്‍ ആയിരുന്ന കുഞ്ഞാലിക്കുട്ടി ദേശീയ സെക്രട്ടറിയായതോടെ വന്ന ഒഴിവിലേക്ക് പി.വി.അബ്ദുല്‍വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു. മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയെ ഒരു ടീമായി ദേശീയ തലത്തില്‍ ചലിപ്പിക്കുമെന്ന് പുതിയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ യോഗത്തിന്‍െറ സമാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ചുവെന്നാണ് വിവരം.
ഇ.അഹമ്മദിന്‍െറ പിന്‍ഗാമിയായി മുസ്ലിംലീഗിന്‍െറ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലിക്കുട്ടിക്ക് ഇത് ആത്യന്തികമായ ഒരു ‘വിധി’യാണ്. കൃത്യമായും 25 വര്‍ഷം പഴക്കമുളള്ള ഒരു നാടകീയ തീരുമാനത്തിന്‍െറ പിന്തുടര്‍ച്ചാവകാശിയാവുകയാണ് പി.കെ.കുഞ്ഞാലിക്കുട്ടി.
കേരള രാഷ്ട്രീയത്തില്‍ നിന്ന് മനസില്ലാതെ ഇ.അഹമ്മിദിനെ ഇബ്രാഹിം സൂലൈമാന്‍സേട്ടുവിന്‍െറയും, ബനാത്ത് വാലയുടെ ഭൂമികയിലേക്ക് പറിച്ചു നട്ടതിന്‍െറ അണിയറ നാടകീയത അന്നത്തെ ലീഗ് തലമുറക്ക് അറിയാവുന്ന രഹസ്യമാണ്.കേരള രാഷ്ട്രീയത്തില്‍ മന്ത്രിയും നിയമസഭയില്‍ പാര്‍ട്ടിയുടെ ഒന്നാമനായും ഉയര്‍ന്നു നിന്നിരുന്ന അഹമ്മദിന് കേരളത്തില്‍ നിന്ന് പോകാന്‍ അന്ന് മനസ്സില്ലായിരുന്നു. പക്ഷെ, ഇവിടെ ‘കുഞ്ഞാലിക്കുട്ടിയുഗ’ത്തിന്‍െറ ആരംഭം കുറിച്ചു കൊണ്ട് അഹമ്മദിനെ കേന്ദ്രത്തിലേക്ക് അയച്ചു. അഹമ്മദിനെ കേന്ദ്രത്തിലേക്ക് ‘പാര്‍സല്‍ചെയ്തു’ എന്ന് എതിരാളികള്‍ കളിയാക്കി. ഇബ്രാഹിംസുലൈമാന്‍ സേട്ടുവും ബനാത്ത് വാലയും കേന്ദ്ര നേതൃത്വത്തിലും പ ാര്‍ലമെന്‍റിലും ലീഗിന്‍െറ ജ്വലിക്കുന്ന നാവായി നിലനില്‍ക്കുമ്പോഴായിരുന്നു അഹമ്മദിന്‍െറ നിയോഗം. പക്ഷെ, അഹമ്മദ് മുസ്ലിംലീഗില്‍ ഒരു നേതാവിനും അവകാശപ്പെടാനില്ലാത്ത ദേശീയ-അന്തര്‍ദേശീയ ബന്ധവൈപുല്യം നേടി. അന്ന് അഹമ്മദ് ഡല്‍ഹിക്ക് പറന്നത് മനസ്സില്ലാതെയാണെങ്കില്‍, ഇന്ന് അഹമ്മദ് തീര്‍ത്തു വെച്ച ഡല്‍ഹി ദൗത്യത്തിന്‍െറ പിന്തുടര്‍ച്ചക്കാരനായി കുഞ്ഞാലിക്കുട്ടി കടന്ന് പോകുന്നു എന്നതാണ് കൗതുകകരം.
1982 മുതല്‍ 87 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ തിളങ്ങി നിന്ന മുസ് ലിംലീഗിന്‍െറ വ്യവസായ മന്ത്രിയായിരുന്നു ഇ.അഹമ്മദ്. 1987ല്‍ അഹമ്മദ് താനൂരില്‍ നിന്ന് വീണ്ടും നിയമസഭയിലത്തെുമ്പോള്‍ കേരളത്തിന്‍െറ അധികാര സ്ഥാനം ഇടത് മുന്നണിയുടെ കയ്യിലായിരുന്നു. 1991ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിന്‍െറ ശീലമനുസരിച്ച് യു.ഡി.എഫ്. തിരിച്ചുവരുമെന്ന് ഉറപ്പാണ്. അപ്പോഴാണ് അഹമ്മദില്ലാത്ത മുസ്ലിംലീഗിന്‍െറ നിയമസഭാ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയത്. പാര്‍ലിമെന്‍റില്‍ നിന്ന് ബനാത്ത് വാലയെ ഒഴിവാക്കി അഹമ്മദിനെ മല്‍സരിപ്പിച്ചു. ഡല്‍ഹിയിലേക്ക് പോയ അഹമ്മദ് പക്ഷെ, കേരളത്തിലെ കാര്യങ്ങളില്‍ അതിസൂക്ഷ്മമായ ഇടപെടലോടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ തന്‍െറതായ ഭൂമിക കെട്ടിപ്പൊക്കിയത്. കേരളത്തിലെ പാര്‍ട്ടി കാര്യങ്ങളില്‍ അഹമ്മദിന്‍െറ ഇടപെടല്‍ കുഞ്ഞാലിക്കുട്ടിയുമായുള്ള രഹസ്യമായ കൊമ്പ് കോര്‍ക്കലായി മാറി. മാറാട് പള്ളി പ്രവേശനമുള്‍പ്പെടെ അഹമ്മദിന്‍െറ കേരളത്തിലെ ശക്തമായ ഇടപെടലായിരുന്നു. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കുഞ്ഞാലിക്കുട്ടി വേട്ടയാടപ്പെട്ടപ്പോഴും പിരിമുറുക്കം കൂടിയതേ ഉള്ളു. ഒടുവില്‍ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി കുറ്റിയറ്റുവീണത് പോലും ഈ പിരിമുറുക്കത്തിന്‍െറ തുടര്‍ച്ചയായിരുന്നു. പിന്നീട് കോട്ടക്കലില്‍ ചേര്‍ന്ന മുസ് ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നിഷ്കാസിതനാക്കി അഹമ്മദ് ആ പദവി ഏറ്റെടുക്കുന്നേടത്ത് പരിണാമം വിസ്മയകരമായി മാറി.
കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനമേറ്റതിന് ശേഷവും അഹമ്മദ് കുഞ്ഞാലിക്കുട്ടിയുമായുള്ള ആഭ്യന്തരമായ ആശയ സംവാദം തുടര്‍ന്നു. പക്ഷെ, അഹമ്മദിന്‍െറ അസാധാരണമായ ദേശീയ-അന്തര്‍ദേശീയ ബന്ധബ ാഹുല്യത്തിന് മുന്നില്‍ എല്ലാം എരിഞ്ഞടങ്ങുകയായിരുന്നു. പാര്‍ട്ടിക്ക് ദേശീയ ആസ്ഥാനം വന്നാല്‍ കുഞ്ഞാലിക്കുട്ടി എം.പി.യുമായാല്‍ തന്‍െറ രാഷ്ട്രീയ തട്ടകം ഡല്‍ഹിയ കേന്ദ്രീകരിക്കുമെന്ന് കരുതാവതല്ല. കാരണം, സ്വന്തം തട്ടകമായ കേരളത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കഴിയാത്ത വിധം കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഇവിടെ നിറഞ്ഞു നില്‍ക്കുന്നതാണ്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്‍െറ മേല്‍വിലാസം തന്നെ കേരളത്തിന്‍െറ പ്രൗഡിയോടൊപ്പം ചേര്‍ന്ന ഒന്നായതിനാല്‍, ഇവിടെ നടക്കുന്ന രാഷ്ട്രീയമായ എല്ലാ ചലനങ്ങളിലും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഇനിയും ഉണ്ടാവും.
പക്ഷെ, അഹമ്മദിനെപ്പോലെ ഡല്‍ഹി ഭൂമിക വികസിപ്പിച്ചു കൊണ്ട് കേരള കാര്യങ്ങളില്‍ സജീവമായി ഇടപെടാവുന്ന മെയ് വഴക്കം കുഞ്ഞാലിക്കുട്ടിക്ക് ഇനിയും നേടിയെടുക്കാനുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ അഹമ്മദിനെപ്പോലെ കുഞ്ഞാലിക്കുട്ടിക്ക് നിറഞ്ഞു നില്‍ക്കാനായില്ലെങ്കില്‍ മുസ്ലിംലീഗിന് ചുണയുള്ള നേതൃത്വമില്ലാത്തിന്‍െറ വിടവ് പ്രകടമാവും. പുതിയ ദേശീയ അധ്യക്ഷനും, ജനറല്‍ സെക്രട്ടറിയും, ഓര്‍ഗനൈസിങ് സെക്രട്ടറിയും ചേര്‍ന്ന് ദേശീയതലത്തില്‍ മുസ്ലിംലീഗിനെ എങ്ങിനെ പടുത്തുയുര്‍ത്തുന്നുവെന്ന് കാലം തെളിയിക്കാനിരിക്കുകയാണ്. അതേസമയം, കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റിലേക്ക് പോവുകയാണെങ്കില്‍ കേരളത്തിലെ നിയമസഭാ രാഷ്ട്രീയത്തില്‍ മുസ്ലിംലീഗിന് പുതിയ നേതൃത്വം ഉയര്‍ന്നു വരുമെന്ന് ഉറപ്പാണ്. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവെന്ന നിലയില്‍ എം.കെ.മുനീറിനെയാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.