മലപ്പുറം: അഞ്ച് വർഷത്തിനിടെ ജില്ലയിൽ നടന്ന വിവിധ രാഷ്ട്രീയപാർട്ടികളുടെ സമരങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തതും കൂടുതൽ പ്രവർത്തകരെ പ്രതിചേർത്തതും എസ്.ഡി.പി.ഐക്കെതിരെയെന്ന് ആഭ്യന്തര വകുപ്പ് കണക്കുകൾ.
2018 മേയ് മുതലുള്ള കണക്കുകളിലാണ് വിവിധ രാഷ്ട്രീയപാർട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ. അഞ്ച് വർഷത്തിനിടെ 231 കേസുകളാണ് എസ്.ഡി.പി.ഐക്കെതിരെയും അനുബന്ധ സംഘടനകൾക്കെതിരെയും പൊലീസ് രജിസ്റ്റർ ചെയ്തത്. മുസ്ലിം ലീഗാണ് കേസുകളുടെ കാര്യത്തിൽ ജില്ലയിൽ രണ്ടാമത്. 192 കേസുകളാണ് ലീഗിനും അനുബന്ധ സംഘടനകൾക്കുമെതിരെ സമരങ്ങളുടെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തത്.
കോൺഗ്രസിനെതിരെ 146 കേസും സി.പി.എമ്മിനെതിരെ 133 കേസും ബി.ജെ.പിക്കെതിരെ 57 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്ത പാർട്ടി സി.പി.ഐയാണ്. രണ്ട് കേസ് മാത്രമാണ് സി.പി.ഐക്കെതിരെയുള്ളത്.
വിവിധ കേസുകളിലായി ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പ്രതിചേർത്തതും എസ്.ഡി.പി.ഐ, നിരോധിത സംഘടനകളായ പോപുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ്. ഈ സംഘടനകളുടെ 2954 പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് എന്നീ സംഘടനകളുടെ 1605 പ്രവർത്തകർക്കെതിരെയും കേസെടുത്തു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിള കോൺഗ്രസ് എന്നിവരുടെ 1482 പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളുടെ 1039 പേർക്കെതിരെയും കേസെടുത്തു. ബി.ജെ.പി, യുവമോർച്ച, എ.ബി.വി.പി, മഹിള മോർച്ച, ആർ.എസ്.എസ് എന്നീ സംഘടനകളുടെ 570 പേർക്കെതിരെയും കേസെടുത്തു.
വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി സംഘടനകളുടെ 174 പ്രവർത്തകരെയും ഇക്കാലയളവിൽ വിവിധ കേസുകളിൽ പൊലീസ് പ്രതിചേർത്തതായും ആഭ്യന്തര വകുപ്പിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.
രാഷ്ട്രീയ പാർട്ടി കേസുകൾ പ്രതിചേർക്കപ്പെട്ടവർ
എസ്.ഡി.പി.ഐ 231 2954
മുസ്ലിം ലീഗ് 192 1605
കോൺഗ്രസ് 146 1482
സി.പി.എം 133 1039
ബി.ജെ.പി 57 570
വെൽഫെയർ പാർട്ടി 14 174
പി.ഡി.പി 5 59
സി.പി.ഐ 2 26
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.