ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാവുകയും പ്രമുഖ പാർട്ടികൾ പിന്തുണ വ്യക്തമാക്കുകയും ചെയ്തതോടെ കാര്യങ്ങൾ എൻ.ഡി.എ നോമിനി രാംനാഥ് കോവിന്ദിന് അനുകൂലം. മികച്ച ഭൂരിപക്ഷത്തോടെ കോവിന്ദ് തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യതയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിലെ അവസ്ഥയനുസരിച്ച് കോവിന്ദിന് 62 ശതമാനത്തോളം വോട്ട് ലഭിക്കാനാണ് സാധ്യത. പ്രതിപക്ഷ സ്ഥാനാർഥി മീര കുമാറിന് 34 ശതമാനത്തോളം വോട്ട് ലഭിക്കും. മികച്ച ഭൂരിപക്ഷമായിരിക്കുമെങ്കിലും നിലവിലെ പ്രസിഡൻറ് പ്രണബ് ലഭിച്ച 69 ശതമാനം വോട്ടിന് അടുത്തെത്താൻ കോവിന്ദിനാവില്ലെന്നാണ് കരുതപ്പെടുന്നത്.
10,98,903 വോട്ടാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇലക്ടറൽ കോളജിലുള്ളത്. മുഴുവൻ വോട്ടുകളും പോൾ ചെയ്യുകയാണെങ്കിൽ വിജയിക്കാൻ 5,49,452 വോട്ടാണ് വേണ്ടത്. ബി.ജെ.പി, ശിവസേന, ടി.ഡി.പി, എസ്.എ.ഡി, എൽ.ജെ.പി, ബി.ജെ.ഡി, ജെ.ഡി.യു, ടി.ആർ.എസ്, എ.െഎ.ഡി.എം.കെ, വൈ.എസ്.ആർ തുടങ്ങിയ പാർട്ടികളുടെ വോട്ട് ഉറപ്പായതോടെ ചുരുങ്ങിയത് 6,82,677 വോട്ടുകൾ എൻ.ഡി.എ സ്ഥാനാർഥിക്ക് ലഭിക്കും.
കോൺഗ്രസ്, ടി.എം.സി, എൻ.സി.പി, ആർ.ജെ.ഡി, സി.പി.എം, എസ്.പി, എ.െഎ.ഡി.യു.എഫ്, െഎ.യു.എം.എൽ, ജെ.ഡി.എസ്, ജെ.എം.എം, ഡി.എം.കെ തുടങ്ങിയ കക്ഷികളുടെ വോട്ടടക്കം 3,76,261 ആണ് മീര കുമാറിന് ഉറപ്പായ വോട്ടുകൾ. എ.എ.പി, െഎ.എൻ.എൽ.ഡി, എ.െഎ.എം.െഎ.എം തുടങ്ങിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും അടക്കം 39,965 വോട്ടുകളാണ് ആർക്കു പോവുമെന്ന് തീരുമാനമാവാതെയുള്ളത്. ഇതാർക്കു ലഭിച്ചാലും ഫലത്തിൽ നിർണായകമാവാനിടയില്ല. 2012 തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്ക് 7,13,763 വോട്ടും (69.31 ശതമാനം) 2007ൽ പ്രതിഭ പാട്ടീൽ 6,38,116 വോട്ടുമാണ് (65.82 ശതമാനം) നേടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.