കോഴിക്കോട്: എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെക്കൂടി മുന്നണിയിലെടുക്കാൻ തീരുമാനിച്ചതോടെ 11 കക്ഷികളുടെ ജംബോ മുന്നണിയായി എൽ.ഡി.എഫ് മാറി. അതേസമയം, ഘടകകക്ഷികളുടെ അതൃപ്തിയും മുറുമുറുപ്പും മുന്നണിക്കകത്ത് കൂടുന്നതായാണ് അറിയുന്നത്. വ്യാഴാഴ്ച ചേർന്ന മുന്നണിയോഗത്തിൽ ഘടകകക്ഷികളിൽ പലരും ഇതുസംബന്ധിച്ച ആശങ്ക പ്രകടമാക്കുകയും ചെയ്തു.
ജോസ് കെ. മാണി വിഭാഗത്തിന് അർഹിക്കുന്നതിലപ്പുറം പ്രാധാന്യം നൽകുന്നതിലല്ല, പതിറ്റാണ്ടായി മുന്നണിയോടൊപ്പമുള്ള തങ്ങളെ അവഗണിക്കുന്നതിലാണ് ചെറുകിട കക്ഷികൾക്ക് പരാതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം തുടങ്ങിയതോടെയാണ് മുറുമുറുപ്പ് മറനീക്കി യത്. നിലവിൽ ഓരോ കക്ഷിയുടെയും കൈയിലുള്ള സീറ്റുകളിൽ അവർക്ക് മത്സരിക്കാമെന്ന സി.പി.എം നിർദേശത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോവുന്നത്.
ചില ജില്ലകളിൽ കൈയിലുള്ള വിരലിലെണ്ണാവുന്ന സീറ്റുകൾപോലും പിടിച്ചെടുക്കാനുള്ള സി.പി.എമ്മിെൻറ പ്രാദേശിക കമ്മിറ്റികളുടെ നിലപാടിൽ കടുത്ത പ്രതിഷേധമുണ്ട്. ജോസ് കെ. മാണി വിഭാഗത്തിെൻറ സ്വാധീനം മധ്യതിരുവിതാംകൂറിലെ ഏതാനും ജില്ലകളിൽ ഒതുങ്ങുന്നതാണെങ്കിലും ആ പാർട്ടിയുടെ പേരിൽ മലബാറിലെ മിക്ക ജില്ലകളിലും വിലപേശൽ നടക്കുന്നതാണ് പ്രതിഷേധത്തിനു കാരണം.
എൽ.ജെ.ഡി, ഐ.എൻ.എൽ, ജനതാദൾ-എസ്, എൻ.സി.പി തുടങ്ങിയ പാർട്ടികൾ വിഷയത്തിൽ മുന്നണി ജില്ലനേതൃത്വവുമായി പരാതി ബോധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷം മുന്നണിക്ക് പുറത്തുനിൽക്കുമ്പോൾ കിട്ടിയ പരിഗണനപോലും ഘടകകക്ഷിയായ ശേഷം ലഭിക്കുന്നില്ല എന്ന പരാതി ഐ.എൻ.എല്ലിനുണ്ട്.
പാലാ അസംബ്ലി സീറ്റിെൻറ കാര്യത്തിൽ എൻ.സി.പി ഉറച്ചനിലപാടിലാണെന്നിരിക്കെ, ജോസ് കെ. മാണിയുടെ വരവ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്തതരത്തിൽ കൈകാര്യംചെയ്യേണ്ടത് സി.പി.എം നേതൃത്വത്തിെൻറ ബാധ്യതയാണെന്നാണ് ഒരു ഘടകകക്ഷി നേതാവ് അഭിപ്രായപ്പെട്ടത്. പുതുതായി എത്തുന്ന ഒരു പാർട്ടിക്കുവേണ്ടി മുന്നണി രൂപവത്കരണ കാലംതൊട്ട് ഉറച്ചുനിൽക്കുന്ന പാർട്ടിയെ ബലികഴിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച നടന്ന മുന്നണിയോഗത്തിൽ എൽ.ജെ.ഡി, ഐ.എൻ.എൽ, എൻ.സി.പി നേതാക്കൾ തങ്ങളുടെ ആശങ്ക തുറന്ന് പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളുമെന്നും പരമാവധി വിട്ടുവീഴ്ചചെയ്യുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇവരെ സമാധാനിപ്പിച്ചത്.
തിരുവനന്തപുരം: ഉപാധിയില്ലാതെ നയത്തിെൻറ അടിസ്ഥാനത്തിലാണ് കേരള കോൺഗ്രസ് -എം എൽ.ഡി.എഫിെൻറ ഭാഗമായതെന്ന് കൺവീനർ എ. വിജയരാഘവൻ. നിയമസഭാ സീറ്റ് വിഭജനം മുന്നണി ചർച്ച ചെയ്തില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സീറ്റ് വിഭജനം നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ച ചെയ്യും. രാജ്യസഭാ സീറ്റ് വിഷയവും ചർച്ചയിൽ വന്നില്ല. ഘടകകക്ഷികൾ ഒരാശങ്കയും ഇല്ലാതെയാണ് കേരള കോൺഗ്രസിനെ സ്വാഗതം ചെയ്തത്. ധാരാളം പാർട്ടികളും ഗ്രൂപ്പുകളും എൽ.ഡി.എഫിനോട് സഹകരിക്കുന്നുണ്ടെന്നും തുടർന്നും സഹകരിക്കുമെന്നും ആർ.എസ്.പി (എൽ) യെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു. കേരള കോൺഗ്രസ് വിഭാഗങ്ങൾ ലയിച്ച് ഒന്നാവുന്നതും ചർച്ച ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.