ജയ്പുർ: രാജസ്ഥാൻ പിടിക്കൽ ഇത്തവണ ബി.ജെ.പിക്ക് അത്ര എളുപ്പമാകില്ല. ഭരണകക്ഷിയാണെങ്കിലും നിരവധി വെല്ലുവിളികളാണ് പാർട്ടിക്ക് മുന്നിലുള്ളത്. മുഖ്യമന്ത്രിയായി വസുന്ധര രാജെയെ തന്നെയാണ് മുന്നോട്ട് വെക്കുന്നതെങ്കിലും ഭരണവിരുദ്ധ വികാരമാണ് വലിയ വെല്ലുവിളി. പാർട്ടിക്കകത്തെ പോരും തിരിച്ചടിയാണ്. 2013ൽ, 200ൽ 163 സീറ്റും തൂത്തുവാരിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. എന്നാൽ, ഇത്തവണ കോൺഗ്രസ് പ്രതീക്ഷയിലാണ്. ഇൗ വർഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ വിജയമാണ് ആത്മവിശ്വാസം കൂട്ടുന്ന പ്രധാന ഘടകം. ഇതുവരെ നടന്ന അഭിപ്രായ സർവേകളെല്ലാം കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. എന്നാൽ, ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി എന്നതിൽ പാർട്ടിക്ക് നിശ്ചയം പോരാ. കോൺഗ്രസ് അധ്യക്ഷൻ സചിൻ പൈലറ്റ് സംസ്ഥാനമാകെ നടത്തിയ പ്രചാരണത്തിലൂടെ മികച്ച പ്രതിച്ഛായ സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഹൈകമാൻഡ് തീരുമാനിക്കും എന്നാണ് അദ്ദേഹത്തിെൻറ മറുപടി. എന്നാൽ, മുൻ മുഖ്യമന്ത്രിയും എ.െഎ.സി.സി ജനറൽ സെക്രട്ടറിയുമായ അശോക് ഗെഹ്ലോട്ടിനും മുഖ്യമന്ത്രി പദവിയിലേക്ക് നോട്ടമുണ്ട്.
ബി.ജെ.പിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്ത് പൗരത്വപ്പട്ടിക പ്രശ്നം ഉയർത്തിയത് ന്യൂനപക്ഷങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി വസുന്ധര രാജെയുമായി നല്ല ബന്ധത്തിലല്ല അദ്ദേഹം. കോൺഗ്രസിനും സ്ഥാനാർഥി നിർണയം കീറാമുട്ടിയാണ്. നിലവിലെ 25 പാർട്ടി എം.എൽ.എമാർക്ക് സീറ്റ് കിട്ടാൻ സാധ്യതയില്ലെന്നാണ് ഇൗയാഴ്ച ജയ്പൂരിലെത്തിയ മുതിർന്ന പാർട്ടി നേതാവ് കുമാരി ഷെൽജ പറഞ്ഞത്. അടുത്തയാഴ്ച കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കും. ഭരണകക്ഷിക്കെതിരായ ജനവികാരം നേട്ടമാകുമെന്ന കണക്കു കൂട്ടലിലാണ് കോൺഗ്രസ്. ഇത് തിരിച്ചറിഞ്ഞ ബി.ജെ.പി കോൺഗ്രസിൽ വിള്ളലുണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. അടുത്ത ആഴ്ചകളിലായി ഇരു പാർട്ടികളും മെനയുന്ന തന്ത്രങ്ങളായിരിക്കും സംസ്ഥാനം ആരുടെ കൂടെ നിൽക്കുമെന്ന് നിർണയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.