ജയ്പുർ: കോൺഗ്രസും ബി.ജെ.പിയും ശക്തമായ പോരിനിറങ്ങിയ രാജസ്ഥാനിൽ ഇവർക്ക് വെല്ലുവിളി ഉയർത്തി മൂന്നാംമുന്നണിയുണ്ടാക്കാൻ നീക്കം. 10 വർഷം മുമ്പുതന്നെ സംസ്ഥാനത്ത് മൂന്നാം മുന്നണിക്ക് ശ്രമം തുടങ്ങിയിരുന്നുവെങ്കിലും രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ബി.എസ്.പി സഖ്യത്തിനില്ലെന്ന് മായാവതി പ്രഖ്യാപിച്ചതാണ് ഇൗ നീക്കത്തിന് ഉൗർജം പകർന്നത്.
ബി.എസ്.പി നിലപാട് ദലിത് ജനസംഖ്യ കൂടുതലുള്ള 50 മണ്ഡലങ്ങളിൽ ബി.ജെ.പി, കോൺഗ്രസ് ജയസാധ്യതക്ക് മങ്ങലേൽപിക്കും. 2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആറു മണ്ഡലങ്ങളിൽ ജയിച്ച ബി.എസ്.പിക്ക് 7.6 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ, 2013ൽ ബി.എസ്.പി മൂന്ന് സീറ്റിൽ ഒതുങ്ങി. വോട്ട് 3.48 ശതമാനമായി ചുരുങ്ങുകയും ചെയ്തു. ഒരു എം.എൽ.എക്ക് അയോഗ്യത കൽപിച്ചതോടെ നിലവിൽ പാർട്ടിക്ക് രണ്ട് എം.എൽ.എമാരാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലാത്ത ഏഴ് ഇടത്, സോഷ്യലിസ്റ്റ് പാർട്ടികൾ ചേർന്ന് ലോക്താന്ത്രിക് മോർച്ചയുണ്ടാക്കി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുന്നുണ്ട്. കഴിഞ്ഞമാസം ജയ്പുരിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡ പ്രഖ്യാപിച്ച ലോക്താന്ത്രിക് മോർച്ചയിൽ സി.പി.െഎ, സി.പി.എം, സി.പി.െഎ-എം.എൽ, എം.സി.പിെഎ -യുനൈറ്റഡ്, സമാജ്വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ, ജനതാദൾ (സെക്കുലർ) എന്നീ പാർട്ടികളാണുള്ളത്. മോർച്ചയിൽ ബി.എസ്.പി ചേരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിന് സാധ്യതയുണ്ടെന്നാണ് മോർച്ച നേതാക്കൾ നൽകുന്ന സൂചന.
ലോക്താന്ത്രിക് മോർച്ചയിലുള്ള പാർട്ടികൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മറ്റു സീറ്റുകളിൽ പാർട്ടികളുമായി ചർച്ച നടക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി അംറ റാം പറഞ്ഞു. മൂന്നാംമുന്നണിക്ക് ശ്രമിക്കുന്ന നേതാക്കൾ കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും നയങ്ങളെയാണ് രൂക്ഷമായി വിമർശിക്കുന്നത്. 2013ൽ അധികാരം പിടിച്ച ബി.ജെ.പി 163 സീറ്റോടെ 45.5 ശതമാനം വോട്ടാണ് നേടിയത്. 21 മണ്ഡലങ്ങളിൽ ജയിച്ച കോൺഗ്രസിന് 33.3 ശതമാനം വോട്ട് ലഭിച്ചു.
21.2 ശതമാനം വോട്ട് ചെറു പാർട്ടികളും സ്വതന്ത്രരും നേടി. സി.പി.എം 4.46 ശതമാനവും നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) 6.41 ശതമാനവും നേടി. എൻ.പി.പി പ്രസിഡൻറും കിഴക്കൻ രാജസ്ഥാനിലെ ജനകീയ നേതാവുമായ കിരോരി ലാൽ മീണ മൂന്നാംമുന്നണിയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഇദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറി. നിലവിൽ ബി.ജെ.പി രാജ്യസഭാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.