വിവരാവകാശം: എല്‍.ഡി.എഫില്‍ വീണ്ടും വാക്പോര്

തിരുവനന്തപുരം: വിവരാവകാശ നിയമത്തെച്ചൊല്ലി എല്‍.ഡി.എഫ് സര്‍ക്കാറിലെ മുഖ്യകക്ഷികള്‍ തമ്മിലെ വാക്പോര് ഒരിടവേളക്കുശേഷം വീണ്ടും മൂര്‍ച്ഛിക്കുന്നു. പാര്‍ട്ടി മുഖപത്രങ്ങളിലൂടെയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മില്‍ നേര്‍ക്കുനേരെയും കൊമ്പുകോര്‍ത്തിരുന്നു. എന്നാല്‍, കുറച്ചുദിവസത്തെ നിശബ്ദതക്കുശേഷം തര്‍ക്കം വ്യാഴാഴ്ച പുനരാരംഭിച്ചിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ വിമര്‍ശങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്തസ്വരത്തിലാണ് പ്രതികരിച്ചത്.

തൊട്ടുപിന്നാലെ അതേസ്വരത്തില്‍ കാനം മറുപടിയും നല്‍കിയതോടെ വിവരാവകാശനിയമം സര്‍ക്കാറിനെയും ഇടതുമുന്നണിയെയും വരുംദിവസങ്ങളിലും വിടാതെ പിടികൂടുമെന്നുറപ്പായി. എന്നാല്‍, മന്ത്രിസഭായോഗ തീരുമാനത്തിന്‍െറ രേഖകള്‍ വെളിപ്പെടുത്താനുള്ള നിയമപരമായ ബാധ്യത സര്‍ക്കാറിനില്ളെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയിലെടുത്ത നിലപാടാണ് വിവാദത്തിന്‍െറ കാതല്‍ എന്നതാണ് ശ്രദ്ധേയം.

യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്തെ മന്ത്രിസഭാ തീരുമാനങ്ങളുടെ പകര്‍പ്പ് അഡ്വ. ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം ചോദിച്ചതാണ് വിവാദത്തിന്‍െറ തുടക്കം. അന്നത്തെ സര്‍ക്കാര്‍ അത് തള്ളി. മന്ത്രിസഭാ തീരുമാനം നടപ്പാക്കിയശേഷമേ വിവരം നല്‍കാനാവൂയെന്നായിരുന്നു നിലപാട്.ഇതിനെതിരെ ബിനു വിവരാവകാശ കമീഷനെ സമീപിച്ചു. ഇതിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെി. 2015 ജനുവരി ഒന്നുമുതല്‍ മൂന്നുമാസത്തെ മുന്‍ സര്‍ക്കാറിന്‍െറ ‘കടുംവെട്ട്’ തീരുമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്നും ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മുഖ്യവിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍ സര്‍ക്കാറിനോട് ഉത്തരവിട്ടു.

എന്നാല്‍, കമീഷന്‍െറ ഉത്തരവ് നടപ്പാക്കാനാവില്ളെന്നും മന്ത്രിസഭ തീരുമാനം എടുത്താലും നടപടി പൂര്‍ത്തിയാകാതെ പുറത്തുവിടാനാവില്ളെന്നുമുള്ള നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിവരാവകാശ കമീഷന്‍െറ ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ ഹൈകോടതിയില്‍ ഹരജിയും സമര്‍പ്പിച്ചു.

മന്ത്രിസഭായോഗ തീരുമാനത്തിന്‍െറ രേഖകള്‍ വെളിപ്പെടുത്താനുള്ള നിയമപരമായ ബാധ്യത സര്‍ക്കാറിനില്ളെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.  മന്ത്രിസഭാതീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നല്‍കുകയും വകുപ്പുകള്‍ ഉത്തരവിറക്കുകയുമാണ് ചെയ്യുന്നത്. അപ്പോള്‍ മാത്രമേ തീരുമാനങ്ങള്‍ നല്‍കാനാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. വിവരാവകാശ കമീഷന്‍ ജനുവരി 20ന് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണ് വിവാദം ആളിക്കത്തിച്ചത്.

Tags:    
News Summary - right to information: again dispute in LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.