കോഴിക്കോട്: രണ്ടുവർഷത്തിനുശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയിൽ സമ്പൂർണ പുനഃസംഘടനക്ക് കളമൊരുങ്ങുന്നു. ലോക്സഭ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നാലുടൻ ചർച്ച ആരംഭിക്കുമെങ്കിലും ജൂൺ-ജൂലൈ മാസത്തോടെയായിരിക്കും പുനഃസംഘടന. ബി.ജെ.പി നേതൃത്വത്തിലേക്ക് കൂടുതൽ ആർ.എസ്.എസ് നേതാക്കളെ നിയോഗിക്കുമെന്നും സംസ്ഥാന നേതൃത്വത്തിൽ സമഗ്ര മാറ്റമുണ്ടാവുമെന്നും നേതാക്കൾ പറയുന്നു.
സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ ഉൾെപ്പടെയുള്ള നേതാക്കൾക്ക് സ്ഥാനചലനം ഉണ്ടാവും. ഗണേശന് പകരം തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ കുമ്മനം രാജശേഖരെൻറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ വിജ്ഞാന് ഭാരതി മുന്‍ ജനറല്‍ സെക്രട്ടറി എ. ജയകുമാർ, ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിെൻറ ചുമതലക്കാരൻ സുദർശൻ, കോട്ടയം ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് ചുമതലക്കാരൻ ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
നിലവിലെ ബി.ജെ.പി നേതൃത്വത്തോട് ആർ.എസ്.എസിന് അതൃപ്തിയുണ്ട്. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളക്ക് പാളിച്ച സംഭവിച്ചെന്ന അഭിപ്രായം പാർട്ടി നേതാക്കൾക്കുപുറമെ ആർ.എസ്.എസ് നേതൃത്വത്തിനുമുണ്ട്. ബി.ജെ.പി സംസ്ഥാന ഘടകത്തിൽ മൂർച്ഛിച്ച ഗ്രൂപ് പോരിന് തടയിടാനാണ് ആർ.എസ്.എസ് നിർദേശപ്രകാരം പി.എസ്. ശ്രീധരൻപിള്ളയെ പ്രസിഡൻറാക്കിയത്. എന്നാൽ, അദ്ദേഹത്തിെൻറ വരവോടെ പാർട്ടിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു എന്ന അഭിപ്രായം ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി കേന്ദ്ര നേതാക്കളെ ലോക്സഭ തെരഞ്ഞെടുപ്പിന് മുേമ്പ ധരിപ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറിനും പകരക്കാരനുണ്ടാവും.
ഗ്രൂപ്പിന് അതീതമായിരിക്കും പുനഃസംഘടനയെന്ന് പറയുമ്പോഴും നേതാക്കൾ ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പുനഃസംഘടനയിൽ ദുർബലമാക്കപ്പെട്ട വി. മുരളീധരൻ വിഭാഗത്തിന് കൂടുതൽ പരിഗണന ലഭിക്കുമോ എന്ന ആശങ്ക മറുവിഭാഗത്തിനുണ്ട്. നിലവിൽ ആന്ധ്രയുടെ ചുമതലയുള്ള വി. മുരളീധരൻ കേരളത്തിലെ സംഘടനാകാര്യങ്ങളിൽ ഇടപെടുന്നില്ല. വിശ്വസ്തനായ കെ. സുരേന്ദ്രനാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ശബരിമല സമരത്തിൽ ജയിലിൽ പോയതോടെ ആർ.എസ്.എസിന് താൽപര്യമുള്ള നേതാവായി സുരേന്ദ്രൻ മാറി. ഈ സാഹചര്യത്തിൽ പുനഃസംഘടനയുണ്ടായാൽ തങ്ങൾക്ക് ഗുണമാവില്ലെന്ന് പി.കെ. കൃഷ്ണദാസിനൊപ്പമുള്ള നേതാക്കൾ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.