എല്ലാം നഷ്ടപ്പെട്ട് മുലായം; മഹാസഖ്യത്തിന് അരങ്ങൊരുങ്ങി

ന്യൂഡല്‍ഹി: ഗുസ്തി പ്രിയനാണ് മുലായം. പഴയ ഗുസ്തി താരവുമായിരുന്നു. എന്നാല്‍, മകന്‍ അഖിലേഷുമായുള്ള ‘രാഷ്ട്രീയ ഗുസ്തി’ വേണ്ടായിരുന്നുവെന്ന് യു.പി രാഷ്ട്രീയത്തിലെ കാരണവര്‍ ഇപ്പോള്‍ കരുതുന്നുണ്ടാകണം. യാദവ കുടുംബത്തിലെ കൊട്ടാരം അട്ടിമറി പൂര്‍ണമാകുമ്പോള്‍ 25 വര്‍ഷം മുമ്പ് താനായി ഉണ്ടാക്കിയ പാര്‍ട്ടിയും പേരുമാണ് മുലായത്തിന് നഷ്ടമായത്. സോഷ്യലിസ്റ്റ് ചേരിയിലെ കാരണവരുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ പതനം. പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷവും മകന്‍ അഖിലേഷിനൊപ്പമാണ്.  ചിഹ്നവും ചേരും കൂടി മകന്‍ കൊണ്ടുപോയതോടെ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നത് മുലായത്തിന്‍െറ മുന്നില്‍ വലിയ ചോദ്യചിഹ്നമാണ്.  തെരഞ്ഞെടുപ്പ് കമീഷന്‍െറ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറയുമ്പോഴും പടിവാതില്‍ക്കല്‍ നില്‍ക്കുന്ന തെരഞ്ഞെടുപ്പ് വലിയ കടമ്പതന്നെ.

തന്‍െറ പഴയ പാര്‍ട്ടിയായ ലോക്ദളിലേക്ക് മടങ്ങി നിലമുഴുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍ മത്സരിക്കാനാണ് മുലായം ക്യാമ്പിലെ ആലോചന. വര്‍ധിതവീര്യമുള്ള അഖിലേഷിനെ നേരിടാന്‍ ആളും അര്‍ഥവും കൂടെയില്ളെന്നിരിക്കെ മുലായത്തിന് മുന്നിലുള്ള വഴി ഒട്ടും സുഗമമല്ല. ജാതി രാഷ്ട്രീയത്തിന്‍െറ കളത്തില്‍ യാദവ വോട്ടുകള്‍ തനിക്കൊപ്പം നിര്‍ത്തി വളര്‍ന്ന മുലായം 2012ല്‍ അഖിലേഷിനെ മുഖ്യമന്ത്രി കസേരയിലിരുത്തി പ്രധാനമന്ത്രി പദം വരെ സ്വപ്നം കണ്ടാണ് ഡല്‍ഹിയിലേക്ക് കളം മാറിയത്. മോദി തരംഗത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ അതെല്ലാം പാഴ്ക്കിനാവായി. തിരികെവരുമ്പോള്‍ സ്വന്തം കളത്തില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരിക്കുന്നു. സൈക്കിള്‍ കാര്യത്തില്‍ തീര്‍പ്പായതോടെ, യു.പിയില്‍ ബിഹാറിലെ മഹാസഖ്യത്തിന് സമാനമായ സഖ്യത്തിന് അരങ്ങൊരുങ്ങി.  കോണ്‍ഗ്രസ് സഖ്യത്തിന് എതിര് മുലായമായിരുന്നു. അഖിലേഷ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുലായം അതിന് വഴങ്ങിയില്ല.

 എസ്.പിയുടെ ചിഹ്നം അഖിലേഷിനാണെന്ന് ഉറപ്പായതോടെ എസ്.പി - കോണ്‍ഗ്രസ് സഖ്യം ഏറെക്കുറെ ഉറപ്പായി. മഹാസഖ്യം സാധ്യമാണെന്ന് അഖിലേഷ് പക്ഷത്തെ പ്രമുഖന്‍ രാംഗോപാല്‍ പറയുകയും ചെയ്തു. അജിത് സിങ്ങിന്‍െറ രാഷ്ട്രീയ ലോക്ദള്‍ കൂടി ഈ സഖ്യത്തിലേക്ക് ചേരാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അഖിലേഷ് - രാഹുല്‍  കൂടിക്കാഴ്ച വൈകാതെ ഉണ്ടായേക്കും.  പ്രിയങ്കയും ഡിംപിളും നയിക്കുന്ന പ്രചാരണതന്ത്രമാണ് അണിയറയില്‍.അതുപ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍  വിജയസാധ്യതയുടെ കണക്കുകൂട്ടലില്‍  മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ അഖിലേഷ് - കോണ്‍ഗ്രസ് സഖ്യത്തിനാകും. ന്യൂനപക്ഷ വോട്ടുകള്‍ സമാജ്വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും കോണ്‍ഗ്രസിനുമിടയില്‍ ഭിന്നിച്ചുപോകുമെന്ന ബി.ജെ.പി കണക്കുകൂട്ടല്‍ പിഴച്ചു.

Tags:    
News Summary - samajwadi party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.