അമ്മയുടെ സ്ഥാനത്ത് ഇനി ചിന്നമ്മ നയിക്കും

ചെന്നെ: പുറത്താക്കലും കൂടിച്ചേരലും പലപ്രാവശ്യം നടന്നു. തന്‍െറ പേരില്‍ ശശികലയും കൂട്ടരും അഴിമതി കാണിക്കുന്നെന്ന് പരാതിയുയര്‍ന്നപ്പോള്‍ ജയലളിത ഒരിക്കല്‍ പറഞ്ഞു: ‘‘എനിക്കുവേണ്ടി ഒരു പാട് സഹിച്ചവള്‍, വിശ്വസ്ത, എന്‍െറ അമ്മയും സഹോദരിയും കൂട്ടുകാരിയുമൊക്കെയാണ് ശശികല’’. പിന്നീട് അവസാനകാലം വരെ അവര്‍ക്കത് മാറ്റിപ്പറയേണ്ടി വന്നില്ല. ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ബന്ധത്തിന്‍െറ രസതന്ത്രം നാടകീയതകള്‍ നിറഞ്ഞതാണെങ്കിലും പുറംലോകത്തിന് കൃത്യമായി നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല.

പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലുള്ളവര്‍ക്ക് പോലും അപ്രാപ്യമായ വസ്തുതയാണിത്. പാര്‍ട്ടി നേതാവായ സ്ഥിതിക്ക് ‘നിഗൂഢ ബന്ധം’ തുറന്നുപറയേണ്ടത് ശശികലയാണ്. പാര്‍ട്ടി അണികളായ തമിഴ് മക്കള്‍ക്ക് ശശികലയും കുടുംബവും ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ ദുര്‍മന്ത്രവാദികളുടെ സംഘമാണ്. അരുതായ്മകളിലേക്കും അഴിമതിയിലേക്കും വലിച്ചിഴച്ച് പുരട്ച്ചി തലൈവിയെ ജയില്‍ അഴികള്‍ക്കുള്ളിലത്തെിച്ചവള്‍, അമ്മയെ തെറ്റായ വഴിക്ക് നയിച്ചവള്‍, അമ്മക്ക് ചുറ്റും ഇരുമ്പുമറ സൃഷ്ടിച്ചവള്‍,

സാധാരണക്കാരില്‍നിന്ന് അകറ്റിയവള്‍, അവസാനം ‘അമ്മ’യുടെ ദുരൂഹമായ മരണവും ശശികലയെ ചൂഴ്ന്നുനില്‍ക്കുന്നു. ആരോപണങ്ങള്‍ നിലനില്‍ക്കെ ജയലളിതയുടെ പിന്‍ഗാമിയായി അവര്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ജയലളിതയുടെ മരണശേഷം നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അണ്ണാ ഡി.എം.കെ ഭാരവാഹികള്‍ കൂട്ടമായി ശശികലക്കുമുന്നില്‍ കുമ്പിട്ടുനില്‍ക്കുന്ന കാഴ്ചകളാണ് ദിവസങ്ങളായി കണ്ടത്. ശശികല എന്ന വാതിലിലൂടെയാണ് നേതാക്കള്‍ ജയലളിതയിലേക്ക് എത്തിപ്പെട്ടത്. ജയലളിതയെക്കാള്‍ എട്ട് വയസ്സിന് ഇളയ ശശികലക്ക് 60 വയസ്സുണ്ട്.

1956 ജനുവരി 29ന് തിരുവാരൂര്‍ ജില്ലയിലെ തിരുത്തുരൈ പൂണ്ടിയില്‍ വിവേകാനന്ദത്തിന്‍െറയും കൃഷ്ണവേണിയുടെയും ആറുമക്കളില്‍ ഒരുവളായി ജനിച്ചു. മന്നാര്‍ഗുഡി ഗ്രാമത്തിലേക്ക് കുടിയേറിയ ശശികലയുടെ ജീവിതം നാടകീയതകള്‍ നിറഞ്ഞതാണ്. പിന്നീട് ഇവര്‍ അറിയപ്പെട്ടതും മന്നാര്‍ഗുഡി മാഫിയ എന്ന പേരിലാണ്. എം.ജി.ആറിന്‍െറ കാലത്ത് സര്‍ക്കാര്‍ പി.ആര്‍.ഒ ആയിരുന്ന എം. നടരാജന്‍ എന്ന ഡി.എം.കെ പ്രവര്‍ത്തകനെ വിവാഹം കഴിച്ച് ജീവിതപ്രാരബ്ധങ്ങളുമായാണ് ചെന്നൈയിലത്തെിയത്.

ജയലളിതയുടെ പ്രചാരണ, പ്രസംഗ വിഡിയോകള്‍ പകര്‍ത്തുന്ന അനുമതി നേടിയെടുത്ത ശശികല സാവധാനം ജയലളിതയുടെ മന$സാക്ഷി സൂക്ഷിപ്പുകാരിയും ഉറ്റതോഴിയുമായി മാറി. വിശ്വസ്തതയും കൂറും സര്‍വം ചാലിച്ച് ജയലളിതക്ക് അര്‍പ്പിച്ചതിനുള്ള പ്രതിഫലമാണ് തേടിയത്തെിയ അണ്ണാ ഡി.എം.കെ ജനറല്‍സെക്രട്ടറി പദവി.

Tags:    
News Summary - sasikala aiadmk general secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.