അഖ് ലാക്കിന് നീതി തേടി ഷക്കീല ബീഗം പോരിനിറങ്ങുന്നു

ലഖ്നോ: പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് അഖ് ലാക്കിനെ തല്ലിക്കൊന്നതിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഉത്തര്‍പ്രദേശിലെ ദാദ്രി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ആദ്യമായി ദാദ്രിയില്‍നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കടന്നുവരുന്ന മുസ്ലിം വനിതയിലൂടെയാണ് ഈ ദേശം വീണ്ടും വാര്‍ത്തയാവുന്നത്. 44 വയസ്സുകാരി ഷക്കീല ബീഗമാണ് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ച് മത്സരത്തിനിറങ്ങിയിരിക്കുന്നത്.

ഫെബ്രുവരി 11നാണ് ദാദ്രി അടക്കമുള്ള പ്രദേശങ്ങളില്‍ അദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ‘തെരഞ്ഞെടുപ്പ് കാലത്ത് നല്‍കുന്ന വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കാതെ ഞങ്ങളെ എല്ലാ പാര്‍ട്ടികളും വഞ്ചിക്കുകയാണ്. എം.എല്‍.എ ആയിക്കഴിഞ്ഞാല്‍ പിന്നെ അവരാരും ഈ വഴി തിരിഞ്ഞുനോക്കില്ല’ - മത്സരിക്കാന്‍ ഉറപ്പിച്ചുകഴിഞ്ഞ ഷക്കീല ബീഗം പറയുന്നു.

ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ നോയ്ഡ, ദാദ്രി, ജവാര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളിലെ ഏക വനിതയാണ് ഷക്കീല ബീഗം.ഡല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദാദ്രി വാര്‍ത്തകളില്‍ നിറഞ്ഞത് 2015 ഒക്ടോബര്‍ 28നായിരുന്നു. വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് സൈനികന്‍െറ പിതാവായ മുഹമ്മദ് അഖ് ലാക്ക് എന്ന വൃദ്ധന്‍െറ വീട്ടില്‍ കയറി പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ഒരു സംഘം അദ്ദേഹത്തെ തല്ലിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പള്ളി മൂന്നു തവണ ആക്രമണത്തിനും ഇരയായി. അഖ്ലാക്കിന്‍െറ കുടുംബത്തിന് സംഭവിച്ച ദുരന്തത്തില്‍ വേദന പേറുകയായിരുന്നു ഷക്കീല ബീഗമെന്ന് തുന്നല്‍ക്കാരനായ ഭര്‍ത്താവ് പറയുന്നു.

അഖ്ലാക്കിന്‍െറ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ജില്ലാ ഭരണകൂടം തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ആ കുടുംബത്തിന് നീതികിട്ടുന്നതിനായി താന്‍ പോരാടുമെന്നും ഷക്കീല ബീഗം ഉറപ്പിച്ചു പറയുന്നു.

 

Tags:    
News Summary - shakeela beegam fights for akhlak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.