മുംബൈ: 2024ലെ ലോക്സഭ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവുമായും ചേർന്ന് സഖ്യമായി മത്സരിക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
കോൺഗ്രസും എൻ.സി.പിയും ഉദ്ധവ് താക്കറെയും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ധാരണ. റിപ്പബ്ലിക്കൻ പാർട്ടിയെയും ചില ഗ്രൂപ്പുകളെയും സഖ്യത്തിൽ ഉൾപ്പെടുത്തണം. ഇതിനായുള്ള ചർച്ചകൾ തുടരുകയാണ്. പല വിഷയങ്ങളിലും തങ്ങൾ ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ഇതിൽ ഒരു പ്രശ്നവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയിൽ ഭിന്നിപ്പുണ്ടെങ്കിലും ഭൂരിപക്ഷം പേരും ഉദ്ധവ് താക്കറെക്കൊപ്പമാണ്. എം.പിമാരും എം.എൽ.എ മാരും ഏക്നാഥ് ഷിൻഡെക്കൊപ്പം നിന്നേക്കാം. എന്നാൽ, തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങളുടെ നിലപാട് എന്താണെന്ന് മനസ്സിലാവും. 2019ലെ തെരഞ്ഞെടുപ്പിനുശേഷം താക്കറെ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും എൻ.സി.പിയും കോൺഗ്രസുമായും ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രൂപവത്കരിച്ച് അധികാരത്തിലെത്തുകയും ചെയ്തിരുന്നു.
ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതനീക്കത്തിൽ കഴിഞ്ഞവർഷം ജൂണിലാണ് താക്കറെ സർക്കാർ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.