സിദ്ധരാമയ്യയോ ശിവകുമാറോ? കർണാടക മുഖ്യമന്ത്രിയെ ഇന്നറിയാം

ബംഗളൂരു: ബി.ജെ.പിയെ തറപറ്റിച്ച് വൻ വിജയം നേടിയ കർണാടകയിൽ ആരായിരിക്കും കോൺഗ്രസ് മുഖ്യമന്ത്രിയെന്ന് ഇന്ന് രാത്രിയോടെ അറിയാം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നത്. ഇവരിലാരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനമെടുക്കും.

എം.എൽ.എമാരുമായി സംസാരിച്ച് മുഖ്യമന്ത്രിപദത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, ബംഗളൂരുവിൽ ചേർന്ന നിയമസഭ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല പാർട്ടി അധ്യക്ഷന് വിടുകയായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ, ഹൈകമാൻഡ് നിരീക്ഷകരായി നിയോഗിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, നേതാക്കളായ ജിതേന്ദ്ര സിങ്, ദീപക് ബബരിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിയമസഭ കക്ഷി യോഗം.

 

നിരീക്ഷക സമിതി ഇന്ന് ഡൽഹിയിലേക്ക് തിരിച്ച് ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുമായി ചർച്ച നടത്തും. അതേസമയം, വിളിപ്പിച്ചാൽ മാത്രം ഡൽഹിയിലേക്ക് വരാനാണ് സിദ്ധരാമയ്യക്കും ശിവകുമാറിനും നിർദേശം ലഭിച്ചതെന്നാണ് വിവരം. ഡൽഹിക്ക് പോകുന്നുണ്ടോ ഇല്ലയോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ശിവകുമാർ പറഞ്ഞു.

വ്യാഴാഴ്ചയാകും കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിലേറെ നേടാനായ കോൺഗ്രസ്, എം.എൽ.എമാരെ ബി.ജെ.പി വിലക്കെടുക്കുന്നതിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. കോൺഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് നേടാനായത്. 

Tags:    
News Summary - Siddaramaiah Or DK Shivakumar? Congress' Delhi Meet Over Karnataka Dilemma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.