സോണിയയും ഷീലയുമില്ലാതെ കോണ്‍ഗ്രസിന്‍െറ രംഗപടം

‘‘നിങ്ങള്‍ക്കിടയില്‍ നില്‍ക്കേണ്ട സമയമാണ്. പക്ഷേ, എനിക്കു വരാന്‍ കഴിയില്ല. അതിന് ചില കാരണങ്ങളുണ്ട്. എങ്കിലും ഞാന്‍ നേരിട്ട് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എഴുതുന്ന കത്തായി ഇതു പരിഗണിക്കണം. എനിക്കും എന്‍െറ കുടുംബത്തിനും റായ്ബറേലിയും അമത്തേിയും ജീവിതത്തിന്‍െറ ഭാഗമാണ്. അവിടെനിന്ന് ഞങ്ങളെ മാറ്റിനിര്‍ത്താനാവില്ല. ഞങ്ങള്‍ ഇന്ന് എന്തൊക്കെയാണോ അതെല്ലാം നിങ്ങള്‍ വഴിയാണ്’’ -വോട്ടര്‍മാര്‍ക്കിടയില്‍ കോണ്‍ഗ്രസ് വിതരണംചെയ്യുന്ന കത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.

ഏഴു ഘട്ടമായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ ഒരുദിവസംപോലും സോണിയ പ്രചാരണത്തിന് എത്തുന്നില്ല. ആരോഗ്യം മോശമായതു കൊണ്ടാണ് അതെന്ന് കത്തില്‍ സോണിയ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റായ്ബറേലിയില്‍ റോഡ്ഷോ നടത്തുന്നതിനിടെ കുഴഞ്ഞുവീണ സംഭവത്തിനുശേഷം, വീണ്ടും വരുമെന്ന് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സോണിയക്ക് കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് കത്ത്.

കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റത്തിന്‍െറ തുടര്‍ച്ചകൂടിയാണ് സോണിയയുടെ പിന്മാറ്റമെന്ന് കത്തില്‍നിന്ന് വോട്ടര്‍മാര്‍ വായിച്ചെടുക്കുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സോണിയക്കു പകരം പ്രിയങ്കയാണ് റായ്ബറേലിയില്‍ മത്സരിക്കാന്‍ പോകുന്നതെന്നാണ് സംസാരം. കഴിഞ്ഞദിവസങ്ങളിലാകട്ടെ, രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക പ്രചാരണം നടത്തുകയും ചെയ്തു.

റായ്ബറേലി അടക്കം 53 മണ്ഡലങ്ങളുള്‍പ്പെടുന്ന നാലാംഘട്ടത്തിലെ വോട്ടെടുപ്പ് വ്യാഴാഴ്ചയായിരുന്നു. രാഹുലിന്‍െറ മണ്ഡലമായ അമത്തേിയടക്കമുള്ള 52 സീറ്റില്‍ 27നാണ് അഞ്ചാംഘട്ട പോളിങ്. അങ്ങനെ 105 മണ്ഡലങ്ങളിലെ വോട്ടെടുപ്പുകൂടി പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം അഖിലേഷിനേക്കാള്‍ രാഹുലാണ് മുതലാക്കാന്‍ പോകുന്നതെന്ന കാഴ്ചപ്പാടാണ് യു.പിയില്‍ എവിടെയും. കഴിഞ്ഞതവണ 28 സീറ്റു കിട്ടിയ നിയമസഭയില്‍ ഇക്കുറി അംഗബലം 50ഓളമായി കൂട്ടാമെന്നാണ് പ്രതീക്ഷ. സഖ്യമില്ളെങ്കില്‍ കോണ്‍ഗ്രസിന്‍െറ സ്ഥിതി പരിതാപകരമായേനെ. സഖ്യത്തിന്‍െറ മെച്ചം പറയുമ്പോള്‍തന്നെ, നെഹ്റുകുടുംബത്തെ തെരഞ്ഞെടുത്തയക്കുന്ന റായ്ബറേലി, അമത്തേി ലോക്സഭ സീറ്റുകളിലെ 10 നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചിടത്തും എസ്.പിയും കോണ്‍ഗ്രസും ‘സൗഹൃദ’ മത്സരത്തിലാണ്.

മുലായവും ശിവപാലും അഖിലേഷിനെ മുട്ടുകുത്തിക്കാന്‍ സമാജ്വാദി പാര്‍ട്ടിക്കുള്ളില്‍ നടത്തുന്ന കുത്തിത്തിരിപ്പുകള്‍ പുറമെ. മുലായത്തെ മാറ്റിനിര്‍ത്തിയ അഖിലേഷ്, പ്രതിച്ഛായ മെച്ചപ്പെടുത്തി മുന്നേറുമെന്നാണ് തുടക്കത്തില്‍ പ്രവചിക്കപ്പെട്ടത്. എന്നാല്‍, ദിവസങ്ങള്‍ പിന്നിടുമ്പോഴത്തെ പ്രതീതി അതല്ല. അഞ്ചു കൊല്ലത്തെ ഭരണം സമ്പാദിച്ച ജനരോഷം ഒരുവശത്ത്. മായാവതിയും ബി.എസ്.പിയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടുന്ന വര്‍ധിച്ച സ്വീകാര്യത മറുവശത്ത്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്താന്‍ പോകുന്നുവെന്ന ആവേശം, പതിറ്റാണ്ടുകളായി മന്ദിപ്പുബാധിച്ചു കിടന്ന ലഖ്നോവിലെ കോണ്‍ഗ്രസ് ആസ്ഥാനമായ നെഹ്റുഭവനിലും തെളിഞ്ഞുകാണാം. അവിടെയും എവിടെയും പക്ഷേ, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പിന്‍െറ തുടക്കത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ച ഷീലാ ദീക്ഷിതിനെ കാണാനില്ല. സഖ്യം വന്നപ്പോള്‍ ആദ്യം ഒൗട്ടായത് ഷീലയാണ്.

ഡല്‍ഹി മുന്‍മുഖ്യമന്ത്രിയെ യു.പിയുടെ പുത്രിയെന്ന നിലയില്‍ അവതരിപ്പിച്ചശേഷമാണ് സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് വഴിതെളിഞ്ഞത്. യു.പിയില്‍ ഉയര്‍ത്തിക്കാണിക്കാനൊരു നേതൃമുഖമില്ലാതെ വന്നപ്പോള്‍ നിര്‍ബന്ധിച്ചാണ് ഷീലയെ യു.പിയുടെ ‘ദത്തുപുത്രി’യാക്കാന്‍ കോണ്‍ഗ്രസ് നിശ്ചയിച്ചത്. അതുകൊണ്ട് ഉര്‍വശീശാപം ഉപകാരമായ മട്ടിലാണ് ഷീല. 103 പേരുടെ സ്ഥാനാര്‍ഥിപട്ടികയില്‍തന്നെ മുഖ്യമന്ത്രി സ്്ഥാനാര്‍ഥിയായ ഷീല ഇല്ല. ഉള്‍വലിഞ്ഞു പോയ മറ്റൊരു മുഖം കൂടിയുണ്ട്. തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തോടെ തന്ത്രപ്രയോഗ ചിന്താശിബിരങ്ങളില്‍നിന്ന് ഇദ്ദേഹവും ഒൗട്ട്.

 

Tags:    
News Summary - sonia and sheela not in campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.