മുംബൈ: എൻ.സി.പി കോൺഗ്രസിൽ ലയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി വർക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലേ. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രവുമായി കൂടുതൽ അടുപ്പമുണ്ടെന്നാണ് സുപ്രിയ സുലെ പറഞ്ഞത്.
ഇന്ത്യാ ടുഡേ കോൺക്ലേവിൽ പങ്കെടുക്കവെയാണ് സുലെ പരാമർശം നടത്തിയത്. ഏതെങ്കിലും ഘട്ടത്തിൽ ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻ.സി.പി കോൺഗ്രസ് പാർട്ടിയിൽ ലയിച്ചേക്കുമെന്ന് സംസാരമുണ്ട്, എന്താണ് അഭിപ്രായം എന്നതായിരുന്നു ചോദ്യം.
"എന്താണ് സംഭവിക്കുകയെന്ന് എനിക്ക് ഊഹിക്കാൻ കഴിയില്ല. എന്നാൽ ഞങ്ങളുടെ പ്രത്യയശാസ്ത്രം കോൺഗ്രസുമായി യോജിച്ചുപോകുന്നു. കോൺഗ്രസുമായി കൂടുതൽ അടുപ്പം തോന്നുന്നു"- എന്നതായിരുന്നു മറുപടി.
ബാരാമതി ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും സുപ്രിയ സുലെ സംസാരിച്ചു. അവിടെ ബന്ധുവായ അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെതിരെയാണ് മത്സരിച്ചത്. ബാരാമതി തെരഞ്ഞെടുപ്പ് തന്നെ വൈകാരികമായി വേദനിപ്പിച്ചതായും സുപ്രിയ പറഞ്ഞു. എൻ.സി.പി പിളർന്നത് ശരദ് പവാർ മകളായ തന്നെ രാഷ്ട്രീയ പിൻഗാമിയായി തെരഞ്ഞെടുത്തതിനാലാണ് എന്ന വാദം അവർ നിഷേധിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെ 1.58 ലക്ഷം വോട്ടുകൾക്കാണ് സുപ്രിയ സുലെ പരാജയപ്പെടുത്തിയത്. സുപ്രിയ സുലെക്കെതിരെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയെന്ന് അജിത് പവാർ പലതവണ പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
പാർട്ടിക്ക് കഴിവിന്‍റെ സമ്പന്നതയുണ്ടെന്ന് ആവർത്തിച്ച സുപ്രിയ സുലെ, തന്‍റെ പിതാവിന്‍റെ പാരമ്പര്യം അർഹരായ ആർക്കും കൈമാറാൻ കഴിയുമെന്ന് പറഞ്ഞു. അത് ആരാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.