തിരുവനന്തപുരം: സി.പി.എം കേന്ദ്രങ്ങളില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ച് സി.പി.എം നേതാവും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ടി. ശശിധരന്‍െറ ഫേസ്ബുക്ക് പോസ്റ്റ്. വര്‍ത്തമാനകാല സാമൂഹിക, രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ വാചാലതയേക്കാള്‍ ചെറിയ മൗനമാണ് നല്ലതെന്ന് തന്‍െറ മനസ്സ് പറയാന്‍ തുടങ്ങിയിരിക്കുന്നെന്ന് അദ്ദേഹം എഫ്.ബിയില്‍ കുറിച്ചു. ‘‘ഇത്രയും വലിയ മഹാപ്രസ്ഥാനത്തിനുപറ്റിയ ആള്‍ തന്നെയാണോ എന്ന് എനിക്ക് തന്നെ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. കോളജ് രാഷ്ട്രീയകാലം മുതല്‍ പ്രസംഗം ആരംഭിച്ചതാണ്. ആയിരക്കണക്കിന് ചെറുതും വലുതുമായ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ എന്‍െറ പ്രസ്ഥാനം എന്നെ അനുവദിച്ചു. അവിടെയും ഇവിടെയുമായി വിലക്ക്, തടസ്സം, പ്രതിരോധം എന്നിവ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും പ്രഭാഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ, താല്‍ക്കാലികമായെങ്കിലും വര്‍ത്തമാനകാല രാഷ്ട്രീയപ്രസംഗത്തില്‍ നിന്ന് പിന്മാറേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. ഇത് പൂര്‍ണമായ പിന്‍വാങ്ങല്‍ അല്ല. മാര്‍ച്ച് 30 ഓടെ ഇപ്പോഴുള്ള പരിമിതികള്‍ അവസാനിക്കും. എങ്കിലും സാമ്രാജ്യത്വവിരുദ്ധവും ഫാഷിസ്റ്റ് വിരുദ്ധവുമായ ആശയങ്ങള്‍ കഴിയാവുന്നിടത്തോളം പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുകതന്നെ ചെയ്യും’’ എന്നും ശശിധരന്‍ വ്യക്തമാക്കുന്നു.
സി.പി.എം അംഗത്വം പുതുക്കുന്നത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ്. മാര്‍ച്ച് 30 ഓടെ തനിക്ക് ഇപ്പോഴുള്ള പരിമിതികള്‍ അവസാനിക്കുമെന്ന് ശശിധരന്‍ സൂചിപ്പിക്കുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കുന്നത്. നേരത്തേ സി.പി.എം സംസ്ഥാന സമിതി അംഗമായിരുന്ന ശശിധരനെ അച്ചടക്കനടപടിയുടെ ഭാഗമായി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇപ്പോള്‍ മാള ഏരിയ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ പാര്‍ട്ടിസമ്മേളനകാലത്ത് ശശിധരനെ തൃശൂര്‍ ജില്ല കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്. അച്യുതാനന്ദന്‍ സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജില്ലനേതൃത്വത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അതുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.