മലപ്പുറം: കഴിഞ്ഞദിവസം പാണക്കാട്ട് നടന്ന മുസ്ലിംലീഗ് നിയമസഭകക്ഷി ഭാരവാഹി തെരഞ്ഞെടുപ്പിലുള്ള അതൃപ്തി പ്രകടമാക്കി ടി.എ. അഹമ്മദ് കബീർ എം.എൽ.എ രംഗത്ത്. തന്നെ തഴഞ്ഞ് വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവാക്കിയതിൽ പ്രതിഷേധിച്ച് നിയമസഭകക്ഷി സെക്രട്ടറി സ്ഥാനം രാജിവെക്കാൻ അഹമ്മദ് കബീർ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതി തേടി. എന്നാൽ, സ്ഥാനത്ത് തുടരണമെന്ന് ഇദ്ദേഹത്തോട് ഹൈദരലി തങ്ങൾ നിർദേശിച്ചതായി പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായതിനെ തുടർന്നാണ് പുതിയ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ശനിയാഴ്ച പാണക്കാട്ട് യോഗം ചേർന്നത്. എം.കെ. മുനീറിനെ കക്ഷിനേതാവാക്കുമ്പോൾ ഒഴിവ് വരുന്ന ഉപനേതൃസ്ഥാനം പാർട്ടിയിൽ സീനിയറായ തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മങ്കട എം.എൽ.എയായ അഹമ്മദ് കബീർ. എന്നാൽ, വിപ്പായിരുന്ന ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവാക്കി അഹമ്മദ് കബീറിനെ നിയമസഭാകക്ഷി സെക്രട്ടറി സ്ഥാനത്ത് നിലനിർത്തുകയായിരുന്നു.
എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മുതിർന്ന നേതാക്കളാണ് അഹമ്മദ് കബീറും ഇബ്രാഹിംകുഞ്ഞും. കാലങ്ങളായി ലീഗ് ജില്ല നേതൃത്വത്തിൽ നിലനിൽക്കുന്ന ഗ്രൂപ്പിസമാണ് പുതിയ പ്രശ്നത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് ലീഗിെൻറ ഏക സീറ്റാണ് ഇബ്രാഹിംകുഞ്ഞ് പ്രതിനിധീകരിക്കുന്ന കളമശ്ശേരി. 2005ൽ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ നിയമസഭയിൽ പുതുമുഖമായിട്ടും ഇബ്രാഹിംകുഞ്ഞിനെയാണ് പകരക്കാരനാക്കിയത്.
2011ൽ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നപ്പോഴും മന്ത്രിയായി. അതേസമയം, 2001ൽ കെ.പി.എ. മജീദും 2006ൽ മുനീറും പരാജയപ്പെട്ട മങ്കട 2011ൽ ലീഗ് തിരിച്ചുപിടിച്ചത് അഹമ്മദ് കബീറിലൂടെയാണ്. 18 എം.എൽ.എമാരിൽ മുനീർ കഴിഞ്ഞാൽ ഏറ്റവും സീനിയറായ പി.കെ. അബ്ദുറബ്ബിന് നിയമസഭകക്ഷിയിൽ ഭാരവാഹി സ്ഥാനമൊന്നും നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.