െഹെദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പോര് അന്തിമഘട്ടത്തിലേക്ക് കടക്കവെ വാക്കുകൾകൊണ്ട് പടവെട്ടി നേതാക്കൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എന്നിവർ ഒരു വശത്തും തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവു മറുവശത്തും അണിനിരന്നാണ് വാക്പോര്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇരുപാർട്ടികൾക്കെതിരെ രംഗത്തുണ്ട്.
രാഹുൽ ബുദ്ധിശൂന്യനും നിർഗുണനുമാണ് എന്ന് ചന്ദ്രശേഖർ റാവു ആരോപിച്ചതിന്, ടി.ആർ.എസിനെ ‘തെലങ്കാന രാഷ്ട്രീയ സംഘ്പരിവാർ’ എന്ന് തിരിച്ചടിക്കുകയാണ് രാഹുൽ ചെയ്തത്. ബി.ജെ.പിയുടെ ബി ടീമാണ് ടി.ആർ.എസ് എന്നും രാഹുൽ ആരോപിച്ചു. അതിന് മറുപടിയായി രാഹുൽ, യഥാർഥ ഗാന്ധിയല്ലെന്നും അതിെൻറ വാലും തുമ്പിക്കൈയും മാത്രമേ അദ്ദേഹത്തിനുള്ളൂവെന്നുമായിരുന്നു റാവുവിെൻറ പരിഹാസം.
അതേസമയം, റാവു വിശാലസഖ്യത്തിെൻറ കൂടെയാണോ അതോ ബി.ജെ.പിക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് വ്യാഴാഴ്ച ഹൈദരാബാദിലെ സെറിലിംഗംപള്ളിയിലെ പൊതുയോഗത്തിൽ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. തെലങ്കാനയിലെ സൈബറാബാദ് നഗരം താനാണ് വികസിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രി മോദി തെലങ്കാനയോട് കാണിക്കുന്ന അവഗണനയിൽ റാവു മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യസ്ഥാപനങ്ങളെ തകർത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും ജീവിതം മോദി അരക്ഷിതമാക്കിയെന്നും നായിഡു ആരോപിച്ചു.
ബുധനാഴ്ച രാത്രി മേഡക്കിലെ യോഗത്തിൽ സംസാരിക്കവെ നായിഡുവിനെ തെലങ്കാനയുടെ ശത്രുവെന്ന് റാവു വിളിച്ചിരുന്നു. മുസ്ലിംകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും 12 ശതമാനം സംവരണം അനുവദിക്കാത്തതിൽ കേന്ദ്രത്തെ റാവു കുറ്റപ്പെടുത്തി.
ബി.ജെ.പിക്കുവേണ്ടി അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശമന്ത്രി സുഷമ സ്വരാജ്, പാർട്ടി ജനറൽ സെക്രട്ടറി റാം മാധവ് തുടങ്ങിയവരാണ് പ്രചാരണം നടത്തുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഉർദു സംസാരിക്കുന്നവർക്ക് മാത്രമേ ജോലി നൽകൂവെന്നായിരുന്നു മുസ്ലിംകളെ പരോക്ഷമായി പരാമർശിച്ച് അമിത് ഷായുടെ പ്രസ്താവന. മുസ്ലിംകൾക്ക് കൂടുതൽ സംവരണം ആവശ്യപ്പെടുന്ന റാവുവിനെ വിമർശിച്ച അമിത് ഷാ, ടി.ആർ.എസ് സർക്കാറിനെ പുറത്താക്കണമെന്നും വോട്ടർമാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.