കേരളത്തോട് ഒരു വിരുദ്ധ സമീപനം ബി.ജെ.പിക്കുണ്ടെന്ന് മുഖ്യമന്ത്രി

കണ്ണൂർ: കേരളത്തോട് ഒരു ‘കേരള വിരുദ്ധ’ സമീപനം ബി.ജെ.പിക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു കാരണം അവരെ കേരളം സ്വീകരിക്കുന്നില്ല എന്നതാണ്. ഇന്നലെ സ്വീകരിച്ചില്ല, ഇന്നും സ്വീകരിക്കുന്നില്ല, നാളെയും സ്വീകരിക്കില്ല. അതിൽ അവർ പരിഭവിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന നാടാണ്. ആ നാടിന് വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ആകില്ല. അതുകൊണ്ട് കേരള വിരുദ്ധ സമീപനം ബി.ജെ.പി തുടർച്ചയായി സ്വീകരിക്കുന്നു. കോൺഗ്രസിന്റെ പതിനെട്ടംഗ സംഘം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു പോയവരാണ്. അവരെന്തിനാണ് കേരള വിരുദ്ധ സമീപനത്തിലേക്ക് പോകുന്നത്. പക്ഷേ നമ്മുടെ അനുഭവം അവരും കേരളവിരുദ്ധ സമീപനം സ്വീകരിച്ചു എന്നതാണ്.

അപ്പോൾ ജനങ്ങൾ ഇതാണ് വിലയിരുത്തുന്നത്. ഈ കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ കേരള വിരുദ്ധ സമീപനം സ്വീകരിച്ച ഇവരോട് കടുത്ത അമർഷമാണ് പൊതുവേ ജനങ്ങൾക്കുള്ളത്. കേരളത്തിൽ നിന്ന് പോകുന്നത് കേരളത്തിന്റെ താല്പര്യം ഉയർത്തുന്നവരാകണം. രാജ്യത്തിന്റെ മതനിരപേക്ഷതക്കും നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും ഹാനി വരുത്താനുള്ള ശ്രമങ്ങൾ എന്തെങ്കിലും ഉണ്ടാകുമ്പോൾ അതിനെ ശക്തമായി എതിർക്കുന്നവരാകണം.

മതനിരപേക്ഷത സംരക്ഷിക്കുന്നവരാകണം. ഇതാണ് ജനങ്ങളുടെ പൊതുവായ ബോധ്യം. അതിന്റെ ഭാഗമായി 20 മണ്ഡലങ്ങളിലും കാണാൻ കഴിഞ്ഞത് അഭൂതപൂർവമായ കാഴ്ചയാണ്. ഈ വികാരത്തിൽ നിൽക്കുന്ന ജനങ്ങൾ എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫിന് അനുകൂലമായ ഒരു തരംഗം എന്ന രീതിയിൽ ഉയർന്നുവരുന്നതിന് ഇടയാക്കിയിരിക്കുകയാണ്. പൊതുവേ എൽ.ഡി.എഫിന് മികവാർന്ന വിജയം ഈ തെരഞ്ഞെടുപ്പിൽ നേടാനാവും.

നമ്മുടെ സംസ്ഥാനത്ത് 2019 ലെ തെരഞ്ഞെടുപ്പിൽ ജയിച്ചു പോയവരെ അവരുടെ പ്രവർത്തനം വെച്ച് വിലയിരുത്താനുള്ള അവസരമാണിത്. അങ്ങനെ നോക്കിയാൽ യുഡിഎഫിന്റെ ഭാഗത്ത് 18 പേരും എൽഡിഎഫിന്റെ കൂടെ രണ്ടുപേരുമാണ് ഇപ്പോൾ നിൽക്കുന്നത്. ഈ 18 പേർ കേരളത്തിന്റേതായ പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല എന്ന ബോധ്യമാണ് ജനങ്ങൾക്ക് ആകെയുള്ളത്.

ഇതിൽ രണ്ട് ഭാഗമുണ്ട്. ഒന്ന് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾ ഈ അഞ്ചു വർഷക്കാലയളവിൽ ഉണ്ടായി. 2019 ൽ രണ്ടാമൂഴം ബി.ജെ.പി ഗവൺമെൻറിന് ലഭിച്ചപ്പോൾ ആർ.എസ്.എസിന്റെ തീവ്ര അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദിയുടെ സർക്കാർ സ്വീകരിച്ചത്. ആ ഘട്ടത്തിൽ അവയെ ശക്തമായി എതിർക്കുന്ന നിലപാട് മതനിരപേക്ഷ ശക്തികൾ എല്ലാം സ്വീകരിച്ചെങ്കിലും കോൺഗ്രസിനെ ആ കൂട്ടത്തിൽ സജീവമായി കണ്ടില്ല. പാർലമെന്റിന് പുറത്തും കോൺഗ്രസിന്റെ ശബ്ദം ഉയർന്നു കേട്ടില്ല. നമ്മുടെ 18 അംഗ സംഘം കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് കാണിച്ചത് എന്നാണ് കേരളത്തിൻ്റ പൊതുവായ ബോധ്യം.

മറ്റൊരു ഭാഗം കേരളത്തിന്റെ ശബ്ദം ഇത്തരം ഘട്ടങ്ങളിൽ വലിയ തോതിൽ പാർലമെൻറിൽ മുഴങ്ങാറുണ്ട്. പക്ഷേ ഈ കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിന്റെ ശബ്ദം വേണ്ട രീതിയിൽ ഉയർന്നില്ല. അതിനു കാരണം 20 ൽ 18 പേർ നിശബ്ദരായിപ്പോയി എന്നതാണ്. അതോടൊപ്പം തന്നെ ഈ കഴിഞ്ഞ അഞ്ചു വർഷക്കാലം നമ്മുടെ സംസ്ഥാനത്തിന് നേരെ കേന്ദ്ര ഗവൺമെൻറ് സ്വീകരിക്കുന്ന അവഗണനയും വിവേചനവും ശക്തിപ്പെട്ട കാലമാണ്.

അത്തരമൊരു അവഗണന തുടരുമ്പോൾ അതിനെതിരെ സാധാരണഗതിയിൽ ശബ്ദം ഉയരേണ്ടത് പാർലമെന്റിലാണ്. പക്ഷേ ഈ പതിനെട്ടംഗ സംഘം അത്തരത്തിൽ ഒരു എതിർപ്പും പാർലമെന്റിൽ രേഖപ്പെടുത്തിയില്ല. ബി.ജെ.പി ഗവൺമെന്റിനെ തുറന്ന് വിമർശിക്കാനോ തുറന്നുകാണിക്കാനോ തയാറാകാത്ത സമീപനമാണ് എടുത്തത്. മാത്രമല്ല ബി.ജെ.പി ഗവൺമെന്റിനെ ന്യായീകരിക്കാനായിരുന്നു വ്യഗ്രത. കേരളത്തെ കുറ്റപ്പെടുത്താനുമാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - The Chief Minister said that BJP has an anti-Kerala approach towards Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.