കണ്ണൂർ : ലോകത്ത് ഒരു പരിഷ്കൃത രാഷ്ട്രവും പൗരത്വം മതാടിസ്ഥാനത്തിൽ ആക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രവും അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നില്ല. അത്തരം ലോകത്താണ് ഇന്ത്യ, നമ്മുടെ രാജ്യം മതനിരപേക്ഷത തകർത്തുകൊണ്ട് പൗരത്വം മതാടിസ്ഥാനത്തിൽ ആക്കുന്നത്.
രാജ്യത്തെ ഏറ്റവും കടുത്ത കരിനിയമം യു.എ.പി.എ, അതിനെ കൂടുതൽ കരിനിയമമാക്കാൻ ഭേദഗതി കൊണ്ടുവരുന്നു. കോൺഗ്രസ് എന്താണ് ചെയ്തത് ബി.ജെ.പിയുടെ കൂടെ നിന്നു. നമ്മുടെ 18 അംഗ സംഘവും അതേ നില സ്വീകരിച്ചു.
മതനിരപേക്ഷത തകർക്കപ്പെടാതിരിക്കാൻ എല്ലാവരും പ്രതിഷേധവുമായി രംഗത്തുവന്നു. ഡൽഹിയിലാണ് ഏറ്റവും വലിയ പ്രതിഷേധം അരങ്ങേറിയത്. ദേശീയ നേതാക്കൾ പലരും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ജനറൽ സെക്രട്ടറിമാരും മറ്റു നേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. എന്നാൽ ഒരു കാര്യം എല്ലാവരും ശ്രദ്ധിച്ചു, അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു കോൺഗ്രസ് നേതാവും ഉണ്ടായിരുന്നില്ല. കോൺഗ്രസിൽ നിന്ന് വലിയ പ്രതിഷേധമുയരുന്നതായി ആരും കണ്ടില്ല.
ഡൽഹിയിൽ ജനുവരി മാസം ആയപ്പോൾ പ്രക്ഷോഭം കനത്തു. പ്രക്ഷോഭർക്ക് നേരെ സംഘപരിവാർ ആക്രമണം അഴിച്ചുവിട്ടു. സംഘം പരിവാറിന്റെ ആക്രമണത്തിന് ഇരയായവർക്ക് സംരക്ഷണം കൊടുക്കാൻ ഇടതുപക്ഷ നേതാക്കളും ഇടതുപക്ഷ എംപിമാരും ഓടിയെത്തി. അതിലും കോൺഗ്രസിനെ എവിടെയും കണ്ടില്ല.
ആർഎസ്എസ് അജണ്ട നടപ്പാക്കുമ്പോൾ എന്തേ മതനിപേക്ഷ പാർട്ടിയാണ് എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അതിനെ എതിർക്കാൻ തയാറാകാത്തത്. കോൺഗ്രസിന്റെ പ്രസിഡന്റിനോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ രാത്രി ആലോചിച്ച് മറുപടി പറയാം എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. എത്ര പരിഹസ്യമാണെന്ന് നോക്കണം.
രാഹുൽ ഗാന്ധിക്ക് വലിയ പരാതി അദ്ദേഹത്തെ വിമർശിക്കുന്നു എന്നാണ്. രാഹുൽഗാന്ധി നിങ്ങളുടെ പേരെടുത്ത് പറയുന്നത് ഇവിടെയാണ്. പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ പുറത്തു വന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധി രാജ്യത്ത് ഒരു യാത്ര നടത്തുകയാണ്. രാജ്യത്തും ലോകത്തുള്ള എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് മാത്രം പ്രതികരണമില്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മാത്രം പ്രതികരണമില്ല.
കോൺഗ്രസ് മാനിഫെസ്റ്റോ തയാറാക്കാൻ നിശ്ചയിച്ച സമിതി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ശക്തമായി അതിൽ ചേർത്തിരുന്നു. പക്ഷേ നേതാക്കൾ അടങ്ങിയ സമിതി യോഗം ചേർന്നപ്പോൾ അത് വേണ്ടെന്നുവച്ചു. ഇതാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.
അതിപ്പോൾ വസ്തുതയാണെന്ന് പുറത്തുവന്നു. ആ സമിതിയുടെ അധ്യക്ഷൻ പി ചിദംബരം, അദ്ദേഹം പറഞ്ഞത് നീളം കൂടിപ്പോകുന്നത് കൊണ്ട് ഈ ഭാഗം ഉൾപ്പെടുത്താതിരുന്നതാണ് എന്നാണ്.
പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യും എന്നൊരു വാചകം അവിടെ എഴുതിയാൽ പ്രകടനപത്രികയുടെ നീളം കൂടിപ്പോകും എന്നാണ് അദ്ദേഹം പറഞ്ഞത്.
ജമ്മുകാശ്മീർ വിഷയത്തിൽ ബി.ജെ.പിയെ രഹസ്യമായി അഭിനന്ദിച്ച എത്ര കോൺഗ്രസ് നേതാക്കൾ ഉണ്ട്. രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പരസ്യമായി ബി.ജെ.പിയെ അഭിനന്ദിച്ചു. ആവേശം അടക്കാൻ വയ്യാതെ അദ്ദേഹം കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു. ബിജെപി അദ്ദേഹത്തെ സ്വീകരിച്ചു. വീണ്ടും രാജ്യസഭാംഗമാക്കി.
രഹുൽ ഗന്ധി പറയണം, ഇതുപോലെ എത്ര സംഘപരിവാർ മനസുകാർ നിങ്ങളുടെ കൂടെ ഉണ്ട്. അതല്ലെ അതിനെതിരെ ശബ്ദിക്കാൻ പറ്റാതെ പോയത്. അല്ലെങ്കിൽ നിങ്ങളുടെ ശബ്ദം ഉയരുമായിരുന്നില്ലെ. നമ്മുടെ 18 അംഗ സംഘത്തെ എവിടെയെങ്കിലും കണ്ടോ, എന്തുകൊണ്ടാണ് ഇവർക്ക് ബിജെപിയുടെ ആർ.എസ്.എസ് അജണ്ടയോടൊപ്പം മുട്ടി നിൽകാൻ താൽപര്യം.
ഗത്യന്തരമില്ലാതെയാണ് കേരളം സുപ്രീം കോടതിയിൽ പോയത്. കേന്ദ്ര ഗവൺമെൻറ് മുടക്കിയത് കൊണ്ട് കേരളത്തിന് ലഭിക്കാതിരുന്നത് ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് കോടിയിൽപരം രൂപയാണ്. കേരളം സുപ്രീം കോടതിയിൽ പോയി 13,000 കോടിയിൽ പരം രൂപ ആദ്യം അത് അനുവദിക്കു എന്നാണ് കോടതി പറഞ്ഞത്.
അപ്പോഴാണ് കേരളത്തിന് 13000 കോടി രൂപ അനുവദിക്കാൻ കേന്ദ്രം തയാറായത്. ഇതാരുടെയും ഔദാര്യമല്ല കേരളത്തിന് അർഹതപ്പെട്ടതാണ്. അർഹതപ്പെട്ട പണം ലഭിക്കുന്നതിനു പോലും സുപ്രീംകോടതിയുടെ ഇടപെടൽ വേണ്ടിവരുന്നു. ഇതിൽ ബി.ജെ.പി ഉയർത്തിയ വാദത്തിന്റെ കൂടെയായിരുന്നു കോൺഗ്രസിന്റെ ഈ 18 അംഗ സംഘവും. ആ സംഘത്തിൽ ഒരാളാണ് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ വല്ലാതെ വികസിപ്പിക്കും എന്നാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്. ആപത്ത് കാലത്ത് സഹായിക്കാത്ത നിങ്ങളാണോ കേരളത്തെ വികസിപ്പിക്കാൻ പോകുന്നത്. കേരള വിരുദ്ധ സമീപനം സ്വീകരിച്ചവരെ കേരളം തിരിച്ചറിയുന്നു. അതിൻറെ ഭാഗമായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് അനുകൂല തരംഗം അലയടിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.