ചെന്നൈ: പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിസന്ധിയിലായ തമിഴ്നാട് സർക്കാർ സ്റ്റെർലൈറ്റ് കമ്പനി സ്ഥിരമായി അടച്ചുപൂട്ടി രാഷ്ട്രീയ വിജയം നേടി. തൂത്തുക്കുടിയിൽ നൂറുദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മേയ് 22ന് കലക്ടറേറ്റ് മാർച്ചും പൊലീസ് വെടിവെപ്പും നടന്നത്. സംഭവത്തിൽ 13 പേർ മരിക്കുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജ്യാന്തര ശ്രദ്ധയാകർഷിച്ച സംഭവം എടപ്പാടി പളനിസാമി സർക്കാറിന് മീതെ കരിനിഴൽ വീഴ്ത്തിയിരുന്നു. കാവേരി നദീജലപ്രശ്നം കെട്ടടങ്ങിയ നിലയിൽ വീണുകിട്ടിയ തൂത്തുക്കുടി വിഷയം ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ ശരിക്കും മുതലെടുക്കുകയും ചെയ്തു. സ്റ്റെർലൈറ്റ് കമ്പനി ഉടമകളുമായി ബി.ജെ.പി, അണ്ണ ഡി.എം.കെ കേന്ദ്രങ്ങൾക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായും പ്രചാരണമുണ്ടായിരുന്നു.
സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിൽ ചില മാവോവാദി, തമിഴ് തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറി പ്രശ്നം വഷളാക്കുന്നതായാണ് തമിഴ്നാട് സർക്കാറും അണ്ണാ ഡി.എം.കെയും വാദിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിൽ നിർണായക യോഗം വിളിച്ചത്.
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പെങ്കടുത്തു. കമ്പനി അടച്ചുപൂട്ടാനുള്ള നാടകീയ തീരുമാനത്തിന് നിയമ വിദഗ്ധരും പച്ചക്കൊടി കാണിച്ചതോടെ ഉത്തരവിറക്കുകയായിരുന്നു. സർക്കാർ നടപടിയെ തമിഴക രാഷ്ട്രീയകക്ഷികൾ പൊതുവെ വരവേറ്റെങ്കിലും വൈകിയെടുത്ത തീരുമാനമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചത്.
കാഴ്ച നഷ്ടപ്പെട്ടതിനുശേഷം സൂര്യനമസ്കാരം നടത്തുന്നതിന് തുല്യമാണ് സർക്കാർ തീരുമാനമെന്ന് ഡി.എം.കെ നിയമസഭ കക്ഷി ഉപനേതാവ് ദുരൈമുരുകൻ അഭിപ്രായപ്പെട്ടു. സർക്കാർ തീരുമാനം കൈക്കൊള്ളുന്നതിന് 13 പേരെ നരബലി നൽകേണ്ടിവന്നതായും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.