തിരുവനന്തപുരം: സ്വർണക്കടത്തിലൂടെ സംസ്ഥാനത്തിെൻറ മാനാഭിമാനം തകർത്ത പിണറായി സർക്കാർ ഇന്ന് അമിത് ഷായുടെ കക്ഷത്തിലാണെന്ന് അവിശ്വാസപ്രമേയ നോട്ടീസിൽ ചർച്ചക്ക് തുടക്കമിട്ട വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അപവാദപ്രചാരണങ്ങളിലൂടെ സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷശ്രമം മനസ്സിലാക്കാനുള്ള വിവേകം ജനങ്ങൾക്കുണ്ടെന്ന് എസ്. ശർമ തിരിച്ചടിച്ചു.
സെക്രേട്ടറിയറ്റിൽ എന്‍.ഐ.എയും എൻഫോഴ്സ്മെൻറും കയറിയിറങ്ങുകയാണെന്ന് സതീശൻ പറഞ്ഞു. ഇപ്പോള്‍ സർക്കാറിന് മുന്നില്‍ എന്‍.ഐ.എയും രണ്ടുവശത്തായി കസ്റ്റംസും എന്‍ഫോഴ്സ്മെൻറും പിന്നില്‍ കേന്ദ്ര ധനകാര്യവകുപ്പും തലക്ക് മുകളിൽ സി.ബി.െഎയും ആണ്. ഈ കെട്ടകാലത്ത് കമീഷൻ ഏജൻറുമാരും ഇടനിലക്കാരും അവതാരങ്ങളും അധികാര ഇടനാഴിയിൽ അലഞ്ഞുനടക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസഫണ്ട് തട്ടിയ സി.പി.എം നേതാക്കളെയെല്ലാം ഇതേവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പിണറായി നയിക്കുന്ന കപ്പൽ നിയന്ത്രണമില്ലാതെ ആടിയുലയുകയാണ്. കള്ളൻ കപ്പിത്താെൻറ ഒാഫിസിൽ ആയതാണ് അതിന് കാരണം. കൺസൾട്ടൻസികളോട് സർക്കാറിന് പ്രത്യേക മമതയാണ്. ചീഫ് സെക്രട്ടറിയെക്കാൾ ശമ്പളം വാങ്ങുന്ന കരാർ ജീവനക്കാർ ഇവിടെയുണ്ട്. ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും 31 വെട്ടുവെട്ടി തകർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജനപിന്തുണ നഷ്ടമായ യു.ഡി.എഫിന് സര്‍ക്കാറിനെ ചോദ്യംചെയ്യാൻ അവകാശമില്ലെന്ന് അവിശ്വാസപ്രമേയത്തെ എതിർത്ത എസ്. ശര്‍മ ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണം നടക്കുന്നത്. അമിത് ഷായെ കൂട്ടുപിടിച്ചു മാത്രം അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷം. ബി.ജെ.പിയുടെ 'ബി ടീം' ആയി കോൺഗ്രസ് മാറി. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശം ആവശ്യപ്പെട്ടവരോട് ഈ സര്‍ക്കാര്‍ പറഞ്ഞത് രണ്ടുമാസത്തേത് കൈവശമുണ്ടെന്നും ബാക്കിയുള്ളത് ശേഖരിച്ചുെവച്ചിട്ടുണ്ടെന്നുമാണ്. അതല്ലാതെ ഇവിടെ ശേഖരിക്കാറില്ല, ലൈവ് മാത്രമേയുള്ളൂവെന്ന പഴയ പല്ലവിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇപ്പോൾ അവതാരങ്ങളുടെ കാലഘട്ടമാണെന്ന് ആരോപിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ, റാങ്ക്ലിസ്റ്റുകളിൽനിന്ന് ഒന്നാം റാങ്കുകാരനുപോലും നിയമനം നൽകാൻ കഴിയുന്നില്ലെങ്കിൽ പി.എസ്.സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്ന് പരിഹസിച്ചു.
പ്രതിപക്ഷം പ്രതികളുടെ പക്ഷമാകാതെ ജനങ്ങളുടെ പക്ഷമാകണമെന്ന് മുല്ലക്കര രത്നാകരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഒാഫിസ് സംശയത്തിെൻറ നിഴലിലാണെന്ന് പി.ജെ. ജോസഫ് പറഞ്ഞു. സമസ്തരംഗത്തും വികസനം വന്നതോടെ വിറളിപൂണ്ടാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നതെന്നായി മാണി സി.കാപ്പൻ.
കള്ളക്കടത്ത് വഴി വിശുദ്ധ ഖുർആന്‍ പഠിപ്പിക്കാമെന്ന് കണ്ടെത്തിയ ആദ്യമന്ത്രിയാണ് കെ.ടി. ജലീലെന്ന് കെ.എം. ഷാജി പരിഹസിച്ചു. സർക്കാറിനുള്ള ഭൂരിപക്ഷം കേവലം സാേങ്കതികം മാത്രമാണെന്ന് പറഞ്ഞ പി.ടി. തോമസ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ബ്ലാക്മെയിൽ ചെയ്യുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രിയെന്ന് ചൂണ്ടിക്കാട്ടി. എൽ.ഡി.എഫും തങ്ങളെ പോലെയാണെന്ന് വരുത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് മാത്യു ടി. തോമസ് പറഞ്ഞു. സോളാർ ആരോപണം അന്വേഷിച്ച ശിവരാജൻ കമീഷെൻറ റിപ്പോർട്ട് വായിച്ചാൽ കൊറോണ വൈറസ്പോലും ഒളിച്ചോടുമെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.