കോഴിക്കോട് : ഭരിക്കുന്ന പാര്‍ട്ടിയും ഭരണ നേതൃത്തവുമായും അടുത്തുനില്‍ക്കുന്ന പ്രസാഡിയോ എന്ന കോഴിക്കോട് ആസ്ഥാനമായ സ്ഥാപനത്തിന് ഖജനാവിലെ പണം ഇങ്ങനെ വാരി കോരി കൊടുക്കാന്‍ കാരണം എന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാമറ അഴിമതി സംബന്ധിച്ച രേഖകളും വിശദാംശങ്ങളും പുറത്ത് വിട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സ്ഥാപനം ആരുടേതാണ്? ഇത് ബിനാമി കമ്പനിയാണോ? ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധം എന്നീ കാര്യങ്ങള്‍ പുറത്തു വരേണ്ടതാണ്. അപ്പോള്‍ ആരാണ് എ.ഐ കാമറ ഇടപാടിലെ 'കിംഗ് പിന്‍' എന്ന് ബോധ്യപ്പെടുമെന്നും സതീശൻ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അദാനി നടത്തുന്ന അതേ കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കറക്ക് കമ്പനികള്‍ നടത്തുന്നത്. ഈ കറക്കു കമ്പനികളില്‍ നിന്നും മാസപ്പടി ആര്‍ക്കൊക്കെയാണ് ലഭിക്കുന്നത് എന്ന് അന്വേഷിക്കണം. ഇവരുടെ അക്കൗണ്ട് പരിശോധിച്ചാല്‍ എല്ലാം മനസിലാകും. സംസ്ഥാനത്ത് നടക്കുന്ന എ.ഐ കാമറ, കെ ഫോണ്‍, ഊരാളുങ്കല്‍ നടത്തുന്ന പ്രമുഖ പദ്ധതികളുടെ എല്ലാം ഉപകരാറുകളും, പര്‍ച്ചേസ് ഓര്‍ഡറുകളും ഒരേ കമ്പനിക്ക് ലഭിക്കുന്നത് ദുരൂഹമാണ്.
ഊരാലുങ്കല്‍ കമ്പനിയും, എസ്.ആര്‍.ഐ.ടിയും, കെ ഫോണ്‍ ഉപകര നേടിയ അശോക് ബിഡ്‌കോണ്‍ (ഇവര്‍ തന്നെയാണ് എ.ഐ ക്യാമറ ബിഡില്‍ കാര്‍ട്ടല്‍ ഉണ്ടാക്കാന്‍ എസ്.ആര്‍.ഐ.ടിയെ സഹായിച്ചത് ), അവര്‍ക്ക് ലഭിച്ച പ്രമുഖ കരാറുകളുടെ പര്‍ച്ചേസ് ഓര്‍ഡറുകളും, ഉപകരാറുകളും കോഴിക്കോട് ആസ്ഥാനമായ 'പ്രസാഡിയോ' കമ്പനിക്കാണ് നല്‍കുന്നതു എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്.
സംസ്ഥാനത്തിന്റെ എല്ലാ കരാറുകളുടെ പൈസയും കമീഷനും അവസാനം ഒരേപെട്ടിയിലേക്ക് ആണ് പോകുന്നതെന്ന് സതീശൻ മുമ്പ് ആരോപിച്ചിരുന്നു. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ആണ് ഇപ്പോള്‍ പുറത്തു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.