ചെങ്ങന്നൂര്‍: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജന്റെ കുടുംബവും രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയും തമ്മില്‍ ബിസിനസ് പാട്ണര്‍ഷിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയ റിട്രീറ്റ്‌സ് ഇ.പി ജയരാജന്റെ കുടുംബാംഗങ്ങള്‍ക്ക് ബന്ധമുള്ള വൈദേഹം റിസോര്‍ട്ടും തമ്മില്‍ ഒരു കരാറുണ്ട്.
ബിസിനസ് പാട്ണര്‍ഷിപ്പ് രാജീവ് ചന്ദ്രശേഖറോ ഇ.പി ജയരാജനോ നിഷേധിച്ചിട്ടില്ല. തമ്മില്‍ കണ്ടിട്ടില്ലെന്നു മാത്രമാണ് ജയരാജന്‍ പറഞ്ഞത്. അവര്‍ കണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. കേസ് നല്‍കിയാല്‍ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാം. ജയരാജന്റെ കുടുംബാംഗങ്ങളും നിരാമയ റിട്രീറ്റ് നടത്തിപ്പുകാരും ഒന്നിച്ച് നില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി തെളിവുകളുണ്ട്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്നതു കൊണ്ടാണ് ചിത്രം ഇപ്പോള്‍ പുറത്ത് വിടാത്തത്.
ബി.ജെ.പിയുമായി സി.പി.എമ്മിന് അന്തര്‍ധാര മാത്രമല്ല പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് നടത്താനുള്ള തരത്തിലേക്ക് ബന്ധം വളര്‍ന്നു. ഇ.പി ജയരാജനെ ഉപയോഗിച്ച് കേരളത്തില്‍ ബി.ജെ.പിക്ക് സ്‌പേസ് ഉണ്ടാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത്. കേസുകളെ കുറിച്ചുള്ള ഭയമാണ് പിണറായിയെ ഇതിന് പ്രേരിപ്പിക്കുന്നത്. കെ സുരേന്ദ്രന്‍ പോലും ജയരാജനെ അഭിനന്ദിച്ചു. സുരേന്ദ്രന്റെ പാര്‍ട്ടിക്കാര്‍ പോലും പറയാത്ത കാര്യമാണ് ജയരാജന്‍ പറഞ്ഞത്. ജയരാജനെ അഭിനന്ദിച്ച സരേന്ദ്രന്‍ പിണറായിയെ കൂടി അഭിനന്ദിക്കണമായിരുന്നു.
എനിക്കും എന്റെ ഭാര്യയ്ക്കും ഇ.പി ജയരാജന്റെ ഒരു സ്വത്തും ആവശ്യമില്ല. വൈദേഹം റിസോര്‍ട്ട് ജയരാജന്റേതാണെന്ന് എല്ലാവര്‍ക്കും അറിയാം. അവിടെ ഇന്‍കം ടാക്‌സ് റെയ്ഡും ഇ.ഡി അന്വേഷണവും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബുദ്ധിമാനായ ജയരാജന്‍ ആ സ്ഥാപനത്തിന്റെ നടത്തിപ്പ് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിക്ക് വിട്ടുകൊടുത്തത്.
ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെ എന്തിനാണ് നിരാമയ സി.ഇ.ഒ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ജയരാജന്റെ കുടുംബം ഫോട്ടോ എടുത്തത്? ജയരാജനെതിരെ പാര്‍ട്ടിയില്‍ തന്നെ ആരോപണം വന്നതാണ്. അദ്ദഹം അവിഹിതമായി സംമ്പാദിച്ചു എന്ന ആരോപണം ഞങ്ങള്‍ ഉന്നയിക്കുന്നില്ല. ജയരാജന് എവിടെ എവിടെ നിന്നാണ് പണം ഉണ്ടായതെന്ന് അതുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കട്ടെ. ജയരാജനും ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്. എങ്ങനെയാണ് രാജീവ് ചന്ദ്രശേഖറുമായി ബന്ധം വന്നതെന്നും സതീഷൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.