കാസര്‍കോട് :എസ്.ഡി.പി.ഐയുമായി സംസാരിക്കുകയോ ധാരണയില്‍ എത്തുകയോ ചെയ്തിട്ടില്ലെന്ന് വി.ഡി സതീശൻ. നിരവധി സംഘടനകള്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. എസ്.ഡി.പി.ഐയുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ പിന്തുണ നല്‍കാതിരുന്നിട്ടും യു.ഡി.എഫ് 19 സീറ്റിലും വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവിയുടെ കൊലപാതകം പൊലീസ് നന്നായി അന്വേഷിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവാരം കുറഞ്ഞതും ഏകപക്ഷീയവുമായി അന്വേഷണമാണ് നടത്തിയതെന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ അതിന് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അഡ്വ. ഷുക്കൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുസ്തകം വായിച്ചതിന്റെ പേരില്‍ അലന്‍, താഹ എന്നീ കുട്ടികളെ യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച മുഖ്യമന്ത്രി ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല. ഇതാണ് കാപട്യം.
സി.പി.എം- ബി.ജെ.പി ധാരണ പ്രകാരമാണ് റിയാസ് മൗലവി കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയത്. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചു. ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയുടെ പരിണിത ഫലമാണ് പരസ്പരം സഹായിക്കല്‍. പരസ്പരം സഹായിക്കലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ധരണയില്‍ എത്തിയിരിക്കുന്നത്. എത്ര സഹായിച്ചിലും മതേതര നിലപാടെടുക്കുന്ന യു.ഡി.എഫിന് കേരളത്തിലെ ജനങ്ങള്‍ വന്‍ വിജയം നല്‍കും.
സര്‍ക്കാരിന് എതിരായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് മുഖ്യമന്ത്രി എപ്പോഴും പൗരത്വത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇതേ വിഷയത്തില്‍ നില്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി നടത്തിയ റാലി കോണ്‍ഗ്രസിന് പാഠമാകണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോണ്‍ഗ്രസ് അല്ലാതെ സി.പി.എമ്മാണോ ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്. ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കിയ സി.പി.എമ്മുമായി കേരളത്തില്‍ ഒരിടത്തും കോണ്‍ഗ്രസ് കൈ കൊടുക്കില്ല. സി.പി.എമ്മിനും ബി.ജെ.പിക്കും ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഉള്‍പ്പെടെ എന്ത് കൂട്ടുകെട്ടും ഉണ്ടാക്കാം.
കരുവന്നൂരില്‍ ബിനാമി ലോണുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാണ്. ഇത്ര വലിയ കൊള്ള നടത്തിയിട്ടും എന്ത് നടപടിയാണ് എടുത്തത്? പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സ്ഥലത്തൊന്നും അങ്ങനെയല്ലല്ലോ? രാജ്യവ്യാപകമായി കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. പക്ഷെ കേരളത്തില്‍ എത്തുമ്പോള്‍ ഒന്നും ചെയ്യുന്നില്ലല്ലോ. കേരളത്തിലെ സര്‍ക്കാരിനോട് മൃദു സമീപനമാണ്. ലൈഫ് കോഴയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ ആയിട്ടും മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെന്നു മാത്രമല്ല മൊഴി പോലും എടുത്തില്ല. ആറര കൊല്ലമായി ലാവലിന്‍ കേസ് എടുത്തിട്ടു പോലുമില്ല. എന്ത് ഗൂഡാലോചനയാണ് നടക്കുന്നതെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.