മഞ്ഞില്‍ വിരിയുന്ന വോട്ടുകള്‍

ഒരിക്കലും സഫലമാവില്ളെന്ന് ഉറപ്പായിട്ടും  മഞ്ഞിന്‍െറ നിറമുള്ള ജാലകത്തിനരികെയും മഞ്ഞുമൂടിയ കല്‍പ്പടവുകളിലും കാമുകനെയും കാത്തിരുന്ന വിമലയുടെ ഓര്‍മയാണ് നൈനിത്താളിലത്തെുമ്പോള്‍ ഓരോ മലയാളിയുടെയും മനസ്സില്‍. അതെ, പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അരനൂറ്റാണ്ട് മുമ്പെഴുതിയ ‘മഞ്ഞ്’ എന്ന ചെറുനോവലിലെ നായികയായ വിമലതന്നെ. സുധീര്‍ കുമാര്‍ മിശ്രയെന്ന കാമുകന്‍ വരും, വരാതിരിക്കില്ളെന്ന് പ്രതീക്ഷിച്ചിരിക്കുന്ന വിമല. ഒപ്പം, വെള്ളക്കാരനായ പിതാവ് കാണാന്‍ വരുമെന്ന് കാത്തിരിക്കുന്ന ബുദ്ദു എന്ന തോണിക്കാരനും. കുമയൂണ്‍ കുന്നുകളുടെ പശ്ചാത്തലത്തില്‍ വ്യര്‍ഥമായി കാത്തിരുന്നത് വിമലയും ബുദ്ദുവുമാണെങ്കില്‍ ഇന്ന് ടാക്സി ഡ്രൈവര്‍മാരും ടൂറിസ്റ്റ് ഗൈഡുകളുമാണ്. 

നൈനിത്താള്‍ ബസ്സ്റ്റാന്‍ഡില്‍ ബാഗും തൂക്കി ബസിറങ്ങിയപ്പോള്‍ മുതല്‍ ഒരു കൂട്ടമാളുകളാണ് പിന്നാലെ.  ടൂറിസ്റ്റ് ഗൈഡുകള്‍, ടാക്സി ഡ്രൈവര്‍മാര്‍, ഹോട്ടല്‍ ഏജന്‍റുമാര്‍. താല്‍പര്യമില്ളെന്ന് അറിയിച്ചിട്ടും പിന്മാറിയില്ല.  ദീപക് മിശ്ര  എന്നയാള്‍   അപേക്ഷയുടെ സ്വരത്തില്‍ പറഞ്ഞു. പകുതി പണം, അല്ളെങ്കില്‍ ഇഷ്ടമുള്ളത് തന്നാല്‍ മതി. എല്ലാം വിശദമായി കാണിച്ചുതരാം. പട്ടിണിയാണ് സാര്‍. സഞ്ചാരികള്‍ ആരും വരുന്നില്ല.  എന്തേ സഞ്ചാരികള്‍ കുറവെന്ന് ചോദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിനും മോദിക്കുമെതിരെ കുറെ ശാപവാക്കുകളായിരുന്നു മറുപടി. നോട്ടുനിരോധനം  ഉത്തരാഖണ്ഡ് ടൂറിസത്തിന് എല്‍പിച്ച മുറിവുകള്‍ ചില്ലറയല്ല.

നൈനിത്താളിന്‍െറയും ഹിമാലയ മലനിരകളുടെയും ഭംഗി ആവോളം നുകരാന്‍ കഴിയുന്ന ഇടമാണ് ദോര്‍തി സീറ്റ്. ആറു കി.മീ കുതിരപ്പുറത്ത് മലകയറി വേണം ഇവിടെയത്തൊന്‍. ടൂറിസ്റ്റ് ആകര്‍ഷണമായ ദോര്‍ത്തി സീറ്റിലെ കുതിര സവാരിക്കാരന്‍ മുനവ്വര്‍ ഓഫ് സീസണിലും  സഞ്ചാരികളെയുംകൊണ്ട് മൂന്നോ നാലോ ട്രിപ് പോകാറുണ്ട്. വൈകുന്നേരമായിട്ടും ഒരു സവാരിപോലും കിട്ടിയില്ളെന്നാണ് മുനവ്വറിന്‍െറ പരിഭവം. ഉത്തരാഖണ്ഡ് ടൂറിസത്തിന് ഇത് ഓഫ് സീസണാണ്.

മലനിരകളുടെയും തടാകങ്ങളുടെയും സൗന്ദര്യം വേണ്ടുവോളമുള്ള ഉത്തരാഖണ്ഡിന്‍െറ പ്രദേശിക സമ്പദ്വ്യവസ്ഥയില്‍ ടൂറിസം നല്‍കുന്ന സംഭാവന ചെറുതല്ല. നോട്ടുനിരോധനം ഉത്തരാഖണ്ഡിന് ഈ ഇനത്തില്‍  70 ശതമാനംവരെ വരുമാന നഷ്ടമുണ്ടായെന്ന് ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. പണഞെരുക്കം വന്നപ്പോള്‍ ആദ്യം വേണ്ടെന്നുവെക്കുന്നത് ഉല്ലാസ യാത്രകളാണല്ളോ. ടൂറിസം മേഖലയിലുള്ളവരുടെ രോഷം ബി.ജെ.പിക്കെതിരെ തിരിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.  ഭീംതാള്‍ തടാകക്കരയില്‍ വോട്ടുതേടിയിറങ്ങിയ കോണ്‍ഗ്രസ് സംഘം കടക്കാരോടും ബോട്ടു തുഴച്ചിലുകാരോടും പറഞ്ഞത് നോട്ടുനിരോധനത്തിന്‍െറ ദുരിതത്തെക്കുറിച്ചാണ്.  മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ റാലികളിലും നോട്ട് നിരോധനം ഉത്തരാഖണ്ഡിന് ഏല്‍പിച്ച ആഘാതത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതിന് കാരണവുമുണ്ട്. മോദിയാണ് ഇവിടെ ബി.ജെ.പിയുടെ മുഖം. മുന്‍ മുഖ്യമന്ത്രിമാര്‍ അഞ്ചു പേര്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

എന്നാല്‍, ഒരാളെപ്പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നില്ല. മോദിയുടെ പ്രതിഛായ മുന്‍നിര്‍ത്തിയാണ് വോട്ട് ചോദിക്കുന്നത്. മോദിയാണ് ഞങ്ങളുടെ താരപ്രചാരകനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് പറഞ്ഞു.  2014ല്‍ മോദി തരംഗത്തില്‍ ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭ സീറ്റുകളും ബി.ജെ.പി തൂത്തുവാരി. അത് ഇക്കുറിയും ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.  വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതരെ ചാക്കിട്ട് ഹരീഷ് റാവത്ത് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം കോടതി ഇടപെടലില്‍ പരാജയപ്പെട്ടത് മോദിക്ക് തിരിച്ചടിയായി. ഹരീഷ് റാവത്തിനുനേരെ സഹതാപ വികാരവുമുണ്ടാക്കി.

തിങ്കളാഴ്ച രാത്രി റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉത്തരാഖണ്ഡിനെ ശരിക്കും കുലുക്കി. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍  റാണിഘട്ടിലെ ടാക്സി ഡ്രൈവര്‍ നരേഷ് പാണ്ഡെ പറഞ്ഞത് ഇങ്ങനെ: ‘‘നവംബര്‍ എട്ടിന് മോദിജിയുടെ വക കിട്ടിയ അടിയോളം വരില്ല ഈ ഭൂകമ്പം. നോട്ടുനിരോധനം  അടിയൊഴുക്കായി മാറുമെങ്കില്‍  അത്  ഉത്തരാഖണ്ഡിലായിരുക്കും.’’

Tags:    
News Summary - votes in utharakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.