തിരുവനന്തപുരം: നിര്‍ണായക സംഘടന, രാഷ്ട്രീയ വിഷയങ്ങള്‍ പരിഗണിക്കുന്ന മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ സംസ്ഥാന ഭരണത്തെ വിമര്‍ശിച്ചും എം.എം. മണി മന്ത്രിസ്ഥാനത്ത് തുടരുന്നതിനെതിരെയും വി.എസ്. അച്യുതാനന്ദന്‍. മണിയെ മന്ത്രിയാക്കിയതിലുപരി സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം, മുന്നണിയിലെ കെട്ടുറപ്പില്ലായ്മ, സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍, നോട്ട് അസാധുവാക്കല്‍ എന്നിവ എടുത്തുപറഞ്ഞുള്ള കത്ത് സി.പി.എം കേന്ദ്രനേതൃത്വത്തിന് വി.എസ് കൈമാറി. വ്യാഴാഴ്ച എ.കെ.ജി സെന്‍ററില്‍ പോളിറ്റ് ബ്യൂറോ യോഗം ആരംഭിക്കുന്നതിന് മുമ്പ് മകന്‍ വി.എസ്. അരുണ്‍കുമാറിന്‍െറ കൈവശമാണ് കത്ത് കൊടുത്തുവിട്ടത്. സി.പി.എം സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് നല്‍കിയത്, പി.ബി കമീഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ നീക്കം മുന്നില്‍ക്കണ്ടുകൂടിയാണെന്നാണ് വിലയിരുത്തല്‍.
ഏഴുമാസമായ പിണറായി വിജയന്‍ സര്‍ക്കാറിന് എതിരെ രൂക്ഷവിമര്‍ശം ഉള്‍ക്കൊള്ളുന്നതാണ് കത്ത്. എല്‍.ഡി.എഫ് സര്‍ക്കാറാണ് ഭരിക്കുന്നതെങ്കിലും ഭരണമാറ്റം ജനത്തിന് അനുഭവിക്കാന്‍ കഴിയുന്നില്ല. ഭരണമാറ്റം എന്തിനുവേണ്ടിയായിരുന്നുവോ അതിനോട് നീതി പുലര്‍ത്തുന്നില്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് അധികാരത്തിലത്തെിയത്. എന്നാല്‍, ഏഴുമാസമായിട്ടും യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഒത്തുതീര്‍പ്പ് ഭരണമാണ് ഇതെന്ന ആക്ഷേപം പൊതുസമൂഹത്തില്‍ ഉയരുകയാണ്.
പാര്‍ട്ടിയെ വിവാദങ്ങളില്‍ കൊണ്ടത്തെിച്ച കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട മണിയെ മന്ത്രിയായി പരിഗണിക്കേണ്ടതില്ളെന്ന് മന്ത്രിസഭാ രൂപവത്കരണവേളയില്‍ കേന്ദ്ര- സംസ്ഥാന നേതൃത്വത്തില്‍ ധാരണയായിരുന്ന കാര്യം വി.എസ് ഓര്‍മിപ്പിക്കുന്നു. അത് ലംഘിച്ച് സംസ്ഥാന നേതൃത്വം അദ്ദേഹത്തെ മന്ത്രിയാക്കിയത് തെറ്റാണ്. കൊലപാതകക്കേസില്‍ വിചാരണ നേരിടേണ്ടിവന്ന മണി ഇപ്പോള്‍ സ്ഥാനത്ത് തുടരുന്നത് അതിലേറെ തെറ്റാണ്. ആര്‍.എസ്.എസ് അനുഭാവിയായ ലോക്നാഥ് ബെഹ്റയെ ഡി.ജി.പിയാക്കി. മാവോവാദി വേട്ടയുടെ പേരില്‍ രണ്ടുപേരെ പൊലീസ് വെടിവെച്ചു കൊന്നു. അതില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി. ഇത് ശരിയല്ല. സി.പി.എം നയത്തിന് എതിരുമാണിത്. റേഷന്‍ വിതരണം താറുമാറായിട്ടും ഫലപ്രദമായി ഇടപെടാനാവുന്നില്ളെന്ന പ്രതീതിയാണുള്ളത്.
സി.പി.എം-ഘടകകക്ഷി മന്ത്രിമാര്‍ തമ്മിലെ തര്‍ക്കം പുറത്തുവരുന്നു. മുന്നണിക്കുള്ളിലോ ഉഭയകക്ഷി ചര്‍ച്ചയിലോ ഇവ പറഞ്ഞുതീര്‍ക്കാന്‍ മുന്‍കൈ എടുക്കുന്നില്ല. ഇത് സര്‍ക്കാറിന്‍െറ കെട്ടുറപ്പിനെ ബാധിക്കും. സമവായത്തിന്‍െറ അടിസ്ഥാനത്തിലുള്ള ഭരണമാണ് വേണ്ടത്. ഭരണവും സംഘടനാ വിഷയങ്ങളും സംബന്ധിച്ച് സംഘടനക്കുള്ളില്‍ കൂടിയാലോചന നടക്കുന്നില്ല. നോട്ട് പ്രതിസന്ധിയില്‍ ദേശീയതലത്തില്‍തന്നെ ശക്തമായ പ്രക്ഷോഭം ഏറ്റെടുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. അതിന് നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.