കളമശ്ശേരി, വടക്കാഞ്ചേരി: നടപടിയെടുത്തെങ്കിലും സി.പി.എമ്മില്‍ ചോദ്യങ്ങള്‍ ബാക്കി

തിരുവനന്തപുരം: സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ കളമശ്ശേരി, വടക്കാഞ്ചേരി പ്രശ്നങ്ങളില്‍ ഭരണ-സംഘടനാതലത്തില്‍ നടപടിയെടുത്തെന്ന് വിശദീകരിക്കുമ്പോഴും കുറ്റാരോപിതരെ സി.പി.എം പൂര്‍ണമായി കൈയൊഴിയാത്തത് വിവാദമാവുന്നു. ഭരണത്തില്‍ പാര്‍ട്ടി ഇടപെടില്ളെന്ന് പറയുമ്പോഴും സംഘടനാതലതീരുമാനം സര്‍ക്കാറിന്‍െറ വിശ്വാസ്യത ചോദ്യംചെയ്യുന്നതായി എന്ന ആക്ഷേപമാണുള്ളത്. ഇതുള്‍പ്പെടെ വിഷയങ്ങള്‍ ഞായറാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും.

വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവിധേയനായ വി.എ. സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും ജില്ല കമ്മിറ്റിയില്‍ തുടരാന്‍ അനുവദിച്ചിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നില്ളെങ്കിലും സക്കീറിന്‍െറ ജാമ്യാപേക്ഷ തള്ളുന്നതിന് ഇടയാക്കിയത് സര്‍ക്കാറിന്‍െറ ശക്തമായ നിലപാടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിലപാടിന്‍െറ പ്രതിഫലനമായാണ് ഇതിനെ വിലയിരുത്തുന്നത്.

വടക്കാഞ്ചേരിയില്‍ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ആരോപണവിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍. ജയന്തനെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും പൂര്‍ണമായി തള്ളാതെ ഇരയുടെ പേര് പരസ്യമാക്കുകയാണ് തൃശൂര്‍ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ചെയ്തത്. രണ്ട് വിഷയങ്ങളിലും സര്‍ക്കാര്‍ നടപടികളെ വെല്ലുവിളിക്കുന്ന സമീപനമാണ് പാര്‍ട്ടിയില്‍നിന്ന് ഉണ്ടായത്.

ഒളിവിലുള്ള സക്കീറിനെ ഇതുവരെ പിടികൂടാന്‍ പൊലീസിനായില്ല. വരുംദിവസങ്ങളില്‍ വിമര്‍ശനം ആഭ്യന്തരവകുപ്പിനെതിരെ തിരിയും. ഗുണ്ടാബന്ധ ആരോപണത്തിന് ഇടയാക്കിയ നേതാവിനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കാത്തത് ഇത്തരക്കാരോടുള്ള പാര്‍ട്ടിയുടെ മൃദുസമീപനത്തിന്‍െറ തെളിവായി ഉയര്‍ത്തിക്കാണിക്കപ്പെടും. എറണാകുളത്ത് ഗ്രൂപ്പോര് മൂര്‍ച്ഛിച്ചപ്പോള്‍ ഒൗദ്യോഗികപക്ഷത്തിന്‍െറ പ്രധാനികളില്‍ ഒരാളായിരുന്നു സക്കീര്‍. നേതൃത്വം അറിയാതെ ജില്ല കമ്മിറ്റിയംഗം ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കില്ളെന്നിരിക്കെ ഇത് പ്രതിപക്ഷത്തിന്‍െറ കൈയില്‍ ആയുധമാകുമെന്ന അഭിപ്രായം സംസ്ഥാന നേതാക്കളില്‍തന്നെയുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ കൂടുതല്‍ ശക്തമായ നടപടിയുണ്ടാവാന്‍ സാധ്യതയുണ്ട്. ജില്ല കമ്മിറ്റിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനൊപ്പം പൊലീസിനുമുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കാനും സാധ്യതയുണ്ട്.

വടക്കാഞ്ചേരി കേസിലെ ഇരയുടെ പേര് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത് എല്‍.ഡി.എഫിലും വിവാദമായി. ഇനി പൊലീസ് അന്വേഷണംകൊണ്ട് എന്ത് കാര്യമെന്ന ആക്ഷേപം പൊതുസമൂഹത്തില്‍ ഉറപ്പിക്കാന്‍ ഇത് ഇടയാക്കുമെന്ന് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. രാധാകൃഷ്ണനെതിരെ നടപടി വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി ആവശ്യപ്പെട്ടത് സി.പി.എമ്മിന് തലവേദനയായി. ഇക്കാര്യത്തിലും സംസ്ഥാനനേതൃത്വം വിശദീകരണം നല്‍കേണ്ടിവരും.

Tags:    
News Summary - wadakkanchery rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.