കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ നേതൃത്വത്തിെൻറ പ്രവർത്തന ശൈലിക്കെതിരെ തുറന്നടിച്ച് വനിത നേതാവ് രാജി അറിയിച്ചതിനെച്ചൊല്ലി വിവാദം. ജൂൺ 23ന് മലപ്പുറത്ത് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ വനിത ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. കെ.പി. മറിയുമ്മയാണ് രൂക്ഷവിമർശനം നടത്തിയത്. വനിത ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചത് നേതാക്കളുടെ നിക്ഷിപ്ത താൽപര്യങ്ങൾ മാത്രം പരിഗണിച്ചാണെന്ന് അവർ ആരോപിച്ചു. വനിത ലീഗ് സംസ്ഥാന കൗൺസിലിെൻറ അഭിപ്രായങ്ങൾ ഒട്ടും മാനിക്കാതെ നടത്തിയ ഭാരവാഹി പ്രഖ്യാപനം അംഗീകരിക്കുന്നില്ലെന്നും അതിനാൽ വനിത ലീഗ് നേതൃയോഗങ്ങളിൽ പെങ്കടുക്കില്ലെന്നും ഹൈദരലി തങ്ങളുടെ മുന്നിൽ മറിയുമ്മ തുറന്നടിച്ചു.
ദേശീയ വൈസ് പ്രസിഡൻറാക്കിയത് തന്നോട് ആലോചിക്കാതെയാണ്. അതുകൊണ്ടുതന്നെ ഇൗ പദവി ആവശ്യമില്ല. അത് നൽകിയവർക്കുതന്നെ തിരിച്ചേൽപിക്കുന്നു. താൻ ഇനി വനിത ലീഗിലേക്കുമില്ല. മുസ്ലിം ലീഗ് പ്രവർത്തകയായി തുടരും. വനിത ലീഗിെൻറ യോഗങ്ങളിൽ തന്നെ ക്ഷണിക്കേണ്ടെന്നും ഹൈദരലി തങ്ങളെ നോക്കി മറിയുമ്മ തുറന്നടിച്ചു. ഇതിനുശേഷം ജൂൺ 27ന് കോഴിക്കോട്ട് ചേർന്ന വനിത ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്ന് മറിയുമ്മ വിട്ടുനിന്നു.
കഴിഞ്ഞ മാസം 29നാണ് വനിത ലീഗിന് പുതിയ ഭാരവാഹികളെ ഹൈദരലി തങ്ങൾ പ്രഖ്യാപിച്ചത്. 1996ൽ രൂപവത്കരിച്ച സംഘടനക്ക് 22 വർഷത്തിനുശേഷമാണ് പുതിയ കമ്മിറ്റി നിലവിൽവന്നത്. ഒരു വർഷം മുമ്പ് ബി.ജെ.പി പ്രവർത്തന ഫണ്ട് ഉദ്ഘാടനം നടത്തിയത് വിവാദമായതിനെ തുടർന്ന് വനിത ലീഗ് അധ്യക്ഷ ഖമറുന്നിസ അൻവറിനെ സ്ഥാനത്തുനിന്ന് നീക്കി കെ.പി. മറിയുമ്മക്ക് ചുമതല നൽകിയിരുന്നു. മേയ് 29ന് പുതിയ സാരഥികളെ പ്രഖ്യാപിച്ചപ്പോൾ മറിയുമ്മക്ക് പകരം സുഹറ മമ്പാട് പ്രസിഡൻറായി. മറിയുമ്മക്കും ഖമറുന്നിസ അൻവറിനും ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനം നൽകി. വനിത ലീഗ് സംസ്ഥാന കൗൺസിലർമാരിൽ ഭൂരിഭാഗവും മറിയുമ്മയുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചതത്രെ. എന്നാൽ, നറുക്ക് വീണത് സുഹറ മമ്പാടിനും.
ലീഗ് നേതൃത്വത്തിെൻറ ഇൗ നിലപാടിൽ വനിത ലീഗിൽ അതൃപ്തി പുകയുകയാണ്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെയും ഒരുവിഭാഗം വനിത നേതാക്കൾ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, നേതൃത്വത്തിെൻറ ഭാഗത്തുനിന്ന് ഇൗ വിഷയത്തിൽ നടപടിയൊന്നുമുണ്ടാവാത്തതിനെ തുടർന്നാണ് ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതിയിൽ മറിയുമ്മ പൊട്ടിത്തെറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.