തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിലെ തർക്കം പരിഹരിച്ച് സമവായത്തിലൂടെ പുനഃസംഘടന പൂർത്തീകരിക്കാൻ തിരക്കിട്ട നീക്കം. തെരഞ്ഞെടുപ്പ് പൂർണമായും ഒഴിവാക്കാതെയും കൂടുതൽ സങ്കീർണതകളിലേക്ക് പോകാതെയും സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചർച്ചകളാണ് സജീവമായത്. ഇതിെൻറ ഭാഗമായി യൂത്ത് കോൺഗ്രസിെൻറ ചുമതലയുള്ള എ.െഎ.സി.സി സെക്രട്ടറി കൃഷ്ണ അല്ലവരു, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി.വി. ശ്രീനിവാസ് എന്നിവർ കഴിഞ്ഞദിവസം രഹസ്യമായി കേരളത്തിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ചനടത്തി. തുടർ ചർച്ച മൂന്നിന് ഡൽഹിയിൽ നടക്കും. അതിനിടെ, സംസ്ഥാനത്തെ രണ്ടു ഗ്രൂപ്പുകളും യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് സജീവമായി പരിഗണിച്ചിരുന്ന എം.എൽ.എമാരെ ഒഴിവാക്കാനും ശക്തമായ സമ്മർദമുണ്ട്.
യൂത്ത് കോൺഗ്രസ് ഭാരവാഹികളെ സംഘടന തെരെഞ്ഞടുപ്പിലൂടെ കണ്ടെത്തണമെന്ന ദേശീയ നേതൃത്വത്തിെൻറ നിലപാടിനോട് സംസ്ഥാന കോൺഗ്രസ് നേതൃത്വം യോജിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് നടന്നാൽ വരാൻപോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇൗ എതിർപ്പ്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ സംസ്ഥാനത്തെ പ്രമുഖനേതാക്കൾക്ക് പുറമെ പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള എം.പിമാരും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നേരിൽക്കണ്ട് തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന കേരള നേതാക്കളുടെ ആവശ്യേത്താട് സോണിയക്കും രാഹുലിനും പൂർണ യോജിപ്പ് ഇല്ലെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ നേതാക്കളുടെ ആവശ്യം പരിഗണിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കൃഷ്ണ അല്ലവരുവും ബി.വി. ശ്രീനിവാസും കേരളത്തിലെത്തി നേതാക്കളെ കണ്ടത്. ഉമ്മൻ ചാണ്ടിയുമായി ഞായറാഴ്ച രാവിലെയും രമേശ് ചെന്നിത്തലയുമായി രാത്രിയുമായിരുന്നു ചർച്ച. യൂത്ത് കോൺഗ്രസ് ദേശീയ ജന. സെക്രട്ടറി രവീന്ദ്രദാസ് തിങ്കളാഴ്ച ഉച്ചക്ക് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനുമായും ചർച്ച നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലേക്ക് യഥാക്രമം ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥ് എന്നീ എം.എൽ.എമാരുടെ പേരുകളാണ് എ, െഎ ഗ്രൂപ്പുകൾ പരിഗണിച്ചിരുന്നത്. എന്നാൽ, എം.എൽ.എമാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനെതിരെ ഗ്രൂപ്പുകൾക്കതീതമായി കടുത്തവിമർശനം ഉയർന്നിരുന്നു.
ഇക്കാര്യം ഗൗരവമായി പരിഗണിച്ച ഗ്രൂപ് നേതൃത്വങ്ങൾ ജനപ്രതിനിധികളെ ഒഴിവാക്കി പകരക്കാരെ രംഗത്തിറക്കാൻ ആലോചിക്കുകയാണ്.
മാത്രമല്ല രണ്ട് എം.എൽ.എമാർക്കും യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കേണ്ട പ്രായപരിധിയായ 35 വയസ്സ് കഴിയുകയും ചെയ്തു. ഇവർക്ക് പകരം ആര് വരുമെന്ന് വ്യക്തതയില്ലെങ്കിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചവരായി ദേശീയനേതൃത്വം തയാറാക്കിയ പട്ടികയിലുള്ളവരായിരിക്കും പരിഗണിക്കപ്പെടുക. എ ഗ്രൂപ്പിലെ റിയാസ് മുക്കോളി, എൻ.എസ്. നുസൂർ, എസ്.ജെ. പ്രേംരാജ്, റോബിൻ പരുമല, െഎ ഗ്രൂപ്പിലെ റിജിൽ മാങ്കുറ്റി, ബി.കെ. രാകേഷ്, വിദ്യ ബാലകൃഷ്ണൻ, എസ്.എം. ബാലു, ബി.എസ്. അനൂപ്, തനീഷ്ലാൽ എന്നിവരാണ് ഇൗ പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.