പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ള പത്തുപേരെ അഖിലേന്ത്യകമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും സജീവമായി പരിഗണിക്കപ്പെടുന്നത് ഷാഫി പറമ്പിൽ, റിയാസ് മുക്കോളി, എൻ.എസ്. നുസൂർ എന്നിവരെന്ന് സൂചന. സമവായമാണെങ്കിൽ പ്രസിഡൻറ് സ്ഥാനം ‘എ’ ഗ്രൂപ്പിനും വൈസ് പ്രസിഡൻറ് സ്ഥാനം ‘ഐ’ ഗ്രൂപ്പിനുമെന്ന് ഇരുഗ്രൂപ്പുകൾക്കുമിടയിൽ പൊതുധാരണയായ സാഹചര്യത്തിലാണ് ഈ മൂന്ന് എ ഗ്രൂപ്പ് നേതാക്കൾക്ക് സാധ്യത കൈവന്നത്. തെരഞ്ഞെടുപ്പാണെങ്കിലും എ ഗ്രൂപ്പ് പ്രസിഡൻറ് സ്ഥാനാർഥികൾ ഇവരിലൊരാളാവും.
സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്ന് കെ.എസ്. ശബരീനാഥ്, റിജിൽ മാക്കുറ്റി എന്നിവരാണ് പരിഗണിക്കപ്പെടുന്നത്. അർഹരുടെ പട്ടികയിലുൾപ്പെട്ട ഐ ഗ്രൂപ്പ് നേതാവ് ഹൈബി ഈഡൻ എം.പി പ്രസിഡൻറ് സ്ഥാനത്തേക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊരു എം.പിയായ രമ്യ ഹരിദാസിനെ എ ഗ്രൂപ്പ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുമില്ല. ഉമ്മൻചാണ്ടിയുടേതടക്കം പിന്തുണയുള്ളതിനാൽ പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രഥമ പരിഗണന ഷാഫി പറമ്പിലിന് തന്നെയാണ്.
ജനപ്രതിനിധികളെ മാറ്റിനിർത്താൻ പൊതുതീരുമാനമായാൽ മലപ്പുറം ലോക്സഭ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളിക്കാണ് സാധ്യത. എന്നാൽ, മലബാറിൽ നിന്നുള്ള എ ഗ്രൂപ്പ് നേതൃത്വത്തിെൻറ ഉറച്ച പിന്തുണ റിയാസിനില്ലാത്തതാണ് മുൻകമ്മിറ്റിയിലെ സംസ്ഥാന സെക്രട്ടറിയായ തിരുവനന്തപുരം സ്വദേശി എൻ.എസ്. നുസൂറിെൻറ പേര് ഉയരാൻ കാരണമായത്.
കോൺഗ്രസിന് ഭരണമുള്ള സംസ്ഥാനങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻറുമാരെ മന്ത്രിയാക്കിയ സാഹചര്യമാണ് ആദ്യം പിൻവലിഞ്ഞ ഷാഫി പറമ്പിൽ പിന്നീട് ശക്തമായ അവകാശവാദവുമായി മുന്നോട്ടുവരാൻ കാരണമായതെന്ന് പറയുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലുവ മുൻസിഫ് കോടതിയിലുള്ള കേസിൽ ഡിസംബർ 17ന് വാദം കേൾക്കും. തെരഞ്ഞെടുപ്പ് മുൻസിഫ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി റിട്ടേണിങ് ഓഫിസർ അറിയിച്ചതോടെ ഇത് സംബന്ധിച്ച വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വന്നുകണ്ട കേരള നേതാക്കളോട് സോണിയഗാന്ധിയും രാഹുൽ ഗാന്ധിയും അനുകൂലമായല്ല പ്രതികരിച്ചത്.
വയനാട് മണ്ഡലത്തിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയപ്പോഴും രാഹുൽ, നേതാക്കളുടെ ആവലാതികൾക്ക് ചെവികൊടുത്തില്ല. എന്നാലും, പ്രബല ഗ്രൂപ്പുകളെ പിണക്കാതെ ഭാരവാഹികളെ തീരുമാനിക്കണമെന്ന നിർദേശം എ.െഎ.സി.സിയിൽനിന്ന് അഖിലേന്ത്യ യൂത്ത് േകാൺഗ്രസ് നേതൃത്വത്തിന് ലഭിച്ചെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.