മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഞായറാഴ്ച ആലപ്പുഴയിൽ നടത്തിയ യൂത്ത് സമ്മിറ്റിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം. യുവജന വിഭാഗത്തിന് മാത-ൃസംഘടനയിൽനിന്ന് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് ചില ജില്ല, സംസ്ഥാന ഭാരവാഹികൾ തുറന്നടിച്ചു. പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉൾപ്പെടെയുള്ളവരെ വേദിയിലിരുത്തിയായിരുന്നു അഭിപ്രായപ്രകടനം. ഹർഷാരവങ്ങളോടെയാണ് സദസ്സ് ഇത് വരവേറ്റത്.
പ്രതിപക്ഷത്തെ പ്രമുഖ യുവജന സംഘടനയായ യൂത്ത് ലീഗ് വിവിധ സമരങ്ങളുമായി രംഗത്തെത്തുമ്പോൾ ലീഗ് നേതൃത്വത്തിൽനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രതിനിധികൾ പരാതിപ്പെട്ടു. പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് വിമർശനത്തിന് തുടക്കമിട്ടത്. ലീഗ് ഭാരവാഹിത്വത്തിൽ യൂത്ത് ലീഗിന് പ്രാതിനിധ്യമില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും യുവാക്കളെ പാർട്ടി അവഗണിക്കുകയാണ്. യൂത്ത് കോൺഗ്രസിന് കോൺഗ്രസും ഡി.വൈ.എഫ്.ഐക്ക് സി.പി.എമ്മും നൽകുന്ന പ്രാധാന്യം കണ്ട് പഠിക്കണമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ മാതൃസംഘടനാ നേതാക്കളെ ഉണർത്തി.
250ഓളം പ്രതിനിധികൾ പങ്കെടുത്ത യൂത്ത് സമ്മിറ്റിെൻറ പൊതുവികാരമെന്നോണമായിരുന്നു വിമർശനത്തിന് ലഭിച്ച കൈയടി. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളാണ് യൂത്ത് ലീഗ് നേതാക്കളെ ഇതിന് പ്രേരിപ്പിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനുമുമ്പ് അഭിപ്രായം പ്രകടിപ്പിക്കാൻ ലഭിച്ച അവസാന അവസരമായി യൂത്ത് സമ്മിറ്റിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ഇവർ. വിവാദ പോസ്റ്റിട്ട എം.എസ്.എഫ് ദേശീയ ഭാരവാഹി എൻ.എ. കരീമിനെതിരെ കടുത്ത നടപടിയെടുത്തത് ശരിയായില്ലെന്ന് ചിലർ പരോക്ഷമായി നേതൃത്വത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.