പാലക്കാട്: യുവമോർച്ചയിലെ പുനഃസംഘടനയിലും ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഗ്രൂപ് പോര് നിഴലിച്ചതോടെ പ്രവർത്തകർ അസംതൃപ്തിയിൽ. സംസ്ഥാന സമിതിയിലെ ഏറ്റവും മുതിർന്ന അംഗമായ ആർ.എസ്. രാജീവിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി വൈസ് പ്രസിഡൻറാക്കി ഒതുക്കിയതാണ് പ്രവർത്തകരെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ല പ്രസിഡൻറും താരതമ്യേന ജൂനിയറുമായ വ്യക്തിയെ വൈസ് പ്രസിഡൻറാക്കിയതും പാർട്ടിയിലെ വിഭാഗീയതയുടെ അടിസ്ഥാനത്തിലാണെന്നാണ് ആക്ഷേപം.
ആർ.എസ്. രാജീവ്, വി. മുരളീധരൻ-കെ. സുരേന്ദ്രൻ പക്ഷത്തെ പ്രമുഖനാണ്. പുതുതായി ജനറൽ സെക്രട്ടറിയാക്കിയ രഞ്ജിത് ചന്ദ്രനാകട്ടെ മുരളീധര വിരുദ്ധ പക്ഷക്കാരനുമാണ്. സംസ്ഥാന സമിതിയിലെ മുരളീധരപക്ഷക്കാരെ മുഴുവൻ വെട്ടിയത് യുവമോർച്ചയുടെ ചുമതലക്കാരനായ ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി. രമേശിെൻറ ആശിർവാദത്തോടെയാണെന്നാണ് പ്രവർത്തകർ പറയുന്നത്. കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡൻറായ ഉടനെയാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ യുവമോർച്ച ചുമതലയിൽനിന്ന് മാറ്റി മറ്റൊരു ജനറൽ സെക്രട്ടറിയായ എം.ടി. രമേശിന് ചുമതല നൽകിയത്. അന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറായിരുന്ന പി. സുധീറിനെ ഒഴിവാക്കിയാണ് അഡ്വ. കെ.പി. പ്രകാശ് ബാബുവിനെ സംസ്ഥാന പ്രസിഡൻറാക്കിയത്. ദലിത് നേതാവായ സുധീറിന് വേണ്ട പരിഗണന നൽകിയില്ലെന്ന ആക്ഷേപം മുന്നേ ഉയർന്നിരുന്നു. ഇദ്ദേഹത്തെ പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറാക്കിയത് ഒതുക്കാനാണെന്നും ആക്ഷേപമുയർന്നതാണ്. സാധാരണ സ്ഥാനമൊഴിയുന്നവരെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലേക്ക് പരിഗണിക്കലാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.