പ്രവീൺ റാണക്ക് 24 ഇടത്ത് ഭൂമി; മഹാരാഷ്ട്രയിലും നിക്ഷേപം

തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ ശേഖരിച്ച് പൊലീസ്. പ്രവീൺ റാണ 24 സ്ഥലത്ത് ഭൂമി വാങ്ങിച്ചതായും മഹാരാഷ്ട്രയിൽ വെൽനെസ് ഹോസ്പിറ്റാലിറ്റി മേഖലയിൽ നിക്ഷേപം നടത്തിയതായും ഇതിനകം കണ്ടെത്തി.

കേരളത്തിന് അകത്തും പുറത്തുമായാണ് ഭൂമികൾ വാങ്ങിക്കൂട്ടിയിട്ടുള്ളത്. പ്രവീൺ റാണ ഒറ്റക്കായിട്ടല്ല, ബിസിനസ് പങ്കാളിയായ അടുപ്പക്കാരന്‍റെയും ബിനാമികളുടെയും പേരിലാണ് ഭൂമി വാങ്ങിയതായി കണ്ടെത്തിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ ഷെയറുകൾ വാങ്ങിയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.

മുംബെയിലെ ഐയാൺ വെൽനെസിന്റെ 7500 ഷെയർ വാങ്ങിയതിന്റെ രേഖകളാണ് ലഭിച്ചിരിക്കുന്നത്. ആധാരങ്ങളിൽ വില കുറച്ച് കാണിച്ച് നികുതി വെട്ടിച്ചതായും കണ്ടെത്തി. ഒരു ഭൂമിയിടപാടിൽ ആധാരത്തിൽ 1.10 കോടി രൂപയാണ് വില കാണിച്ചിരിക്കുന്നത്. ആധാരത്തിൽ കാണിച്ച വിലയുടെ മൂന്നര ഇരട്ടിയോളം ഈ ഭൂമിക്ക് വിലയുള്ളതായി വ്യക്തമായി. ബംഗളൂരു, കണ്ണൂർ ഉദയഗിരി, പാലക്കാട്, തൃശൂർ ജില്ലയിലെ മൂന്നിടത്ത് എന്നിവിടങ്ങളിലെ ഭൂമികളാണ് പൊലീസ് കണ്ടെത്തിയത്.

സുഹൃത്തും ബിസിനസ് പങ്കാളിയുമായ കണ്ണൂർ സ്വദേശിക്ക് 16 കോടി നൽകിയതായി റാണ മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 16 കോടിയോളം കൊച്ചിയിലെ പബ്ബിൽ മുതൽ മുടക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രവീൺ റാണ നേരിട്ട് നിക്ഷേപം നടത്തിയതാണോ സുഹൃത്ത് വഴിയാണോ എന്ന് വ്യക്തമായിട്ടില്ല. മറ്റ് ഏതെങ്കിലും മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 100 കോടിയോളം തട്ടിപ്പ് നടത്തിയെന്നാണ് വിലയിരുത്തൽ.

പ്രവീൺ റാണയുടെയും ബിനാമികളുടെയും പേരിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രവീൺ റാണക്കെതിരെ രണ്ട് ദിവസങ്ങളിലായി ലഭിച്ചത് നൂറോളം പരാതികളാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ചൊവ്വാഴ്ച പൊലീസ് സംഘം അന്വേഷണ പുരോഗതി വിലയിരുത്താൻ യോഗം ചേരുന്നുണ്ട്.

Tags:    
News Summary - Praveen Rana owns 24 plot, invest in Maharashtra too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.