പുനലൂർ: തെന്മല ജങ്ഷനിലുള്ള വനംവകുപ്പിന്റെ ഷെഡ് നവീകരിച്ച് കമ്യൂണിറ്റി ഹാളാക്കാനുള്ള തീരുമാനം യാഥാർഥ്യമായില്ല. വനംവകുപ്പിന്റെ തടി ഡിപ്പോയിലുള്ള രണ്ട് ഷെഡുകളിൽ ഒരെണ്ണമാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നിലയിൽ കമ്യൂണിറ്റി ഹാളാക്കാൻ നടപടി തുടങ്ങിയത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വനം മന്ത്രിയായിരുന്ന കെ. രാജുവാണ് ഇതുസംബന്ധിച്ച് ജനങ്ങൾക്ക് ഉറപ്പ് നൽകിയത്.
പഞ്ചായത്ത് ഏറ്റെടുക്കാൻ തയാറായാൽ വിട്ടുകൊടുക്കാനും അല്ലെങ്കിൽ വനംവകുപ്പ് ഇതിനുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വിവരം തെന്മല പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഷെഡ് നവീകരിച്ച് ഹാളാക്കാനുള്ള ഫണ്ടില്ലാത്തതിനാൽ ഇവർ തയാറായില്ല. വനം വകുപ്പും ഇതിന് താൽപര്യം കാട്ടിയില്ല.
വിലകൂടിയ തടികൾ സൂക്ഷിക്കാനായി വർഷങ്ങൾക്കു മുമ്പ് വനം വകുപ്പ് നിർമിച്ചതാണ് ഷീറ്റ് മേഞ്ഞ ഈ ഷെഡുകൾ. ഇതിൽ ഒരെണ്ണം ഉപയോഗപ്രദമല്ലെങ്കിലും മറ്റൊന്ന് നവീകരിച്ച് പൊതുപരിപാടികൾക്കും മറ്റും ഉപയോഗിക്കാവുന്നതാണ്. 100 മീറ്ററോളം നീളവും അതിനനുസൃതമായി വീതിയുള്ളതാണ്. ഇതിന്റെ വശങ്ങൾ മറച്ച് മറ്റ് സൗകര്യങ്ങൾ ഒരുക്കിയാൽ വിവാഹങ്ങൾ, പൊതുയോഗം തുടങ്ങിയവ നടത്തുന്നതിന് കഴിയും. മതിയായ ഹാളുകൾ തെന്മലയിൽ ഇല്ലാത്ത കാരണം കല്യാണം മറ്റും വളരെ ദൂരെയെത്തി വലിയ വാടകക്ക് എടുക്കേണ്ടി വരുന്നു.
തോട്ടം തൊഴിലാളികളും മറ്റ് സാധാരണക്കാരും കൂടുതലായുള്ള പഞ്ചായത്തിൽ വളരെ ഉപകാരമായിരുന്നു. കൂടാതെ പൊതുപരിപാടികൾ നടത്തുന്നതിനും മതിയായ സൗകര്യം ഇവിടില്ല. പഞ്ചായത്തിന് ആവശ്യമായ ഫണ്ട് ഇല്ലാത്തതാണ് ഏറ്റെടുക്കാൻ തയാറാകാതിരുന്നതെന്നാണ് അധികൃതർ പറയുന്നത്. ഷെഡ് ആകട്ടെ കന്നുകാലികളും നായ്കളും താവളമാക്കിയതോടെ നാശത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.