ന്യൂഡൽഹി: ജൂണിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയിലെ വിവിധ വേദികളിൽ നടക്കുന്ന അഞ്ച് മത്സര ട്വന്റി 20 പരമ്പരക്കുള്ള ദേശീയ ടീമിനെ കെ.എൽ. രാഹുൽ നയിക്കും. ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജമ്മു-കശ്മീരിൽ നിന്നുള്ള പേസർ ഉമ്രാൻ മാലിക്, പഞ്ചാബ് കിങ്സിന്റെ ഡെത്ത് ഓവർ സ്പെഷലിസ്റ്റായ മീഡിയം പേസർ അർഷദീപ് സിങ് എന്നിവർക്ക് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി.
നായകൻ രോഹിത് ശർമ, സീനിയർ താരങ്ങളായ വിരാട് കോഹ് ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ മികവ് പുറത്തെടുത്ത ദിനേശ് കാർത്തികും ഹർദിക് പാണ്ഡ്യയും തിരിച്ചെത്തി. ഫെബ്രുവരിയിൽ ശ്രീലങ്കക്കെതിരെ ട്വന്റി20 പരമ്പര കളിച്ച ടീമിലുണ്ടായിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണും ബൗളർ മുഹമ്മദ് സിറാജിനും അവസരമില്ല. പരിക്കേറ്റ രവീന്ദ്ര ജദേജ, സൂര്യകുമാർ യാദവ്, ദീപക് ചഹർ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.
ജൂലൈ ആദ്യം ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ചേതേശ്വർ പുജാര തിരിച്ചെത്തി. ട്വന്റി20: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക് വാദ്, ഇശാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഹർദിക് പാണ്ഡ്യ, വെങ്കിടേശ് അയ്യർ, യുസ് വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷദീപ് സിങ്, ഉമ്രാൻ മാലിക്.
ടെസ്റ്റ്: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ് ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പുജാര, ഋഷഭ് പന്ത്, കെ.എസ്. ഭരത്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ശാർദുൽ ഠാകൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.