തിരുവനന്തപുരം: തുമ്പയിൽനിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിച്ചിട്ട് 60 വർഷം. 1963 നവംബർ 21നാണ് തുമ്പയിലെ മേരി മഗ്ദലനമറിയം കത്തോലിക്ക പള്ളിക്ക് മുന്നിൽനിന്ന് രാജ്യത്തെ ആദ്യ സൗണ്ടിങ് റോക്കറ്റ് കുതിച്ചുയർന്നത്.
‘നൈക്കി അപ്പാച്ചേ’ റോക്കറ്റാണ് ഇവിടെനിന്ന് ഉയർന്നുപൊങ്ങിയത്. ഡോ. എ.പി.ജെ. അബ്ദുൽ കലാമിനായിരുന്നു വിക്ഷേപണത്തിന്റെ സുരക്ഷാചുമതല. ഭൂമിയുടെ കാന്തിക ബലരേഖ കടന്നുപോകുന്ന സ്ഥലമെന്ന പ്രത്യേകതയുള്ള തുമ്പയിലെ വിക്ഷേപണ കേന്ദ്രം തുടർന്ന് ‘തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ’ എന്നറിയപ്പെട്ടു. പിന്നീട് വിക്രം സാരാഭായ് സ്പേസ് സെന്ററായും മാറി. സൗണ്ടിങ് റോക്കറ്റുപയോഗിച്ച് അന്തരീക്ഷത്തിന്റെ മേൽഭാഗത്തെക്കുറിച്ച് പഠിക്കുകയാണ് ആദ്യം ചെയ്തിരുന്നത്.
പിന്നീട് തുമ്പ ഗ്രാമം കേന്ദ്രം ഏറ്റെടുത്ത് ബഹിരാകാശ കേന്ദ്രം പണിതു. 1980 ജൂലൈ 18ന് ഇന്ത്യൻ നിർമിത റോക്കറ്റായ എസ്.എൽ.വി -ത്രീ ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് രാജ്യം ചരിത്രം സൃഷ്ടിച്ചു. ഇതോടെ ഉപഗ്രഹ വിക്ഷേപണ ശേഷി കൈവരിച്ച ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. 1992 മേയ് 20ന് പി.എസ്.എൽ.വിയുടെ വിജയകരമായ ആദ്യ വിക്ഷേപണം നടന്നു. 2001 ഏപ്രിൽ 18നായിരുന്നു ജി.എസ്.എൽ.വിയുടെ ആദ്യ വിക്ഷേപണം.
ആദ്യ വിക്ഷേപണത്തിന്റെ 60ാം വർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 8.45ന് വി.എസ്.എസ്.സിയിൽ നടക്കുന്ന സമ്മേളനം കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.