ശ്രീഹരിക്കോട്ട: വിജയകരമായി വിക്ഷേപിച്ച സ്പെയ്ഡെക്സ് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ ലഭിച്ചു തുടങ്ങിയതായി ഐ.എസ്.ആർ.ഒ. സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ സ്പേസ് സ്റ്റേഷനിൽ പോകാനും മനുഷ്യനെ കൊണ്ടു പോകാനും മനുഷ്യനെ കൊണ്ടു പോകുന്ന വാഹനങ്ങളെ സ്പേസ് സ്റ്റേഷനുമായി ഘടിപ്പിക്കാനും സാധിക്കും. കൂടാതെ, പല ഭാഗങ്ങളായി വിക്ഷേപിക്കുന്ന സ്പേസ് സ്റ്റേഷനെ കൂട്ടിയോജിപ്പിക്കാനും കഴിയുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടായി ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് ഇന്നലെയാണ് വിജയകരമായി വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങൾ വഹിച്ച് പി.എസ്.എല്‍.വി സി60 റോക്കറ്റാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് തിങ്കളാഴ്ച രാത്രി 10 മണിക്ക് പറന്നുയർന്നത്.
ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ജനുവരി ഏഴിന് ഒന്നായി ചേരുന്ന ഡോക്കിങ് പൂർത്തിയാക്കും. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍ കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക.
ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവ തമ്മിൽ അകലം കുറച്ചുകൊണ്ടു വന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകം പോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ്‍ഡോക്കിങ് നടത്തും. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും.
ഇതാദ്യമായാണ് ഇന്ത്യ ബഹിരാകാശത്തുവെച്ച് ഡോക്കിങ് പരീക്ഷിക്കുന്നത്. നിലവില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയത്. പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഈ സാങ്കേതികവിദ്യയിലൂടെയാണ്.
ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടാവും നിര്‍മിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.