കുവൈത്ത് സിറ്റി: കുവൈത്തിന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും വഹിച്ചുകൊണ്ട് ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 ബഹിരാകാശത്തേക്ക് കുതിച്ചു. യു.എസിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്സ് ബേസിൽനിന്ന് കുവൈത്ത് സമയം വൈകീട്ട് 5.55നായിരുന്നു വിക്ഷേപണം.
ബഹിരാകാശ പര്യവേക്ഷണ ടെക്നോളജീസ് കോർപറേഷന്റെ (സ്പേസ് എക്സ്) ഫാൽക്കൺ-9 റോക്കറ്റാണ് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. നേരത്തേ തിങ്കളാഴ്ച വിക്ഷേപിക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും കാലാവസഥ പ്രതികൂലമായതിനാൽ ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
പൂര്‍ണമായും കുവൈത്തില്‍ നിര്‍മിതമായ ആദ്യ ഉപഗ്രഹമാണ് കുവൈത്ത് സാറ്റ്-1. കുവൈത്ത് യൂനിവേഴ്സിറ്റിയുടെ (കെ.യു) കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് സയൻസിലെ വിദ്യാർഥികൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (കെ.എഫ്.എ.എസ്), കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കെ.ഐ.എസ്.ആർ) എന്നിവിടങ്ങളിലെ ശാസ്ത്രപ്രതിഭകൾ എന്നിവരാണ് ഇതിനുപിന്നിൽ.
ഡോ. ഹാല അൽ ജസ്സാർ ആണ് പ്രോജക്ട് ഡയറക്ടർ. ഡോ. അഹമ്മദ് അൽകന്ദ്രി ഓപറേഷൻ ഡയറക്ടറാണ്. 3,16,000 ദിനാർ (1.032 ദശലക്ഷം യു.എസ് ഡോളർ) ആണ് ചെലവ്. നാല് വർഷത്തോളം ഗവേഷണവും പഠനവും നടത്തിയാണ് പ്രോജക്ട് പൂർത്തിയാക്കിയത്. കുവൈത്തിന്റെ ബഹിരാകാശ കഴിവുകൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് കുവൈത്ത് സാറ്റ്-1ൽ തുടക്കംകുറിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.