ബംഗളൂരു: സ്പെയ്ഡെക്സ് ദൗത്യത്തിന്‍റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചതായി ഐ.എസ്.ആര്.ഒ. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളുടെ അകലമാണ് കുറച്ചത്. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 1.5 കിലോമീറ്ററിലേക്കാണ് കുറച്ചത്. ഉപഗ്രഹങ്ങളുടെ അകലം കുറക്കൽ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ഒന്നായി ചേരുന്ന സ്പേസ് ഡോക്കിങ് പ്രക്രിയ ജനുവരി ഏഴിന് പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജനുവരി ഒമ്പതിലേക്ക് ഐ.എസ്.ആർ.ഒ മാറ്റിയിരുന്നു. 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് അകലം കുറക്കുന്നതിനിടെ ത്രസ്റ്ററുകൾ പ്രവർത്തിച്ചപ്പോൾ വേഗം കൂടി പോവുകയും വീണ്ടും ഉപഗ്രഹങ്ങളുടെ അകലം കൂട്ടുകയും ചെയ്യേണ്ടി വന്നു.
തുടർന്ന് ഏഴ് കിലോമീറ്ററിലേക്ക് വർധിപ്പിച്ച ശേഷമാണ് വീണ്ടും അകലം കുറച്ചു തുടങ്ങിയത്. 4.8 കിലോമീറ്ററിൽ എത്തിയ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലമാണ് ഇപ്പോൾ 1.5 കിലോമീറ്ററിലേക്ക് എത്തിച്ചത്. ഇത് 500 മീറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഇരു ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് നടത്തുന്നതിനെ കുറിച്ച് ഐ.എസ്.ആർ.ഒയുടെ അറിയിപ്പ് വൈകാതെ ഉണ്ടാകും.
നിലവിൽ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവ തമ്മിൽ അകലം കുറച്ചുകൊണ്ടു വന്നശേഷം രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയോജിപ്പിക്കുക (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം അവയെ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ്‍ഡോക്കിങ് നടത്തും. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തിക്കും.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടായാണ് ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചത്. ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളാണ് സ്പെയ്ഡെക്സിൽ ഉള്ളത്. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍ കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.
സ്പെയ്ഡെക്സ് ദൗത്യത്തിന്‍റെ ഭാഗമായി പോയെം-4ൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് കൈയും ബഹിരാകാശത്തെ മാലിന്യങ്ങൾ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും (റോബോട്ടിക് ആം) കഴിഞ്ഞ ദിവസങ്ങളിൽ വിജയകരമായി പ്രവർത്തിപ്പിച്ചിരുന്നു. പോയം-4ന്‍റെ പ്ലാറ്റ്ഫോമിൽ നിന്ന് നാല് ജോയിന്‍റുകൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ചെറിയ ഉപഗ്രഹ ഭാഗങ്ങളെയും മാലിന്യങ്ങളെയും പിടിച്ചെടുക്കാനും ചേർത്തുവെക്കാനും റോബോട്ടിക് കൈക്ക് സാധിക്കും.
ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.
നിലവില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയത്. പല തവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഈ സാങ്കേതിക വിദ്യയിലൂടെയാണ്. ഇതാദ്യമായാണ് ഇന്ത്യ ബഹിരാകാശത്തുവെച്ച് ഡോക്കിങ് പരീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.