ന്യൂഡൽഹി: ബഹിരാകാശത്ത് ചരിത്രനേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ. ഗുരുത്വാകര്‍ഷണബലം ഇല്ലാതെ നാലുദിവസംകൊണ്ട് ബഹിരാകാശത്ത് പയര്‍വിത്ത് മുളപ്പിച്ചാണ് ഐ.എസ്.ആർ.ഒ സുപ്രധാന നേട്ടം കൈവരിച്ചത്. പോയം-4 (പി.എസ്.എല്‍.വി. ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റ് മൊഡ്യൂള്‍)ദൗത്യത്തിലെ 24 പരീക്ഷണ ഉപകരണങ്ങളിലൊന്നായ കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് അഥവാ ക്രോപ്‌സ് ഉപയോഗിച്ചാണ് ഐ.എസ്.ആര്‍.ഒ. വിത്തുകള്‍ മുളപ്പിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) ആണ് ക്രോപ്‌സ് വികസിപ്പിച്ചത്.
പി.എസ്.എല്‍.വി-സി 60 റോക്കറ്റ് ഉപയോഗിച്ച് തിങ്കളാഴ്ചയാണ് പോയെം-4 ദൗത്യം വിക്ഷേപിച്ചത്. എട്ട് പയര്‍വിത്തുകളാണ് ബഹിരാകാശത്ത് എത്തിച്ചത്. മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളക്കുന്നതിനെ കുറിച്ചും സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ക്രോപ്‌സ്. അടച്ച് പൂട്ടിയ പെട്ടിക്കുള്ളില്‍ നിയന്ത്രിതമായ സാഹചര്യത്തിലാണ് പയര്‍ വിത്തുകള്‍ മുളപ്പിച്ചത്. താപനില ഉള്‍പ്പെടെ കൃത്യമായി നിയന്ത്രിച്ചു നടത്തിയ പരീക്ഷണം ബഹിരാകാശത്തോ മറ്റൊരു ഗ്രഹത്തില്‍ തന്നെയോ ഭാവിയില്‍ കൃഷി നടത്താനുള്ള ഗവേഷണങ്ങള്‍ക്ക് അടിത്തറ നല്‍കുന്നതാണ്.
ചെടിയുടെ വളര്‍ച്ച ഓരോ നിമിഷവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകളാണ് ക്രോപ്‌സ് മൊഡ്യൂളിലുള്ളത്. ഉയര്‍ന്ന റെസൊല്യൂഷനുള്ള ക്യാമറ, ഓക്‌സിജന്റേയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റേയും അളവുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനം, ആപേക്ഷിക ആര്‍ദ്രത അളക്കാനുള്ള ഉപകരണം, താപനില നിരീക്ഷിക്കാനുള്ള സംവിധാനം, മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് വിലയിരുത്താനുള്ള സംവിധാനം എന്നിവയാണ് ക്രോപ്‌സിലുള്ളത്.
നാലുദിവസം കൊണ്ടു പയർവിത്ത് മുളപൊട്ടിയത് ഐ.എസ്.ആർ.ഒയുടെ ചരിത്ര നേട്ടമാണ്. ദിവസങ്ങൾക്കുള്ളിൽ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തീരുന്നതോടെ മുള നശിക്കാൻ സാധ്യതയുണ്ട്. ഗ്രഹാന്തര പരിസ്ഥിതികളിലേക്കുള്ള സുസ്ഥിരമായ കാര്‍ഷികരീതികള്‍ വികസിപ്പിക്കാനുള്ള ബഹുമുഖ പ്ലാറ്റ്‌ഫോമെന്ന നിലയിലാണ് ക്രോപ്‌സ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ലെറ്റ്യൂസ് വളർത്താനുള്ള പരീക്ഷണത്തിൽ നാസയുടെ ബഹിരാകാശ പര്യവേക്ഷകയായ സുനിത വില്യംസ് നേതൃത്വം നൽകിയിരുന്നു. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ സസ്യത്തിന്റെ വളര്‍ച്ച നിരീക്ഷിക്കാനാണ് പരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.