ബി.ജെ.പി കൊണ്ടുവന്ന ആചാര സംരക്ഷണത്തിന്റെ തുമ്പു പിടിച്ചത് വീഴ്ചയാണെന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം വിശകലനം ചെയ്യുന്ന ഫേസ്ബുക്ക് കുറിപ്പില്‍ ഡോ. ബെറ്റി മോള്‍ മാത്യു. ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വൈകാരികമായ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ബെറ്റി മോള്‍ മാത്യു പറയുന്നു.
ബി.ജെ.പി കൊണ്ടുവന്ന ആചാര സംരക്ഷണത്തിന്റെ തുമ്പു പിടിച്ചത് വീഴ്ചയാണ്. എല്ലാ ആചാരങ്ങളും തല കുത്തി വീണ കോവിഡ് കാലത്ത് സാമ്പത്തികമാണ് ജനം നേരിടുന്ന പ്രധാന പ്രശ്‌നമെന്നും ഈ സാഹചര്യത്തില്‍ ഊന്നല്‍ കൊടുക്കേണ്ടത് ന്യായ് പദ്ധതിക്കായിരുന്നെന്നും കുറിപ്പില്‍ വിമര്‍ശിക്കുന്നു.
ഏതെങ്കിലും നേതാക്കള്‍ക്ക് മേല്‍ ധാര്‍മ്മിക ഉത്തരവാദിത്വം കെട്ടിവച്ച് ബാക്കിയുള്ളവര്‍ കൈ കഴുകിയാല്‍ പാര്‍ട്ടി വളരില്ലെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കുക. ഗ്രൂപ്പ് കേന്ദ്രികൃതവും വ്യക്തി കേന്ദ്രീകൃതവുമായ താല്‍പര്യങ്ങള്‍ കോണ്‍ഗ്രസിനു നാശമേ ഉണ്ടാക്കിയിട്ടുള്ളൂ. ഗ്രൂപ്പു സമവാക്യങ്ങളിലൂടെ അല്ലാതെ മികച്ച സംഘാടകനായ കെ.പി.സി.സി പ്രസിഡന്റും ഉണ്ടാവാനിടയാവട്ടെയെന്നും കുറിപ്പില്‍ പറയുന്നു.
ഉത്തിഷ്ഠത .... !
ജാഗ്രത ......!
മറ്റാരോടുമല്ല കോൺഗ്രസ്കാരോടാണ്. മരണം വരെ കോൺഗ്രസ് ആയിരിക്കുമെന്ന വൈകാരിക പ്രതികരണങ്ങളും ഒന്നോ രണ്ടോ നേതാക്കൾ രാജി വച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന ഒറ്റമൂലികളും കൊണ്ട് സോഷ്യൽ മീഡിയ ചുവരുകൾ നിറയുന്നത് കണ്ടിട്ടാണ്. അത്തരം ലഘുവായ പരിഹാരങ്ങൾ, ചില മാറ്റി നിർത്തലുകൾ ഒക്കെ മുമ്പും ഉണ്ടായിട്ടില്ലേ. എന്നിട്ട് എന്തേലും നേട്ടമുണ്ടായോ?
2004 മുതൽ 2014 വരെ 10 കൊല്ലക്കാലം ലോക് സഭയിൽ ബി ജെ പി പ്രതിപക്ഷത്തിരുന്നപ്പോൾ നേതാക്കന്മാരെ എത്ര പേരെ നാടു കടത്തി.??
കേരളത്തിൽ 2019 പാർലമെന്റിലക്ഷനിൽ 20 ൽ 19 സീറ്റിലും എൽ ഡി എഫ് പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും രാജി വെക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടോ.?? ഇല്ല .
ഏതെങ്കിലും നേതാക്കൾക്ക് മേൽ ധാർമ്മിക ഉത്തരവാദിത്വം കെട്ടിവച്ച് ബാക്കിയുള്ളവർ കൈ കഴുകിയാൽ പാർട്ടി വളരില്ലെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കുക. ആത്മ വിമർശനപരമായി പരാജയകാരണങ്ങളെ ഗ്രൂപ്പു ചിന്ത വെടിഞ്ഞ് വിലയിരുത്തുക.
നമുക്ക് എവിടെയാണു പിഴച്ചത്?
⭐2019 ലെ ഗംഭീര വിജയം അമിതമായ ആത്മവിശ്വാസം പകർന്നു. വിജയകാരണങ്ങളിൽ നോട്ടു നിരോധനം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ വിയോജിപ്പും കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും പെരിയ കൊലപാതകങ്ങളും രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ആചാര സംരക്ഷണവും ഒക്കെ ഉണ്ടായിരുന്നു.
പക്ഷേ വിലയിരുത്തലിൽ ആചാര സംരക്ഷണമാണ് വിജയകാരണം എന്ന അഭിപ്രായത്തിനു മേൽക്കൈ കിട്ടി.
⭐പിന്നീട് തദ്ദേശ ഭരണ തിരഞ്ഞെടുപ്പു വരും വരെ നമ്മൾ അനങ്ങിയില്ല. ആ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പറ്റിയ പിശക് താഴെത്തട്ടിലുള്ള പ്രവർത്തകരിൽ ഭിന്നിപ്പിനും നിരാശയ്ക്കും കാരണമായി. ഈ ചുമതല വഹിച്ചവർ പൊതുസമ്മതി കണക്കിലെടുക്കാതെ ഇഷ്ടക്കാർക്ക് അവസരം നല്കിയതാണ് ഏറ്റവും വലിയ വിനയായത്. അതിലൂടെ എൽ.ഡി എഫ് നേടിയ മേൽക്കൈയിൽ നിന്നുമാണ് തുടർഭരണം എന്ന അജണ്ട വെളിപ്പെടുന്നത്.
⭐ഭരണത്തിന്റെ ആനുകൂല്യങ്ങൾ, പണക്കൊഴുപ്പ്, മാധ്യമങ്ങളെ അനുകൂലമാക്കൽ, പി.ആർ വർക്ക്, ജാതി സമുദായ പ്രീണനം സാധ്യമാക്കുന്ന നയങ്ങൾ അങ്ങനെ എല്ലാ ഘടകങ്ങളെയും ഏകോപിപ്പിച്ചാണ് അവർ മുന്നോട്ടു പോയത്. ഇതിലൂടെ ഉണ്ടാക്കിയെടുത്ത കൃത്രിമ ഇമേജും ഭരണത്തുടർച്ച എന്ന അവകാശ വാദവുമൊക്കെ ജനങ്ങളെ സ്വാധീനിച്ചു. അധികാരം നിലനിർത്താൻ ഏതു വഴിയുമാവാം എന്നതായിരുന്നു നിലപാട്. ഇവയെല്ലാം മറച്ചു പിടിച്ചത് കിറ്റുകൊണ്ടുമാണ്. കേന്ദ്രത്തിൽ മോദി സർക്കാർ പയറ്റിയ രീതിയുടെ കേരള മോഡൽ. ഈ രണ്ടാമൂഴവും അതുപോലെ ഒക്കെയാവും.!
കൂടാതെ ഓരോ മണ്ഢലത്തിനുമൊക്കുന്ന അടവുനയവും പ്രയോഗിച്ചു. .! പൂഞ്ഞാറ്റിൽ പി സി യോടു പിണങ്ങിയ എസ്ഡിപിഐ യെ കൂടെ നിർത്തിയതു പോലെ . ബിജെപി സഹായവും കിട്ടി എന്നതിന് ഇലക്ഷൻ റിസൾട്ട് തെളിവാണ്. ഈ അടിയൊഴുക്കുകൾ മുൻകൂട്ടിക്കണ്ട് പ്രതിരോധിക്കാൻ പാർട്ടി സംവിധാനത്തിനു കഴിഞ്ഞില്ല.
⭐എന്നിട്ടു പോലും മറുഭാഗത്ത് പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവന്ന സ്കൂപ്പുകളുടെ പെരുവെള്ളപ്പാച്ചിൽ തന്നെ ഉണ്ടായിരുന്നു. അവയെ അർഹിക്കുന്ന ഗൗരവത്തോടെ മാധ്യമങ്ങൾ പരിഗണിച്ചില്ല എന്നതുപോകട്ടെ അവ ഏറ്റെടുത്ത് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ പാർട്ടി പോലും ഇല്ലാതെ പോയി. അദ്ദേഹത്തിന്റെ പ്രയത്നമൊരു ഒറ്റയാൾ പോരാട്ടമായി പരിണമിച്ചു.!
⭐ബീ ജെ പി കൊണ്ടുവന്ന ആചാര സംരക്ഷണത്തിന്റെ തുമ്പു പിടിച്ചതാണ് മറ്റൊരു വീഴ്ച. നമ്മൾ ഇപ്പോൾ കോവിഡ് കാലത്താണ് ജീവിക്കുന്നത്. !എല്ലാ ആചാരങ്ങളും തല കുത്തി വീണ കാലം. !സാമ്പത്തികമാണ് ജനം നേരിടുന്ന പ്രധാന പ്രശ്നം. ഈ സാഹചര്യത്തിൽ ഊന്നൽ കൊടുക്കേണ്ടത് ന്യായ് പദ്ധതിക്കായിരുന്നു. അതിനു കഴിയാതെ പോയി. മികച്ച പ്രകടനപത്രിക ഉണ്ടാക്കിയെങ്കിലും അതിനെ ആധാരമാക്കി ക്യാമ്പെയിൻ താഴെത്തട്ടിൽ നടക്കാതെ പോയതും സംഘടനാ ദൗർബ്ബല്യം കൊണ്ടാണ്.
⭐സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പുപോരുകൾക്കിടയിൽ നീണ്ടു പോയതും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൂണ്ടിക്കാട്ടാത്തതുമാണ് മറ്റൊരു പ്രശ്നം. 2019 ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ലാതെ മത്സരിച്ചപ്പോഴും ദേശീയ തലത്തിൽ വൻ പരാജയമാണുണ്ടായത്..
⭐വോട്ടറന്മാരിൽ 50 ശതമാനത്തോളം പേർ 18 നും 40 നുമിടയിൽ പ്രായമുള്ളവരാണ്. ഏറെക്കുറെ മൃതപ്രായമായ കെ.എസ് യു കേരളത്തിലെ ക്യാമ്പസുകളിൽ ഇന്ന് അപൂർവ്വ കാഴ്ചയാണ്. ക്യാമ്പസുകളിലൂടെ കുട്ടികൾ എത്തുന്നത് ചെങ്കോട്ടയിലേയ്ക്കാണ്. അവിടെ അവർ നേടുന്ന ചുവപ്പു സംഘടനാ പാഠങ്ങളും സംഘബലവും നല്ലൊരു വിഭാഗം വോട്ടറന്മാരെ ഇടതുപക്ഷത്തിനു നേടിക്കൊടുക്കുന്നുണ്ട്. ഇക്കാര്യം ഗൗരത്തോടെ പരിഗണിച്ചില്ലായെങ്കിൽ കാൽക്കീഴിലെ മണ്ണ് പൂർണ്ണമായും ഒലിച്ചു പോകും ... സംശയം വേണ്ട.
⭐വിജയികളും ഗുണം പറ്റി കളും സ്വയം വളരുന്നതിനൊപ്പം പാർട്ടി വളർത്താൻ എന്തു ചെയ്യുന്നു എന്നതും കൃത്യമായി ഓഡിറ്റു ചെയ്യേണ്ടതുണ്ട്.
🖤ബി ജെ പി . അജണ്ടകൾ ..
മറ്റു പാർട്ടികൾ ഹ്രസ്വകാല പദ്ധതികൾ രൂപീകരിക്കുമ്പോൾ ദീർഘകാല പദ്ധതികളാണു ബി.ജെ.പി ക്കുള്ളത്. അണ്ണാ ഹസാരെ ആരായിരുന്നു എന്നത് വെളിപ്പെട്ടത് എത്ര കാലം കഴിഞ്ഞാണ് . കേരളത്തിലും അവർ ഒരു ദീർഘകാല പദ്ധതിയിടുന്നു എന്നാണ് കരുതേണ്ടത്. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർ കേരളത്തിലെ കോൺഗ്രസിനെ അല്പാല്പമായി വിഴുങ്ങാനാണ് പ്ലാൻ . എൽ ഡി എഫിനു തുടർ ഭരണം നല്കി കോൺഗ്രസിനെ ഒതുക്കുക എന്ന ലക്ഷ്യത്തിനായി തന്നെയാണ് അവർ ഇത്തവണ വോട്ടിട്ടത്. വോട്ടുകച്ചവടം എന്ന സംസ്ഥാന പദ്ധതിയായി ഇതിനെ കാണാൻ കഴിയില്ല. കേന്ദ്ര ഏജൻസികളുടെ എങ്ങുമെത്താത്ത അന്വേഷണമൊക്കെ ഇതോട് ചേർത്തു വച്ച് കാണേണ്ടതാണ്. എങ്കിലും ഇത്തവണ ഏതാനും സീറ്റുകൾ കൂടി അവർ ലക്ഷ്യമിട്ടിരുന്നു. അതിനു എൽ ഡി എഫിന്റെ സഹായവും ഉണ്ടായിരുന്നു. പാലക്കാടൊക്കെ നോക്കിയാലറിയാം . ആ ഒരു കാര്യം നടക്കാതെ പോയതിൽ ഏറെ സന്തോഷിക്കേണ്ടതില്ല. അവരുടെ ദീർഘകാല അജണ്ടയുമായി കോൺഗ്രസിനെ വിഴുങ്ങാൻ വായും പിളർന്ന് അവർ ഇവിടുണ്ടാവും.
🔥ഇത്രയും നിർണ്ണായകമായ ദശാസന്ധിയിൽ ഗ്രൂപ്പ് കേന്ദ്രിതവും വ്യക്തി കേന്ദ്രിതവുമായ താല്പര്യങ്ങൾ മാറ്റിവച്ചേ പറ്റൂ. അത്തരം അജണ്ടകൾ കോൺഗ്രസിനു നാശമേ ഉണ്ടാക്കിയിട്ടുള്ളൂ. ഒരുദാഹരണം പറയാം. ഇടുക്കിയിൽ പാർലമെന്റിലും അഞ്ചു നിയോജക മണ്ഡലങ്ങളിലും ജില്ലാ പഞ്ചായത്തിലുമെല്ലാം യു ഡി എഫ് വാണത് പി ടി.തോമസ് എന്ന അസാമാന്യ സംഘാടകൻ ഡി സി സി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് . പിന്നീട് എം പി ആയിരുന്ന അദ്ദേഹത്തെ അവസരം നോക്കിയിരുന്ന് ഇടുക്കിയിൽ നിന്നും കെട്ടുകെട്ടിക്കാനായി പി ടി വിരോധികളുടെ സംഘം ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന അശ്ലീലത്തിനൊപ്പം നിന്നതിന്റെ തിക്തഫലമാണ് ഇന്നത്തെ കോൺഗ്രസില്ലാത്ത ഇടുക്കി ജില്ല.. പി ടി തോമസിന്റെ പ്രതീകാത്മക ശവഘോഷയാത്ര കോൺഗ്രസിന്റേതു കൂടിയായി പരിണമിച്ചു എന്നു പറഞ്ഞാൽ അധികമാവില്ല. ! പി ടി യെ മാറ്റി നിർത്താനെടുത്ത തീരുമാനം ഫലത്തിൽ ചരിത്രപരമായ വിഡ്ഡിത്തമായി പരിണമിച്ചു..
🙏അതുകൊണ്ട് ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് വൈകാരികമായ പ്രതികരണങ്ങൾ അവസാനിപ്പിക്കുക.
ഈ ഭരണ തുടർച്ചയിൽ പ്രതിപക്ഷത്തിലും തുടർച്ച അനിവാര്യമാണ്. ! കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നിരയെ നയിക്കട്ടെ . അദ്ദേഹത്തെ ഒറ്റപ്പെടുത്താതെ സംഘടനാ സംവിധാനം വസ്തുതകൾ ജനങ്ങളിലേയ്ക്ക് എത്തിക്കട്ടെ .
പാർട്ടി ശരീരത്തിനു കൊടുക്കുന്ന കായകല്പ ചികിൽസയുടെ ഭാഗമായി വാർഡു തലം മുതൽ മെമ്പർഷിപ്പ് ക്യാംപെയിനും സംഘടനാ തിരഞ്ഞെടുപ്പും നടക്കട്ടെ . ശരിയായ ലീഡർഷിപ്പ് ക്വാളിറ്റി ഉള്ളവർ നേതൃത്വത്തിലെത്തട്ടെ . ! അങ്ങനെ ഗ്രൂപ്പു സമവാക്യങ്ങളിലൂടെ അല്ലാതെ മികച്ച സംഘാടകനായ ഒരു കെ പി സി സി പ്രസിഡന്റും ഉണ്ടാവാനിടയാവട്ടെ .....!
ശുഭപ്രതീക്ഷയോടെ
ഡോ.ബെറ്റി മോൾ മാത്യു .
വാൽക്കഷണം : ഞാൻ കോൺഗ്രസിലെ ഭാരവാഹിയോ ഏതെങ്കിലും ഗ്രൂപ്പിന്റെ വക്താവോ അല്ല. ഈ നിരീക്ഷണങ്ങളെല്ലാം വ്യക്തിപരമാണ്. അതുകൊണ്ട് ഗ്രൂപ്പ് വക്താക്കൾ ഹാലിളകരുത്. വികാരം മാറ്റി വച്ച് വിവേകത്തോടെ നിരീക്ഷണങ്ങളോടു യോജിക്കയോ വിയോജിക്കയോ ആവാം.
social
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.