കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സാധാരണജനങ്ങൾക്ക് നേരെയുണ്ടാകുന്ന പൊലീസിെൻറ ക്രൂരതകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയരുന്നു. കേരള പൊലീസിെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലും പൊലീസ് അധികാര ദുർവിനിയോഗത്തിെൻറ വാർത്തകളുടെ കീഴെയുമാണ് നിശിതവിമർശനവും പ്രതിഷേധവും നിറയുന്നത്. അടുത്തിടെയുണ്ടായ ചില വിഷയങ്ങളിൽ പൊലീസിെൻറ ഇടപെടൽ സംബന്ധിച്ചാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ആയിരക്കണക്കിന് ആളുകൾ രംഗത്തെത്തിയിട്ടുള്ളത്.
കൊല്ലം ചടയമംഗലത്തെ ബാങ്കിനുമുന്നിൽ സമൂഹ അകലം പാലിച്ച് വരിനിന്നവർക്ക് പിഴ ചുമത്തിയതിനെതിരെ രംഗത്തെത്തിയ ഗൗരിനന്ദയെന്ന വിദ്യാർഥിനിയോടുള്ള പൊലീസിെൻറ സമീപനം, കാസർകോട്ട് പശുവിന് പുല്ലരിയാൻ പോയ കർഷകന് 2000 രൂപ പിഴയിട്ടത്, കൊല്ലം പാരിപ്പള്ളിയിൽ റോഡരികിൽ മീൻവിറ്റ സ്ത്രീയുടെ മീൻ തട്ടോടുകൂടി എടുത്തെറിഞ്ഞ ക്രൂരത, ഇടുക്കി വണ്ടിപ്പെരിയാറിൽ യൂനിഫോം ധരിക്കാത്തതിെൻറ പേരിൽ പെറ്റിയടിച്ചത് അടക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ ജാമ്യമില്ലാ കേസിൽ കുടുക്കിയെന്ന പരാതി തുടങ്ങിയ സംഭവങ്ങളിലാണ് പൊലീസിനുനേരെ വിമർശന-പരിഹാസ ശരങ്ങളുയരുന്നത്.
ഇതിനിടെ, പൗരന്മാരെ 'എടാ' എന്നു വിളിക്കുന്ന പൊലീസുകാരെയും സർക്കാർ ഉദ്യോഗസ്ഥരെയും തിരിച്ചും അങ്ങെന വിളിക്കണമെന്നും ഇങ്ങോട്ട് തരുന്ന ബഹുമാനമേ അങ്ങോട്ടും കൊടുക്കേണ്ടതുള്ളൂവെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ എടാവിളി_എന്ന ഹാഷ്ടാഗ് കാമ്പയിനും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.