ന്യൂഡല്‍ഹി: സമൂഹമാധ്യമ ദുരുപയോഗത്തെ കുറിച്ച് പഠിക്കുന്ന പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഫേസ്ബുക് ഇന്ത്യ പ്രതിനിധികള്‍ ഹാജരായി. കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് മുമ്പാകെയാണ് ഫേസ്ബുകിന്റെ ഇന്ത്യയിലെ പോളിസി ഡയറക്ടര്‍ ശിവ്‌നാഥ് തുക്രല്‍, ജനറല്‍ കോണ്‍സല്‍ നമ്രത സിങ് എന്നിവര്‍ ഹാജരായത്.
നേരത്തെ, പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ കോവിഡ് കാലത്ത് നേരിട്ട് എത്താനാവില്ലെന്നും ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്താമെന്നും ഫേസ്ബുക് അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് വിര്‍ച്വല്‍ മീറ്റിങ്ങുകള്‍ നടത്തുന്നില്ലെന്നും നേരിട്ട് എത്തണമെന്നും സമിതി നിര്‍ദേശിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുന്നതിനും പൗരന്മാരുടെ സ്വകാര്യത ഉള്‍പ്പെടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ട് നയരൂപീകരണത്തിനായാണ് പാര്‍ലമെന്ററി സമിതിയെ നിയോഗിച്ചത്.
ഗൂഗ്ള്‍ പ്രതിനിധികളോട് ജൂലൈ ഏഴിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളോടും വരും ആഴ്ചകളില്‍ ഹാജരാകാന്‍ സമിതി നിര്‍ദേശിക്കുന്നുണ്ട്.
ഇന്ത്യയിലെ ഐ.ടി നിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ഐക്യരാഷ്ട്രസഭ സ്‌പെഷല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സമിതിയുടെ ഇടപെടല്‍. കഴിഞ്ഞയാഴ്ച ട്വിറ്റര്‍ പ്രതിനിധികളെ വിളിച്ചുവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.