കൊല്ലം: അനൂപ് ഓർത്തോകെയർ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. ശ്രദ്ധേയനായ ഒരു ഓർത്തോ സർജനായി പേരെടുത്ത താങ്കൾ അർഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ലെന്നാണ് സുനിൽ പി.കെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
കഴിഞ്ഞ 23ന് ആശുപത്രിയിൽ കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഡോ. അനൂപ് കൃഷ്ണനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. മൃതദേഹവുമായിട്ടായിരുന്നു ആശുപത്രിയുടെ മുന്നിൽ പ്രതിഷേധം. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവെയാണ് വ്യാഴാഴ്ച ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി കൊണ്ടായിരുന്നില്ലെന്ന് സുനിൽ പി.കെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഹൃദയത്തിന് തകരാർ ഉണ്ടായിരുന്ന ആ കുട്ടിയെ നിരവധി ആശുപത്രികൾ കയ്യൊഴിഞ്ഞപ്പോഴും അവരുടെ ദൈന്യത കണ്ടറിഞ്ഞ്, മുതിർന്ന് കഴിഞ്ഞാൽ ഇത്തരം സർജറി വേണ്ടത്ര ഫലവത്താകില്ല എന്നതും കണക്കിലെടുത്ത് അദ്ദേഹം എടുത്ത തീരുമാനത്തിന് പിന്തുണയാകാൻ അനസ്തെറ്റിസ്റ്റ് കൂടെയായ സഹധർമ്മിണിയും കൂടെയുണ്ടായിരുന്നു. പക്ഷേ ഓപ്പറേഷന് ശേഷം വെൻട്രിക്കുലാർ ഫിബ്രില്ലേഷൻ എന്ന ഹൃദയത്തിൻെറ മിടിപ്പിലുണ്ടാകുന്ന അനിയന്ത്രിതമായ താളം തെറ്റലും ഹൃദയസ്തംഭനവും നിമിത്തം ആ കുഞ്ഞിൻെറ ജീവൻ രക്ഷിക്കാനായില്ല. ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറുടെ രക്തത്തിന് വേണ്ടി ദാഹിച്ചവർ അത് നേടിയെന്നും സുനിൽ പി.കെ എഴുതുന്നു. ആ കുഞ്ഞു മോൾക്കും ആ മോളുടെ വൈകല്യം തീർക്കാനിറങ്ങിത്തിരിച്ച ഡോക്ടർക്കും ആദരാഞ്ജലികൾ -എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.