‘ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളൂ, അത് തൃശൂരാണ്’; കാരണം പറഞ്ഞ് രാമസിംഹൻ അബൂബക്കർ

തൃശൂര്‍ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ജില്ലയാണെന്ന് സംഘപരിവാര്‍ സഹയാത്രികനും സംവിധായകനുമായ രാമസിംഹന്‍ അബൂബക്കര്‍. താന്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ തൃശൂരിലെ ഒരു തിയേറ്ററില്‍ പോലും പ്രദർശിപ്പിച്ചില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ബി.ജെ.പി നേതാക്കളെ അഭിസംബോധന ചെയ്തുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

‘ചില നേതാക്കളറിയാന്‍, 1921 ലെ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂര്‍. ഒരു തിയേറ്ററില്‍ പോലും തൃശൂരില്‍ പുഴ ഒഴുകിയിട്ടില്ല’ രാമസിംഹന്‍ അബൂബക്കര്‍ ഫേസ്ബുക്കില്‍ എഴുതി. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പുഴ മുതല്‍ പുഴ വരെ’ 2023 മാര്‍ച്ച് മൂന്നിനായിരുന്നു റിലീസായത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്.

മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയാണ് സിനിമ പറയുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായെത്തിയത്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന വേഷം അഭിനയിച്ചിരുന്നു.


2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. രണ്ടരക്കോടിയോളം രൂപ ബജറ്റിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ സമൂഹമാധ്യമങ്ങളിലൂടെ പണം പിരിച്ചാണ് രാമസിംഹന്‍ ചിത്രത്തിനുള്ള പണം സമാഹരിച്ചത്. തീയറ്ററിൽ അമ്പേ പരാജയമായിരുന്നു പുഴ മുതൽ പുഴവരെ.

Tags:    
News Summary - 'There is only one place where the Hindus are not grateful, and that is Thrissur'; Ramasimhan Aboobakker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.