മാനന്തവാടി: വയനാട് ജില്ലയെ നടുക്കിയ പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെക്കുറിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥൻെറ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രതി കായക്കുന്ന് കുറുമ കോളനിയിലെ അർജുനെ (24) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് െചയ്തിരുന്നു. ഇതിനുപിന്നാലെയാണ് കേസിനെക്കുറിച്ചും പ്രതിയെക്കുറിച്ചും അന്വേഷണ സംഘത്തിലുണ്ടായിരുന്ന മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ എം.എം. അബ്ദുൽ കരീം വിവരിച്ചത്.
'ആവശ്യമായ സ്നേഹവും കരുതലും ലഭിക്കാതെ വളർന്ന നീ വേറിട്ട രീതികളിൽ ചിന്തിച്ച് തുടങ്ങി... നീ എപ്പോഴാണ് നിഗൂഢതകളുടെ രാജകുമാരനായത്? നിന്റെ വിഹ്വലതകളും കുറ്റമേറ്റു പറയുമ്പോഴുള്ള കണ്ണീരും അതിന് ശേഷമുള്ള ദീർഘനിശ്വാസവും ചില അടയാളങ്ങളാണെനിക്ക്. ജീവിതത്തിന്റെ സായംസന്ധ്യയിൽ വെച്ച് രണ്ട് വയോധികരെ നിലവിളിക്കാൻ പോലും കഴിയാതെ. ഞങ്ങളുടെ ചോദ്യങ്ങൾക്കുള്ള നിന്റെ ഉത്തരങ്ങളിൽ ഒരു ചേർത്ത് പിടിക്കലിന്റെ കുറവ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു... നിന്റെ സ്വപ്നങ്ങൾ അടക്കം ചെയ്ത പെട്ടി മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ....' -പ്രതിയെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിൽ വിവരിക്കുന്നത് ഇങ്ങനെയാണ്.
അഞ്ച് ലക്ഷത്തിലധികം മൊബൈൽ കോളുകൾ പരിശോധിച്ചു. 150ലധികം സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ചു. രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. നൂറ് കണക്കിന് കളവ് കേസ് പ്രതികളെ നിരീക്ഷിച്ച് ചോദ്യം ചെയ്തു. വിവിധ റാങ്കിലുള്ള അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ രാവും പകലും ഇല്ലാതെ അന്വേഷണം നടത്തി. വയനാട് ജില്ലയിൽ ഇത്രയും സൂക്ഷ്മമായും വിശദമായും അന്വേഷിച്ച് കണ്ട് പിടിച്ച ഇത്രയും സങ്കീർണ്ണമായ മറ്റൊരു കേസ് ഉണ്ടാവാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറയുന്നു.
"Pain and suffering are always inevitable for a large intelligence and a deep heart".. Rodion Raskolnikov.
വയനാട് ജില്ലയെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു..
ജില്ലാ പോലീസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം.
വൃദ്ധ ദമ്പതികളുടെ കൊലപാതകം നടന്ന് 96 ദിവസം കഴിഞ്ഞപ്പോഴാണ് അറസ്റ്റ്.. യാതൊരു വിധ സൂചനകളുമില്ലാതെ നടന്ന കൊലപാതകമായതിനാൽ പോലീസിന് ഏറെ വെല്ലൂവിളികൾ നിറഞ്ഞ കേസായിരുന്നു ഇത്.
അഞ്ച് ലക്ഷത്തിലധികം മൊബൈൽ കോളുകൾ പരിശോധിച്ചു. 150ലധികം സി സി ടി വി ക്യാമറകൾ നിരീക്ഷിച്ചു.രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. നൂറ് കണക്കിന് കളവ് കേസ് പ്രതികളെ നിരീക്ഷണം നടത്തിയും ചോദ്യം ചെയ്തും വിവിധ റാങ്കിലുള്ള അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ രാവും പകലും ഇല്ലാതെ അന്വേഷണം നടത്തി.. എന്നിട്ടും ഡിറ്റക്ഷൻ ആവാതിരുന്നത് പൊതുജനങ്ങളിൽ ആശങ്ക ഉണ്ടാക്കി.
അന്വേഷണ സംഘാംഗങ്ങളായ ഞങ്ങൾ ഒരാളും പക്ഷേ പ്രതീക്ഷ കൈ വിട്ടിരുന്നില്ല. കാരണം അത്രയ്ക്കും വിശദമായും ആത്മാർത്ഥമായും അന്വേഷണം നടന്നു വന്നിരുന്നു.
ഒരു പക്ഷേ വയനാട് ജില്ലയിൽ ഇത്രയും സൂക്ഷ്മമായും വിശദമായും അന്വേഷിച്ച് കണ്ട് പിടിച്ച ഇത്രയും സങ്കീർണ്ണമായ മറ്റൊരു കേസ് ഉണ്ടാവാൻ സാധ്യതയില്ല.. ബഹു.വയനാട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള മികച്ച ഒരു ടീം വർക്ക്..
അതിലൊരു പ്രധാന പങ്ക് വഹിക്കാൻ എനിക്കും കഴിഞ്ഞതിൽ വലിയ സന്തോഷം. ഞങ്ങളിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി..
കേവലം 23 വയസ്സുള്ള ,ജീവിത സാഹചര്യങ്ങൾ തികച്ചും വെല്ല് വിളികൾ നിറഞ്ഞ, ചെറുപ്പത്തിലേ അനാഥനായ അവന്റെ കുറ്റം ഏറ്റ് പറച്ചിലും ,കുറ്റം ചെയ്ത അവന്റെ രീതിയും മനസ്സിൽ നമ്മുടെ സമൂഹത്തെക്കുറിച്ച് ഒരു പാട് ചോദ്യങ്ങൾ ബാക്കിയാക്കുന്നു...
മോട്ടോർ സൈക്കിൾ വാങ്ങാനുള്ള അവൻ്റെ ആഗ്രഹം ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു.
കുറ്റകൃത്യങ്ങളുടെ രീതികളും രൂപങ്ങളും നിറഞ്ഞ സിദ്ധാന്തങ്ങൾ പോലീസ് ഉദ്യോഗസ്ഥന്റെ ചിന്തകളിൽ എന്നും നിറയാറുണ്ട്.. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്ന സാമൂഹിക സംവിധാനങ്ങളും ക്രിമിനോളജിയുടെ വിഷയമാണ്..
മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ എന്നും ബാക്കിയുണ്ടാവും.. മനുഷ്യ മനസ്സിനെ കീറി മുറിക്കാനുള്ള മനശ്ശാസ്ത്രജ്ഞനാവും ചിലപ്പോൾ ഒരു കുറ്റാന്വേഷകൻ..
അണച്ച് കളഞ്ഞ രണ്ട് ജീവനാളങ്ങൾക്ക് ഉത്തരം തേടി പുറപ്പെട്ട ഞങ്ങൾ ചെന്നെത്തുന്നത് ജീവിച്ച് തീർക്കാത്ത കുറേ കഥകളിലാണ്.. നടന്ന് പോയ വഴികളിൽ കാത്ത് നിന്നത് നിഗൂഢതകൾ നിറഞ്ഞ ഇൻ്റർനെറ്റുകളടക്കം ഇരുണ്ട ലോകത്ത് സഞ്ചരിക്കുന്ന ഒരു യുവാവിന്റെ നിശ്വാസങ്ങളുടെ കൂടി അടക്കമാണ്..
കൊല ചെയ്യപ്പെട്ടവരുടെ അവസാന ശബ്ദത്തിന് ചോരയുടെ നനവാണെന്ന് ഞങ്ങൾക്കറിയാം.. വിരൂപമായ ചില കരച്ചിലുകൾ ഇൻക്വസ്റ്റ് വേളകളിൽ കാതിൽ മുഴങ്ങാറുണ്ട്..
പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തിരിഞ്ഞ് നടക്കാത്ത പോലീസുദ്യോഗസ്ഥരുടെ കാലുകൾ പല കേസുകളിലും കാണാം.. മരിച്ചവർക്ക് വേണ്ടി സംസാരിക്കാൻ പോലീസ് മാത്രമുള്ള സാഹചര്യങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്..
ചില ഏറ്റ് പറച്ചിലുകളും അറസ്റ്റുകളും ചില അറിയിപ്പുകൾ കൂടെയാണ്.. നിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും കണ്ണീരിൻ്റെ തടവറകളിലെത്തിച്ചതിൽ സമൂഹത്തിന് പങ്കുണ്ടോ..?
ബാല്യകാലത്തോ യുവത്വത്തിന്റെ പ്രാരംഭ ഘട്ടത്തിലോ ആണ് കുറ്റവാസന ജൻമമെടുക്കന്നത് എന്ന് മന:ശാസ്ത്ര പഠനങ്ങളിൽ കാണാറുണ്ട്..
ആവശ്യമായ സ്നേഹവും കരുതലും ലഭിക്കാതെ വളർന്ന നീ വേറിട്ട രീതികളിൽ ചിന്തിച്ച് തുടങ്ങി...
നീ എപ്പോഴാണ് നിഗൂഢതകളുടെ രാജകുമാരനായത്??..
നിന്റെ വിഹ്വലതകളും കുറ്റമേറ്റു പറയുമ്പോഴുള്ള കണ്ണീരും അതിന് ശേഷമുള്ള ദീർഘനിശ്വാസവും ചില അടയാളങ്ങളാണെനിക്ക്..
ജീവിതത്തിന്റെ സായംസന്ധ്യയിൽ വെച്ച് രണ്ട് വയോധികരെ നിലവിളിക്കാൻ പോലും കഴിയാതെ.....
ആ ക്രൂരത....
ഞങ്ങളുടെ ചോദ്യങ്ങൾക്കുള്ള നിന്റെ ഉത്തരങ്ങളിൽ ഒരു ചേർത്ത് പിടിക്കലിന്റെ കുറവ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു...
നിന്റെ സ്വപ്നങ്ങൾ അടക്കം ചെയ്ത പെട്ടി മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ..
"നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണ്"…
അത് നീയാണെങ്കിലും ഞാനാണെങ്കിലും...
ജീവിതത്തിലെ നിറമുള്ള വസന്തത്തെ നിന്നിൽ കാലം അടയാളപ്പെടുത്തിയില്ലേ...
വഴുതിപ്പോയ മനസ്സിൽ തൊടാൻ ആരും ഉണ്ടായിരുന്നില്ലേ..
നീ നൽകുന്ന പാഠം എന്ത്?
നിയമത്തിലെ തെളിവുകൾ നിനക്കെതിരെ ഒട്ടേറെ..
കൊല്ലപ്പെട്ടവർക്കും കുടുംബത്തിനും നീതി ലഭിച്ചേ മതിയാവൂ.. അത് ഞങ്ങൾ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും..
എന്നിട്ടും...
നടപടികളുടെ ഭാഗമായി നിന്റെ ദേഹപരിശോധന നടത്തുമ്പോൾ പാൻറ്സിൽ ബെൽറ്റിന് പകരം കണ്ട ദൈന്യതയുടെ നിറമുള്ള ആ മഞ്ഞ നൂൽ എന്റെ കണ്ണിൽ നിന്നും മായുന്നില്ലല്ലോ.
▪️▪️▪️▪️▪️
അബ്ദുൾ കരീം.
ഇൻസ്പെക്ടർ ഓഫ് പോലീസ്.
മാനന്തവാടി.
17.9. 21
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.