ന്യൂഡൽഹി: വ്യാജ വാർത്തകളില്ലാത്ത ദീപാവലി ആശംസിച്ച സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ 2000 നോട്ടിലെ ചിപ്പിനെ കുറിച്ച് ഓർമിപ്പിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ബി.ജെ.പി അനുകൂല വ്യാജ വാർത്തകൾ നൽകുന്നവരെന്ന വിമർശനം സീ ന്യൂസിനെതിരെ നിരന്തരം ഉയരാറുണ്ട്. മുമ്പ്, 2000 രൂപയുടെ നോട്ടിൽ നാനോ ചിപ്പ് ഉണ്ടെന്ന വ്യാജ വാർത്ത സീ ന്യൂസിലൂടെ പുറത്തുവിട്ടത് എഡിറ്റർ ഇൻ ചീഫായ സുധീർ ചൗധരി ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷന്‍റെ പരിഹാസം.
'വ്യാജ വാർത്തകൾ ആവശ്യത്തിനനുസരിച്ച് എത്തിക്കുന്നതിലെ ചാമ്പ്യനാണ് വ്യാജവാർത്തകളില്ലാത്ത ദീപാവലി ആശംസിക്കുന്നത്. അദ്ദേഹത്തിന്‍റെ ചാനൽ തന്നെ അടച്ചുപൂട്ടേണ്ടി വരും' -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാർ വൃത്തങ്ങളുമായും അടുത്ത ബന്ധമുള്ളയാളാണ് സുധീർ ചൗധരി.
'ഈ ദീപാവലിക്ക് വ്യാജവാർത്തകളെ പൊട്ടിക്കാം' എന്നായിരുന്നു സുധീർ ചൗധരിയുടെ ആശംസ. അനിമേഷൻ വിഡിയോയും ട്വീറ്റ് ചെയ്തിരുന്നു.
നാല് വർഷം മുമ്പ് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടിൽ സുരക്ഷക്കായി ജി.പി.എസ് ചിപ്പുണ്ടെന്ന വ്യാജ വാർത്ത സീ ന്യൂസിലൂടെ സുധീർ ചൗധരി നൽകിയത്. നോട്ടിൽ ചിപ്പുണ്ടെന്ന വാദം ബി.ജെ.പി അനുകൂലികൾ വ്യാപകമായി പ്രരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇത് ശുദ്ധ അസംബന്ധമായിരുന്നെന്ന് പിന്നീട് വ്യക്തമായി.
ഈയടുത്ത് 'മുസ്ലിം ജിഹാദ്' ആരോപണമുന്നയിച്ചും സുധീർ ചൗധരി വിവാദത്തിലായിരുന്നു. മാര്‍ച്ച് 11 ന് സീ ന്യൂസ് സംപ്രേക്ഷണം ചെയ്ത 'ഡിഎന്‍എ' എന്ന പരിപാടിയിലൂടെയാണ് സുധീർ ചൗധരി മുസ്ലിങ്ങളെ അപകീർത്തിപ്പെടുത്തിയത്. എല്ലാ മേഖലയിലും മുസ്ലിങ്ങൾ സ്വാധീനം സൃഷ്ടിച്ച് ജിഹാദ് നടത്തുകയാണെന്നായിരുന്നു ചൗധരി വാദിച്ചത്.
സംഭവം വിവാദമായതോടെ എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അഡ്വ. പി. ഗവാസിന്‍റെ പരാതിയിൽ സുധീർ ചൗധരിക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.